Wednesday, January 10, 2007

അക്കരെപ്പച്ച

കീറാമുട്ടിയ്ക്കും കാലന്‍പുഴയ്ക്കുമപ്പുറം ഇരുണ്ട കാടാണ്. അവിടെ വര്‍ഷാവര്‍ഷം കാടിന്റെ മക്കളുടെ കുലദൈവത്തിന്റെ പൂജയുണ്ട്. ആര്‍പ്പും വിളിയും പാട്ടും കൂത്തും നല്ല രസമാണ് കണ്ടിട്ടില്ലേ പണ്ടത്തെ ശശികുമാര്‍, ഐ.വി.ശശി സിനിമകളില്‍ ? അതു തന്നേ... ഇങ്ങു കീറാമുട്ടി വരെ കേള്‍ക്കാം ആര്‍പ്പുവിളികള്‍. കീറാമുട്ടിയിലെ പനവിള മനയിലെ താത്രിക്കുട്ടി തമ്പുരാട്ടിയ്ക്കൊരു മോഹം അക്കരെ കാവില്‍ പോയി വേലയും വിളക്കും തൊഴുതു വരണംന്ന്. അതിമോഹം അല്ലാതെന്താ..! കാരനവന്മാരുണ്ടോ വിടുന്നു.
“എന്താ കുട്ട്യേ കഥാ... മ്ലേച്ചന്മാരുടെ അടുത്ത് പുവ്വേ ... ശ് ..ശേ അങ്ങനേള്ള വിചാരൊന്നും വേണ്ടാ‍ട്ടോ..”

എങ്കിലും അക്കരെ കാവിലെ വേലേം പൂരോം താത്രിക്കുട്ടീടെ മനസ്സീന്നു പോയില്ല. ‘എന്നേലും ഒരിക്കല്‍ ഞാന്‍
പോവൂട്ടോ” താത്രിക്കുട്ടി തോഴിമാരോടു പറഞ്ഞു. “അന്നു നിന്റെ അവസാനം“ എന്നു അവരും മനസ്സീപ്പറഞ്ഞു കാണണം!.

കഴിഞ്ഞ കൊല്ലം തിരുവാതിര കഴിഞ്ഞയുടന്‍ കാവില്‍ ഉത്സവം തുടങ്ങി. അക്കരെ ചെണ്ടമേളത്തോടൊപ്പം താത്രിക്കുട്ടിയുടെ മനസ്സിലും മേളം മുറുകി. ഒരു നാള്‍ മനയില്‍ ആരോടും പറയാതെ താത്രിക്കുട്ടി കടവില്‍ ചെന്നു കുഞ്ഞിരാമനോടു പറഞ്ഞു
“നിക്ക് അക്കരെക്ക് പോണല്ലോ.. “
കുഞ്ഞിരാമന്‍ ഞെട്ടി. “അയ്യോ തമ്പുരാട്ടി അതിപ്പോ അടിയന്‍ .. എങ്ങനാ ത്.....”
ഒരു കണക്കിനു കുഞ്ഞിരാമനെ പറഞ്ഞൊതുക്കി താത്രിക്കുട്ടി കാലന്‍പുഴ കടന്നു. അക്കരെ കാവില്‍ നേര്‍ച്ചയ്ക്കായി ദേവന്റെ പ്രിയ മാതളം കരുതാനും താത്രിക്കുട്ടി മറന്നില്ല. അക്കരെനിന്നുള്ള തമ്പുരാട്ടിയെ ആറ്പ്പോടെ ആഘോഷത്തോടെ റെഡ് കാര്‍പ്പറ്റിനു പകരം ഗ്രീന്‍ കാര്‍പറ്റിട്ട് കാടിന്റെ മക്കള്‍ സ്വീകരിച്ചു.
അന്നു ആദ്യമായി ഇക്കരെ ഉണ്ണിക്കണ്ണനു വിളക്കു കൊളുത്താ‍ന്‍ തമ്പുരാട്ടി പോയില്ല. തമ്പുരാട്ടിയ്ക്കു പകരം തോഴിമാര്‍ വിളക്കു കത്തിച്ചു വരും വഴി കാരണവരുടെ കണ്ണില്‍പ്പെട്ടു.
“എവിടെ താത്രിക്കുട്ടി”
“അത്....അത്.....”
“അത്...?......“
“തമ്പുരാട്ടി ആക്കരെ കാവില്‍ വേല കാണാന്‍ പോയമ്പ്രാ.....”
ബ്രാഹ്മണ്യത്തിന്റെ ചോരക്കണ്ണുകള്‍ തിളങ്ങി. മനയിലെത്തിയ കരണോര്‍ ഉറഞ്ഞു തുള്ളി. അക്കരെ കാവില്‍ കാടിന്റെ മക്കള്‍ തുള്ളിയതിനെക്കാളും ഫ്രീക്വന്‍സി കൂട്ടി കാരണോര്‍ തുള്ളി.

