Saturday, November 04, 2006

ദേവയാനിയും യയാതിയും പിന്നെ ശര്‍മ്മിഷ്ഠയും......

സമയം 9.00 മണി.
ന്യൂസ് അവര്‍ ന്റെ സിഗ്നേച്ചര്‍ റ്റ്യൂണ്‍ .
നമസ്കാരം ന്യൂസവറിലേക്ക് സ്വഗതം.
ഇന്ന്‍ ഒരു പ്രധാന വിഷയമണ് ന്യൂസവര്‍ ആദ്യം ചര്‍ച്ച ചെയ്യുന്നതു.
ഗാര്‍ഹിക പീഡന നിയമം കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുകയാണ്
അതേ സമയം ഇന്നു ഇതേ ദിവസം തന്നെ ഇന്ദ്ര പ്രസ്ഥത്തില്‍ നടന്ന ചില
സംഭവങ്ങള്‍ ഇതിന്റെ സാദ്ധ്യതകളെയും പ്രശ്നങ്ങളെയും ചോദ്യം ചെയ്യുന്നു.
ഇന്ന് ഇതേക്കുറിച്ചു പ്രതികരിക്കാന്‍ നമ്മോടൊപ്പം ശ്രീമതി ദേവയാനി ന്യൂസ്
സെന്ററിലും ശ്രീമതി ശര്‍മ്മിഷ്ഠ കൊച്ചി സ്റ്റുഡിയൊയിലും ഉണ്ട്. ഈ വാര്‍ത്ത
റിപ്പോര്‍ട്ടു ചെയ്ത ദിവ്യ ആശ്രമ പരിസരത്തു തന്നെയുണ്ട്, കൂടാതെ ശ്രീ
നാരദനെ ടെലഫോണ്‍ ലയിനിലും പ്രതീക്ഷിക്കുന്നു.

ആദ്യമായി ശ്രീമതി ശര്‍മ്മിഷ്ഠ, ഇന്നു പ്രാബല്യത്തില്‍ വന്ന കേന്ദ്ര നിയമത്തിന്റെ
വെളിച്ചത്തില്‍ പറയാമൊ എന്താണ് ഇന്നു അവിടെ ഉണ്ടായത്.
സ്ക്രീനില്‍ - കൊച്ചി സ്റ്റുഡിയോയില്‍ ശര്‍മ്മിഷ്ഠ നമ്മുടെ “മഹിളാമണി“
യെപ്പോലെ മുടി രണ്ടു വശത്തെക്കും തെറ്റി നീക്കി ക്യാമറയ്ക്കു പോസു
ചെയ്തിരിക്കുന്നു. ന്യൂസ് സെന്ററില്‍ മധു വേണുഗോപാലന്‍ അന്തം വിട്ടിരിക്കുന്നു!)
ശ്രീമതി ശര്‍മ്മിഷ്ഠാ..... കേള്‍ക്കാമോ?.

“കേട്ടു.... കേട്ടു... അതിപ്പം ഞാനെന്നാ പറയാനാ .. അതിന്റെ കാരണക്കാരി

തന്റെ അടുത്തല്ല്യോ ഇരിക്കുന്നെ അവരോടു തന്നെ ചോദിച്ചാട്ടെ“.
മധു വീണ്ടും അന്തം വിട്ടു.... ജാള്യത മാറ്റാനായി വീണ്ടും “ഹലോ ശ്രീമതി
ശര്‍മ്മിഷ്ഠാ‍.... കേള്‍ക്കുന്നുണ്ടൊ?.
ക്ഷമിക്കണം കൊച്ചി സ്റ്റുഡിയോയുമായുള്ള ലയിനില്‍ എന്തൊ തകരാറുണ്ട്.
അതിടെ നമുക്കു ഇന്ദ്ര പ്രസ്ഥത്തില്‍ നിന്നും പ്രസാദ് നരവംശത്തിന്റെ റിപ്പോര്‍ട്ടിലേക്കു

“ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഗാര്‍ഹിക പീഡന നിയമം
വളരെ ഫലവത്തായി നടപ്പാക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങളൊടും
അഭ്യര്‍ഥിച്ചു. എന്നാല്‍ ഈ നിയമത്തിന്റെ മറ്റു വശങള്‍ പാര്‍ലമെന്റ്റില്‍
ചര്‍ച്ചയ്ക്കു വയ്ക്കാതെയാണ് നടപ്പാക്കിയതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
ഉടന്‍ തന്നെ ഇക്കാര്യങള്‍ പി. ബി. യില്‍ ചര്‍ച്ച ചെയ്യുമെന്നു കേരളത്തിന്റെ
ചുമതലയുള്ള അംഗം ന്യുസവറിനോടു പറഞ്ഞു..........

പ്രസാദ് .....പി. ബി. അംഗം എന്താണ് നമ്മോടു പറഞതു വിശദീകരിക്കാമോ?
മധൂ,,, ഇതെക്കുറിച്ച് അദ്ദേഹം പറഞതു....(മധൂ.... അതു പ്രസ് റിലീസല്ലേ അളിയാ.
ചുമ്മ വച്ചു കാച്ചിയതല്ല്യോ നമ്മളോടു പറഞൂന്നു. താനതു വിട്....) മധൂ.....

നന്ദി പ്രസാദ്.

കേന്ദ്ര നിയമത്തിന്റെ വെളിച്ചത്തില്‍ പഴയൊരു കേസിന്റെ തീര്‍പ്പിനായി
ദേവയാനി അച്ചനെ സമീപിച്ച ശേഷം ആശ്രമത്തില്‍ നടന്ന സംഭവങ്ങളും മറ്റും
റിപ്പോര്‍ട്ടു ചെയ്യാനായി നമ്മുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ദിവ്യ ആശ്രമ
പരിസരത്തു തന്നെ ഉണ്ട്.... ദിവ്യാ എന്താണ് അവിടെ നിന്നുള്ള പുതിയ
വിശേഷങള്‍ ?...

മധൂ .. ഇപ്പോള്‍ രാത്രി വളരെയായിരിക്കുന്നു. മധുവിനു കാണാം എന്റെ പുറകില്‍
തടിച്ചു കൂടിയിരിക്കുന്ന പുരുഷാരത്തെ. അവരും ഇന്നത്തെ സംഭവങള്‍
അറിയാനായി തന്നെയാണു ഇവിടെ വന്നിട്ടുള്ളതു... അവരില്‍ ചിലരുടെ
പ്രതികരണം നമുക്കു അവരോടു തന്നെ ചോദി...........

ദിവ്യാ നമുക്കു സമയ പരിമിതിയുണ്ട് അതു നമുക്കു അടുത്ത ബുള്ളറ്റിനില്‍
ഉള്‍പ്പെടുത്താം ഇപ്പൊള്‍ എന്താണ് അവിടെ സംഭവിച്ചതെന്നു പറയൂ.

മധൂ... അതു ഇന്നു രാവിലെ ഈ നിയമത്തെ പ്പറ്റി അറിഞപ്പോള്‍ തന്നെ
ശുക്രാചാര്യരുടെ മകള്‍ താങ്കളൊടൊപ്പം സ്റ്റുഡിയോയിലുള്ള ദേവയാനി തന്റെ
അച്ചനെ ആശ്രമത്തില്‍ വന്നു കണ്ടു സംസാരിച്ചിരുന്നു. അതു കഴിഞ്ഞു അദ്ദേഹം
കോപാക്രാന്തനായി സാന്റ്രോയുമെടുത്ത് പുറത്തെയ്ക്കു പോയി.പിന്നെ
മരുമകനായ യയാതിയുമായി തിരികെ വന്നു. പക്ഷെ മധൂ നമുക്കു
അതിശയമുണ്ടാക്കിയ മറ്റൊരു വസ്തുത എന്തെന്നു വച്ചാല്‍ നമ്മള്‍ കണ്ടിട്ടുള്ള യയാതി
ആയിരുന്നില്ല കാറില്‍ നിന്നിറങിയതു... യയാതി വളരെ ക്ഷീണിതനായും വൃദ്ധനായി കാണപ്പെട്ടു
വേഷപ്രച്ഛ്ന്നനാണോ എന്നറിയില്ല കൂടാതെ ക്യാമറയില്‍ പെടാതെ മുഖവും മറച്ചിരുന്നു.

