Tuesday, November 14, 2006

വാര്‍ത്തകള്‍ വായിക്കുന്നത്............

നാളെ ലോക പ്രേമ ദിനം...........
കവലയില്‍ പപ്പുക്കുട്ടിയാശാന്റെ പത്രപാരായണം തുടങ്ങി.പല്ലില്ലാത്ത വായയില്‍ അക്ഷരങ്ങള്‍ ഉരുട്ടിയുരുട്ടി ആശാന്‍പിന്നെയും വായിച്ചു കൊണ്ടേയിരുന്നു. ഇങ്ങു കീറാമുട്ടി മുതല്‍ അങ്ങു കൊറിയയിലെ അണുപരീക്ഷണം വരെ ആശാന്‍ വായിച്ചുചവച്ചു തള്ളും. കൊള്ളാവുന്ന അക്ഷരങ്ങള്‍ കണ്ടാല്‍ ആശാന്‍മുറിയ്ക്കും മുറിഞില്ലേല്‍ ആശാന്‍ വിഴുങ്ങും. പക്ഷെ അക്ഷരവൈരികളായ് പാവങ്ങള്‍ പഴയ കുടിപ്പള്ളിക്കൂടം മാഷിനെകണ്ണുമടച്ചു വിശ്വസിക്കും. ആശാന്‍ എന്തു വായിച്ചാലും അതുബി.ബി.സി. പോലെ സത്യം എന്നു കരുതി ആശാന്റെ വായില്‍ നിന്നും ബാക്കി ചാടിയ അക്ഷരങ്ങളെ വെള്ളം തൊടാതെഅവരും വിഴുങ്ങും. ഇതു ഇവിടുത്തെ പതിവു കാഴ്ച. മഴയായാലുംകാറ്റായാലും, ആസ്മ കോപിച്ചാലും ആരു കോപിച്ചാലും മണി ഒന്‍പതെന്നടിച്ചാലുംഅടിച്ചില്ലെങ്കിലും കവലയില്‍ ആശാന്‍ റെഡി. പത്രവും, ചാര്‍മിനാറും, കട്ടങ്കാപ്പിയുംആശാനു മുന്നില്‍ റെഡി. പത്രത്തില്‍ ആശാനിഷ്ടമില്ലാത്തതെന്താണെന്ന് ആരെക്കിലുംആശാനോടു തിരക്കിയാല്‍ ആശാന്‍ ആദ്യം ചോദിച്ചവനെ ഒന്നു നോക്കും.തന്റെ കൈയ്ക്കു ഒതുങ്ങുന്നവനാണേല്‍ ആശാന്‍ പറയും “ അതോ ... അതറിയിപ്പ്”“ഓഫീസിനും പ്രസ്സിനും ഇന്നവധിയായതിനാല്‍ നാളെ പത്രമുണ്ടായിരിക്കുന്നതല്ല - പത്രാധിപര്‍ .”

പക്ഷെ ഈയിടെയായി അതിനും ചില പോംവഴി ഉണ്ടായിട്ടുണ്ട്. ആശാന്റെ ഇളയ മോള്‍ കാര്‍ത്ത്യാ‍യനീടെ മോന്‍ ഓമനക്കുട്ടന്‍ അല്‍പ്പസൊല്‍പ്പം ചാറ്റിങും ബ്ലോഗിങും ഒക്കെയായി കറങി നടപ്പുണ്ട്. ഇങ്ങനെ അവധി പ്രഖ്യാപനം വരുന്ന ദിവസം അപ്പൂപ്പനെ ചാക്കിടാനുംഅതു വഴി അത്യാവശ്യം ഇന്റര്‍നെറ്റ് കഫേയില്‍ കൊടുക്കാനും, മുടി നീട്ടാനും ഉള്ളാ ചില്ലറ ഒപ്പിക്കാനുമായിഅവന്‍ രാവിലെ പട്ടണത്തില്‍ പോയി വരുന്ന വഴി അന്നത്തെ പത്രത്തിന്റെ ഓണ്‍ലയിന്‍ എഡിഷന്‍അപ്പൂപ്പനു സമര്‍പ്പിക്കും. പിന്നെ അപ്പുപ്പന്‍ മടിശ്ശീലയുടെ കെട്ടഴിക്കുംവരെ തഞ്ചത്തില്‍ അവിടൊക്കെ ചുറ്റിപ്പറ്റിനില്‍ക്കും. അപ്പൂപ്പനും കുശാല്‍ കൊച്ചുമോനും കുശാല്‍ . ഓമനക്കുട്ടന്‍ പറയും അപ്പൂപ്പന്‍ കടലാസ് നിവര്‍ത്താതെകാശെടുത്താല്‍ കോളാ ഇല്ലെങ്കില്‍ പെപ്സി. നെറ്റില്‍ വരുന്ന പത്രത്തില്‍ ചില്ലില്ലെന്നാ അപ്പുപ്പന്റെ പരാതി!.ല്‍ ര്‍ ന്‍ ള്‍ ഒക്കേത്തിനും പകരം സ്ക്വയറല്ലെ കാണൂ അതു കാണുന്നതെ അപ്പുപ്പനലര്‍ജിയാ. അല്ലെങ്കിലെ പകുതിയുംഅപ്പുപ്പന്‍ വിഴുങും പിന്നെ ഇതിന്റെ സ്ഥിതി പറയണോ?.