പിന്നെ പടിയടച്ചു പിണ്ഡം വയ്ക്കലും പുറത്താക്കല്‍ എപ്പിസോഡുകളും വളരെപെട്ടെന്നു കഴിഞ്ഞു. ആഘോഷത്തോടെ കീറാമുട്ടിയിലെ വാര്‍ത്താ ചാനലുകള്‍ ലൈവായി ഇതൊക്കെ കാട്ടി. കാടിന്റെ മക്കളുടെ തേനും വയമ്പും തിന്നു തമ്പുരാട്ടി ഈ കഥകളൊക്കെ ലൈവ് ആയി തന്നെ കണ്ടു. (കാട്ടിലെവിടെ ടീ.വി..? കഥയില്‍ ചോദ്യമില്ലാ‍ന്നു പറഞ്ഞിട്ടില്ലെ ഏഭ്യാ..) പിന്നെ താ‍ത്രിക്കുട്ടി ശപഥമെടുത്തു. കൊടും ശപഥം. ഇനി മരിച്ചാലും ഞാന്‍ കീറാമുട്ടിയിലേയ്ക്കില്ല.. ഇതു സത്യം, സത്യം, സത്യം!!. ശകാടിന്റെ മക്കളുടെ ചക്കരയിലുംതേനിലും മുളയിലുണ്ടാക്കിയ പുട്ടിലും തമ്പുരാട്ടി മയങ്ങി വീണു. കരിമ്പാര ശയ്യയാക്കി തമ്പുരാട്ടി മയങ്ങി.. മയക്കത്തില്‍ ദുസ്വപ്നം കണ്ട്. അക്കരെ കീറാമുട്ടിയിലെ ആള്‍ക്കാര്‍ സാത്താന്മാരായി താത്രിക്കുട്ടിയ്ക്കു ചുറ്റും ശൂലവും കുന്തവുമായി നിരന്നു നിന്നു ആക്രൊശിച്ചു. തമ്പുരാട്ടിയെ പേടിപ്പിച്ചു. തമ്പുരാട്ടി അവരെ വെറുത്തു.

കുറെനാള്‍ കാടിന്റെ മക്കള്‍ തമ്പുരാട്ടിയെ പല്ലക്കിലും തലയിലും ഡോളിയിലുമൊക്കെ ചുമന്നു. ചുമന്നു തളര്‍ന്നപ്പോള്‍ അവര്‍ തമ്പുരാട്ടിയെ പാറപ്പുറത്തു നിറ്ത്തി. ചൂടുള്ള പാറമേല്‍ നിന്നു തമ്പുരാട്ടിയുരുകി. പിന്നെ പിന്നെ തേനുമില്ല വയമ്പുമില്ല .....റാന്‍ വിളികളുമില്ല. കാരണം നേര്യതും പട്ടുജാക്കറ്റുമൊക്കെ മാറ്റി മരവുരിചുറ്റിയ തമ്പുരാട്ടിയെ കാടിന്റെ മക്കള്‍ തമ്പുരാട്ടിയെന്നു വിളിച്ചില്ല. വിശന്നപ്പോള്‍ “വേണേല്‍ മാന്തിക്കഴിച്ചോ“ ന്നും പറഞ്ഞ് കാട്ടുകിഴങ്ങിന്റെ മൂടു കാട്ടിക്കൊടുത്തു, മാന്താന്‍ ശീലമില്ലാത്ത തമ്പുരാട്ടി അതും പഠിച്ചു. സഹിച്ചു. പിന്നെ പിന്നെ അവരിലൊരാ‍ളാകാന്‍ മനസ്സുകൊണ്ട് ശ്രമിച്ചു എങ്കിലും ബ്രഹ്മണ്യത്തിന്റെ ചുവന്ന ചോര താത്രിക്കുട്ടിയെ ഉള്ളിലേയ്ക്കു വലിച്ചുകൊണ്ടിരുന്നു.