അവര്‍ രണ്ടു പേരും അകത്തെയ്ക്കു കയറിപോയി മാദ്ധ്യമക്കാരെ ആരെയും
അകത്തെയ്ക്കു വിടുന്നില്ല മധൂ......

നന്ദി ദിവ്യാ കൂടുതല്‍ വിവരങള്‍ക്കു ഞാന്‍ ബന്ധപ്പെടാം...
റിപ്പോര്‍ട്ട് കണ്ടിരിക്കുമല്ലോ ദേവയാനി അച്ചനെ കാണുന്നു. അച്ചന്‍
കുപിതനായി കാറില്‍ കയറി പോകുന്നു. എന്തൊക്കെയാണിതു ഒന്നും
ശരിയാകുന്നില്ല ദേവയാനി യഥാര്‍ഥത്തില്‍ എന്താണ് അവിടെ നടന്നതു.

ഇതു ഒരു വലിയ ചതിയുടെയും വഞ്ചനയുടെയും ഒക്കെ കഥയാണ്. ഇന്നൊന്നും
തുടങിയതല്ല ഞാന്‍ അതു വിശദമാക്കാം.. പണ്ട് പണ്ട്....ദേവന്മാ.............
ക്ഷമിക്കണം നമുക്കു സമയപരിധിയുണ്ട് ... എന്താണു സംഭവം എന്ന് വളരെ
ചുരുങിയ വാക്കുകളില്‍ പറയാമൊ?

ഓ.ക്കെ.
ഒരിക്കല്‍ ഞാനും ശര്‍മ്മിഷ്ഠയും തോഴിമാരോടൊത്ത് കാട്ടാറില്‍ ജലക്രീഡ
നടത്തുകയായിരുന്നു. അസുരന്മാരെ ആക്രമിക്കാനായി ദേവന്മാര്‍ പറഞ്ഞു വിട്ട
ദേവേന്ദ്രന്‍ അതു വഴി വന്നപ്പോള്‍ ഞങ്ങളെ കണ്ട് ഒരു കുസൃതി കാട്ടി.
വലിയൊരു കാറ്റായി വന്നു കരയിലിരുന്ന ഞങ്ങടെ ചുരിദാറും ലാച്ചയുമൊക്കെ
പറത്തിക്കളഞ്ഞ്, ഓടി കരയ്ക്കു വന്ന ഞങ്ങള്‍ കിട്ടിയ തുണികളുമെടുത്ത് ഓടി.
ഈ സമയം ശര്‍മ്മിഷ്ഠ മനപ്പൂര്‍വ്വം എന്റെ പുതിയ ലാച്ച എടുത്തണിഞ്ഞു
എനിക്കതു വാ‍ങിയ അന്നെ അവള്‍ക്കു അതിലൊരു..........

ക്ഷമിക്കണം ഞാന്‍ തിരികെ വരാം.......
ശരിയാണൊ ശര്‍മ്മിഷ്ഠാ ദേവയാനി പറയുന്നു നിങള്‍ക്കു അതില്‍ ഒരു
കണ്ണുണ്ടായിരുന്നു എന്നു. ഇതു എത്ര മാത്രം ശരിയാണ്.?