കണ്ടില്ലെ, ഇന്നലെത്തെ അപ്പുപ്പന്റെ വാ‍യന കേട്ടു രാവിലെ സൈക്കിളുമെടുത്ത് പാഞ്ഞു പോയ പുഷ്പാംഗതന്‍ ചേട്ടന് പറ്റിയപറ്റ് .?

ഇന്നു ലോക പ്രേമ ദിനമെന്നു അപ്പുപ്പന്‍ വച്ചു കാച്ചിയില്യ്യോ ?.. കേട്ടതേ പുഷ്പാംഗതന്‍ ചേട്ടന്‍ സൈക്കിളുമായിപാഞ്ഞതു കണ്ടില്ലായിരുന്നോ? എവിടെപ്പോയതാന്നാ... പുഷ്പ്പാംഗതന്‍ ചേട്ടന്റെ ലവ് ലിക്ക് പ്രേമദിനമായിട്ടുഒരു കത്തെങ്കിലും കൊടുക്കണ്ടെന്നു കരുതി പോയതാ... അപ്പോഴല്ലേ അറിയുന്നെ ഇന്നു “പ്രേമ“ ദിനമല്ല, “പ്രമേഹ“ ദിനമാണെന്നു.
ദേണ്ടെ വരണൊണ്ട് വരണൊണ്ട് “പ്രേമാംഗതന്‍ .”.

.....ങൂം ..... ങൂം .... പഞ്ചാര കൂടിയാലും ഇങ്ങിനിരിക്കും..... കവലയില്‍ പൊട്ടിച്ചിരി. ആശാന്റെ ഓരൊ നോട്ടപ്പിശകേയ്...
എന്നാലും കരക്കാര്‍ക്കു ആശാനെ വല്ല്യ കാര്യമാണേ. .. ഞങ്ങടെ റേഡിയൊ ക്വാസ്കാണാശാന്‍ .... ചില്ലറ പൊട്ടലുംചീറ്റലുമൊക്കെ ഉണ്ടെങ്കിലും.....
- വീണ.

9 comments:

വീണ said...

കവലയില്‍ പപ്പുക്കുട്ടിയാശാന്റെ പത്രപാരായണം തുടങ്ങി.
-വീണ

കുറുമാന്‍ said...

ആശാന്റെ വായില്‍ നിന്നും ബാക്കി ചാടിയ അക്ഷരങ്ങളെ വെള്ളം തൊടാതെഅവരും വിഴുങ്ങും - ഹാ ഹാ....ആശാന്‍ കൊള്ളാം വീണേ....

തേങ്ങ ഒന്ന് എന്റെ വക

വേണു venu said...

എന്നാലും കരക്കാര്‍ക്കു ആശാനെ വല്ല്യ കാര്യമാണേ. .. ഞങ്ങടെ റേഡിയൊ ക്വാസ്കാണാശാന്‍ ..
എനിക്കും ഇഷ്ടപ്പെട്ടു.

asdfasdf asfdasdf said...