എപ്പിസോഡുകള്‍ പലതുകഴിഞ്ഞു. താരങ്ങള്‍ പലരും വന്ന്പോയി. നമ്മുടെ ഇപ്പൊഴത്തെ മുഖ്യമന്ത്രിയ്ക്കു സ്ഥാനം ഒഴിയാനൊ പിടിച്ചു നില്‍ക്കാനോ വയ്യാത്ത അവസ്ഥ എന്നപോലെ താത്രിക്കുട്ടിയ്ക്കും അവിടെ നിക്കാനോ വീണ്ടും കാലന്‍പുഴ കടന്നു കീറാമുട്ടിയിലേയ്കു വരാനോ വയ്യാത്ത അവസ്ഥയില്‍ കുഴഞ്ഞു ആ കുഴച്ചിലില്‍ താത്രിക്കുട്ടി
ഒരു തീരുമാനമെടുത്തു. കാടിനപ്പുറത്തേയ്ക്കുള്ള ചുരം കടക്കുക. അങ്ങിനെ താത്രിക്കുട്ടി ആ ചുരം താണ്ടാന്‍ തീരുമാനിച്ചു.

ആ ചുരത്തിനുമപ്പുറം കീറാമുട്ടിയേക്കാള്‍ നന്മ നിറഞ്ഞ ആള്‍ക്കാരുടെ സൌഹ്രുദവും നല്ല ഒരു പ്രഭാതവും താത്രിക്കുട്ടിയെ കാത്തിരിക്കുന്നുണ്ടാവുമോ..... ആവോ?.

7 comments:

വീണ said...

....അക്കരെനിന്നുള്ള തമ്പുരാട്ടിയെ ആറ്പ്പോടെ ആഘോഷത്തോടെ റെഡ് കാര്‍പ്പറ്റിനു പകരം ഗ്രീന്‍ കാര്‍പറ്റിട്ട് കാടിന്റെ മക്കള്‍ സ്വീകരിച്ചു....

ഗായത്രി said...

വീണേ നന്നായിരിക്കുന്നു കുട്ടീ.

സു | Su said...

പാവം തമ്പുരാട്ടി. ഇതിനല്ലേ, നമ്മള്‍ ഇരിക്കേണ്ടിടത്ത് നമ്മള്‍ ഇരിക്കണം എന്ന് പറയുന്നത്?

വീണ :)

Anonymous said...

അനാവശ്യമായ ഉപമകള്‍ ആ കഥപറച്ചിലില്‍ ഒഴിവാക്കാമായിരുന്നു വീണേ .. ഉപമകളില്ലാതെ തന്നെ കഥയ്ക്ക്‌ ഒരൊഴുക്കുണ്ട്‌ അതാണ്‌ ഭംഗിയെന്നെനിക്ക്‌ തോന്നുന്നു.

താത്രിക്കുട്ടിക്ക്‌ നന്മ വരട്ടെ.. ആശംസകള്‍ നേരുന്നു.

Anonymous said...

വായിച്ചുതുടങ്ങിയപ്പൊ നല്ല ധൈര്യമുള്ള ഒരു സ്ത്രീകഥാപാത്രത്തെ കാണാംന്ന് കരുതീതാ,
വായിച്ചുതീര്‍ന്നപ്പൊ, എന്തോ ഒരു വ്യത്യസ്തത തോന്നി (മനസ്സിലാകാത്തോണ്ടായിരിക്കും)
സുവേച്ചിയുടെ കമന്റുംകൂടി വായിച്ചപ്പോള്‍ ആദ്യം പ്രതീക്ഷിച്ചതിന്റെ നേര്‍ വിപരീതം....
(സുവേച്ചി, തല്ലരുത്....)

നല്ല എഴുത്ത് :)

ജയകൃഷ്ണന്‍ said...

ഇതെന്താ കഥകളൊക്കെ സീരിയലു പൊലെ അവിടെയും എവിടെയും അല്ലാതെ നിറുത്തുന്നത്.

Dreamy man walking said...

hi veena nalla kathakal keep posting