അതൊരിക്കലും ശരിയല്ല. പരിഭ്രമത്തിനിടെ പറ്റിപ്പോയതാണു. എനിക്കെന്തിനാ
അവളുടെ ലാച്ച?. ദേ... കാര്യമൊക്കെ ശരി ഞങള്‍ തമ്മില്‍ ചില
പ്രശ്നങ്ങളൊക്കെയുണ്ടെന്നതു നേരാ പക്ഷെ ഒരു മാതിരി എരിതീയില്‍
എണ്ണയൊഴി...........................
ഞാന്‍ തിരികെ എത്താം......... ദിവ്യ ലയിനിലുണ്ട്. ദിവ്യാ എന്തെങ്കിലും പുതിയ
സംഭവവികാസങള്‍ ഉണ്ടൊ?. ദിവ്യാ‍... കേള്‍ക്കാമോ?. ...

മധൂ .... ഇപ്പോള്‍ യയാതിയുടെ രണ്ടു ഭാര്യയിലുമുള്ള മക്കളെ ആശ്രമത്തിലേക്കു
വിളിപ്പിച്ചിട്ടുണ്ട് അവര്‍ ശുക്രാചാര്യരുടെ സാന്നിധ്ദ്യത്തില്‍ അകത്തു ചര്‍ച്ച
നടത്തുകയാണ്.....മധൂ‍.......

നന്ദി വിദ്യാ ഞാന്‍ വീണ്ടും ബന്ധപ്പെടാം.

ശര്‍മ്മിഷ്ഠ പറയുന്നതു അവര്‍ അറിയാതെ ചെയ്തു എന്നാണ് . ഇതെത്ര മാത്രം
ശരിയാണ് അല്ലെങ്കില്‍ ഇതില്‍ എന്തു മാത്രം വാസ്തവം ഉണ്ട്. എന്നാണ്
ദേവയാനി കരുതുന്നതു.

അവളറിഞോണ്ട് തന്നെ. ഞാന്‍ അവളെ വഴക്കു പറഞു അവള്‍ എന്നെ
അടുത്തുള്ള പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. ഭാഗ്യത്തിനു യയാതി അതുവഴി വന്ന്
എന്നെ കൈ പിടിച്ചു കരയ്ക്കു കയറ്റി. ഇല്ലായിരുന്നേല്‍ ഞാനവിടെ കിടന്നു
ചത്തേനെ. തിരികെ ആശ്രമത്തിലെത്തിയ ഞാന്‍ അച്ചനോടു പരാതി പറഞ്ഞു.
അച്ചന്‍ ശര്‍മ്മിഷ്ഠ യുടെ അച്ചന്‍ വൃഷപര്‍വ്വാവിനോടു ചൂടായി . ഒടുവില്‍
അച്ചനെ തണുപ്പിക്കാനായി എനിക്കു എന്തു വേണമെങ്കിലും തരാമെന്നു പറഞ്ഞു.
ഞാനാരാ മോള്‍ അവളെന്നെ തള്ളിയിട്ട പക എന്റ്റെ മനസ്സില്‍ നിന്നു മായുമൊ
ഞാന്‍ പറഞ്ഞു 1000 ദാസി മാരോടൊപ്പം ശര്‍മ്മിഷ്ഠ എന്നെ ശുശ്രൂഷിക്കണം.
അങനെ അതു ഒത്തു തീര്‍പ്പായി. പക്ഷെ സംഗതി അവിടെ കൊണ്ടു തീര്‍ന്നില്ല.....

ക്ഷമിക്കണം ഇതേക്കുറിച്ചു പ്രതികരിക്കാനായി ശ്രീ നാരദര്‍ ടെലഫോണ്‍ ലയിനിലുണ്ട്
ശ്രീ നാരദര്‍ ന്യൂസവറിലേക്ക് സ്വാഗതം...

കൃഷ്ണ കൃഷ്ണാ..... സ്വാഗതം.

ഇന്നത്തെ സംഭവങള്‍ ഒക്കെ അറിഞിരിക്കുമല്ലോ....