റേഡിയൊ ക്വാസ്കാണാശാന്‍ നന്നായിരിക്കുന്നു.
qw_er_ty

sandoz said...

ആശാന്‍ കലക്കി

കാളിയമ്പി said...

വീണാ വാദിനി വീണ്ടും വന്നോ?

സുഭദ്രത്തിനോട് പനിയാണന്നൊരു പനിയാണെന്നു പറഞ്ഞപ്പോ ഞാന്‍ വിചാരിച്ചു ഇന്നിനി വരില്ലെന്ന്.പനി കുറവുണ്ടോ?

ഒരു ചിന്ന ടെക്നിക്ക് പറഞ്ഞോട്ടേ..
ഇങ്ങനെ ദിവസവും ഒന്നു വച്ച് തപാലിടണമെന്നില്ലല്ലോ..

നല്ലപോലെയെഴുതി അക്ഷരത്തെറ്റൊക്കെ തിരുത്തി ആഴ്ച്ചയിലൊന്ന് എന്ന കണക്കിനല്ലേ നല്ലത്..ഉപദേശമൊന്നുമല്ല..

അപ്പൊ.കുറെ നാളു തപാലാം.ഉറവ വറ്റിപ്പോകുമൊന്നുമല്ല..അല്ലേല്‍ കുറേ നാളു കഴിഞ്ഞ് നാട്ടിലുള്ളവെരെയൊക്കെ മിമിക്രി ചെയ്തു കഴിയുമ്പോള്‍ പിന്നെ നടന്നു പോകുന്ന പൂച്ചയ്ക്കെത്ര കാലുണ്ട് എന്നൊക്കെ നോക്കി തപാലണ്ടി വരും..ചവറിന്റെ എണ്ണം കൂടും..

കമന്റുകളം മൈതാനമാക്കാന്‍ എല്ലാര്‍ക്കു ആവശ്യം പോലെ സമയം കിട്ടുകേം ചെയ്യും..

ഇതിപ്പൊ അമ്മ രാവിലേ ദോശ ചുട്ട് നേരേ പാത്രത്തിലോട്ടിട്ടു തരുമ്പോ ചമ്മന്തിയിത്തിരി ആസ്വദിച്ചു ശകലം സമയം കൂടുതലെടുത്തതുകൊണ്ട് അടുത്ത ദോശ തണുത്തു പോയതു പോലെയായിപ്പോയി..

ആശാനും കൊള്ളാം..ഞങ്ങളെ നാട്ടിലുമൊരു ആശാനുണ്ടാരുന്നു ഇങ്ങനെ..ഒറ്റയക്ഷരം വിടാതെ പത്രം വായിയ്ക്കുന്നതുകൊണ്ട് അങ്ങേര്‍ക്കൊരു പേരുണ്ടാരുന്നത്രേ

മലയാള രണ്ടാന ഒരു ശംഖ് മനോരമ..

ശംഖുചക്രാദികളൊന്നു വിടാതെയായിരുന്നത്രേ പൊട്ടലും ചീറ്റലുമൊക്കെയുള്ള ഞങ്ങളുടെ കയോസ്കിന്റെ വായന.

സൂര്യോദയം said...

ആശാനും പ്രേമദിനവും കലക്കി..

വീണ said...

അംബി ച്ചേട്ടാ ,
നന്ദി. പനി തന്നെയാ. പോസ്റ്റുകളുടെ കാര്യം ഇനി ശ്രദ്ധിക്കാം.
സംഗതി സ്റ്റൊക്കൊന്നുമില്ലതിരിക്കുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറേന്നപോലെ പറയുകയും ചെയ്യാമല്ലോ?
“ ഞാനിപ്പോള്‍ സെലെക്റ്റീവാ...”

കുറുമാ‍ന്‍ ചേട്ടന്‍, വേണു ചേട്ടന്‍, കുട്ടമ്മേനോന്‍ ചേട്ടന്‍, sandoz ,സൂര്യോദയം ചേട്ടന്‍....
എല്ലാവര്‍ക്കും നന്ദി.
-വീണ

Rasheed Chalil said...

ഈ ആശാന്‍ കൊള്ളാല്ലോ വീണേ...