അതെന്തരു ചോത്ത്യമെടേയ്.... നിന്റെ ഈ കുന്ത്രാണ്ടമൊക്കെ വരും മുന്‍പു ഞാനല്ല്യ്യൊടേയ് ന്യൂസ് സെന്റ്റ് റും ബ്യൂറോ യും ഒക്കെ. എന്നിട്ടാ എന്നോടാണൊ ഈ ചോദ്യം?. പിന്നെ കാര്യങളൊക്കെ ഞാനറിഞൂ. ഞാന്‍ ഇപ്പോള്‍ അവിടെയ്ക്കു വന്നോണ്ടിരിക്കയാന്ണ് , കാ‍ര്യങളൊക്കെ ശരിയാകുമെന്നു കരുതാം...

നന്ദി ശ്രീ നാരദന്‍ ദയവായി ലയിനില്‍ തുടരുക ഞാന്‍ തിരികെ വരാം....

ശര്‍മ്മിഷ്ഠ യൊടു ഇതെപ്പറ്റി കൂടുതല്‍ ചോദിക്കും മുന്‍പു ന്യൂസവറില്‍ ഇനി ഒരു ബ്രേക്ക്.

ബ്രേക്കിനു ശേഷം.. .........ശര്‍മ്മിഷ്ഠ മനസ്സു തുറക്കുന്നു........

- വീണ.

6 comments:

വീണ said...

ദേവയാനിയും യയാതിയും പിന്നെ ശ്ര്‍മ്മിഷ്ഠയും......
സമയം 9.00 മണി.
ന്യൂസ് അവര്‍ ന്റെ സിഗ്നേച്ചര്‍ റ്റ്യൂണ്‍ .
-വീണ.

മുസാഫിര്‍ said...

പുരാണ കഥയുടെ പുതിയ വ്യഖ്യാനം,കൊള്ളാം.

Anonymous said...

അപ്പോ നാരദന്‍ തിരുവന്തോരംകാരനാണല്ലേ..

Kiranz..!! said...

ഒരു തീപ്പൊരി വിഷയം തന്നെ എടുത്തവതരിപ്പിച്ചതിനു അഭിനന്ദനം..എഴുത്തില്‍ നല്ലൊരു ഭാവിയുണ്ട്,തുടര്‍ന്നും എഴുതൂ‍..!

വീണ said...

നവന്‍,
നാരദന്‍ തിരോന്തരം കാരനല്ല. അങേര് മദ്രാസിലായിരുന്നു. ഒന്നോ രണ്ടോ വര്‍ഷം മുന്‍പു മരിച്ചു പോയി (റ്റി. കെ. ബാലചന്ദ്രന്‍) പിന്നെ ഉണ്ടായിരുന്നതു ഹരി അദ്ദേഹം ആലപ്പുഴക്കാരനാണെന്നു തോന്നുന്നു.

കിരണ്‍സ് - തീപ്പൊരി എന്നൊക്കെ പറഞു എന്നെ പൊക്കി എന്റെ ഗ്രൂപ്പുണ്ടാ‍ക്കാനാണൊ പ്ലാന്‍? അല്ലെങ്കിലെ ദേ അപ്പുറത്ത് എന്തൊക്കേയോ ചീഞ്ഞു നാറുന്നു. ഇനി ഇതും കൂടി വയ്യ.
പേരു നോക്കാതെ കുറ്റവും കുറവും പറയൂ. എങ്കിലേ എനിക്കു നന്നാക്കന്‍ (നന്നാവാന്‍ ആഗ്രഹമുണ്ടെങ്കില്‍) പറ്റൂ
-വീണ

സുല്‍ |Sul said...

ഇതു വായിച്ചിട്ടു വീണക്കു ഭാവിമാത്രമെ ഉള്ളൂ കിരണ്‍സ്. ഭാവി, ഭൂതം (പ്രേതം), വര്‍ത്തമാനം (പിശാച്) എല്ലാം ഇല്ലെ?

നന്നായിരിക്കുന്നു.

-സുല്‍