കമ്പ്യൂട്ടറെന്നാല്‍ ആദികേശവനു ഭ്രാന്താണ്.. ഇരുപത്തിനാലു മണിക്കൂറും അതിനു മുന്നിലിരിക്കും ഒരു മടുപ്പുമില്ലാതെ, ഇതുകാരണം ആദിയുടെ നല്ല പാതി കോമളവല്ലി പലതവണ മൊഴിചൊല്ലാനൊരുങ്ങി യെന്നൊരു ശ്രുതി കീറാമുട്ടി പഞ്ചായത്തില്‍ പാണന്മാര് പാടി നടക്കുന്നുണ്ട്!. രാവിലെ ബെഡ് കോഫി ആദിയുടെ ആ പാതി ഭാര്യ കമ്പ്യൂട്ടര്‍ ടേബിളിലാത്രെ കൊണ്ടു കൊടുക്കുന്നതു. ഒഴിവുള്ള പകലുകളില്‍ പി.സിയേയും രാത്രി കിടക്കുമ്പോള്‍ ലാപ് ടോപ്പിനേം കെട്ടിപ്പിടിച്ചായാലാത്തെ സ്ഥിതിയെന്താ?. പാവം കോമളം...
ആയിടെയാണ് ഈ കമ്പ്യൂട്ടര്‍ മാനിയായ്ക്കൊരു മരുന്നുമായി കോമളത്തിന്റെ സഹപാഠി ചാരുലത കീറാമുട്ടി ജങ്ക്ഷനില്‍ വണ്ടിയിറങ്ങിയത് . കോമളവും ചാരുലതയും മരുന്നു ചാലിക്കാനായി തയ്യാറെടുക്കുമ്പോള്‍ നമുക്ക് ആദിയുടെ വിശേഷങ്ങളിലേയ്ക്ക് പോകാം...
കൊച്ചിയിലെ അത്ര മോശമല്ലാത്തൊരു വിദേശ കമ്പനിയില്‍ ആദി ജോലി ചെയ്യുന്നു. നല്ല ശമ്പളം, നല്ല ജോലി, ആദിയുടെ ഇഷ്ടം പോലെ തന്നെ കമ്പ്യൂട്ടറെന്ന ആദ്യഭാര്യയോടൊപ്പം 8 മണിക്കൂറും സല്ലപിക്കാം, ശമ്പളമൊന്നും വേണ്ടെന്റ്റെ പൊന്നേ ഒരു കമ്പ്യൂട്ടറിനെ സര്‍വ്വാഭരണവിഭൂഷിതയായി ബ്രോഡ്ബാന്റ് കണക്ഷന് സഹിതം ഏല്‍പ്പിച്ചാല്‍ മാത്ര മതി എന്നാണത്രേ ആദി ഇന്റര്‍വ്യൂന് ചെന്നപ്പോ പറഞ്ഞതത്രേ!. നാളുകള്‍ കഴിഞ്ഞു എട്ടു മണിക്കൂറ് പണിയെടുത്തിട്ടും ആദി തൃപ്തനായില്ല എട്ട് ഒന്‍പതായി പത്തായി പതിനൊന്നായി....... ആദിയും ആദ്യഭാര്യയും തമ്മില്‍ ഗാഡ്ഡബന്ധം
തുടര്‍ന്നുകൊണ്ടേയിരുന്നു.. ആദി യുടെ ഏറ്റവും അടുത്ത സുഹൃത്തില്‍ നിന്നാണ് ഞാനാ രഹസ്യം ചോര്‍ത്തിയതു ഈ പതിനൊന്നു മണിക്കൂറൊക്കെ എന്താ അവിടെ ആദിക്കു പണിയെന്നു തിരക്കിയപ്പോഴല്ലെ ഗുട്ടന്‍സ് പിടികിട്ടിയെ. ആദി യെ ചാറ്റ് പ്രേതം പിടികൂടിയത്രെ. ഏതു സമയവും ചാറ്റിലാ ആശാന്. മൂന്നും നാലും ചാറ്റ് ബോക്സ് തുറന്നു വച്ച് ഒരേ സമയം പല പ്രണയിനിമാര്ക്കായ് ചൂടുള്ള സന്ദേശങ്ങള്‍ കൈമാറലാത്രെ ആദിയ്ക്കു പണി.
ഒരു “ഹായ് “ യില്‍ തുടങ്ങി വളര്‍ന്ന് പടര്‍ന്ന് പ്ന്തലിച്ച് കുളിരേകി നില്ക്കുന്ന ഒരു പൂങ്കാവനം തന്നെയുണ്ട് ആദിയുടെ സ്റ്റോക്കില്‍ . കുഞ്ഞു കുഞ്ഞു സ്നേഹാന്വേഷണങ്ങള്‍ മുതല്‍ വീട്ടുകാര്യവും ഭര്‍ത്താവിന്റെ കഴിവും കഴിവുകേടുകളും വരെ പങ്കുവയ്ക്കുന്ന ‘സ്നേഹിത’ മാരുടെ മോഹവലയത്തിലാണ് നമ്മുടെ ആദി. ആദിയുടെ ചാറ്റ് കൂട്ടുകാരികള്‍ പല തട്ടുകളിലാണിപ്പോള് തുടക്കക്കാരായ കുഞ്ഞ് ചറ്റുകാര്ക്ക് ഒരു ഹായും ഒരു ഹൊവ്വാര് യുവും ഒക്കെ മതി വല്ലപ്പോഴും കുറച്ചൂടെ മൂത്തവര്‍ക്കായി ഹൃദയം തുറക്കാം വല്ലപ്പോഴും, പിന്നെ സൌഹൃദം പടരുന്നതിനനുസരിച്ച് അതു വോയ്സ് ചാറ്റായും, നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ വീഡിയോ ചാറ്റായും പരിണമിക്കുകയാണത്രെ.
അങ്ങനെ ചാറ്റിന്റെ പാരമ്യതയില്‍ കഴിയുന്ന ആദിയെ യാണ് നാം തുടക്കത്തില്‍ കണ്ടതു. ഇനി കഥ തുടരാം... ഇപ്പോള്‍ ആദിയ്ക്കൊരു കിളിയെ കിട്ടി. പക്ഷെ ആ കിളി പകല്‍ മാത്രമെ പറന്നു വരൂ, ആസ് യൂഷ്വല്‍ ഹായും ഹൊവ്വാര് യു വും ഒക്കെ കടന്ന് ആ ബന്ധം വളര്‍ന്ന് ദൃഡമായി.... ഊണിലും ഉറക്കത്തിലും ആദിയ്ക്കിപ്പോള് ആ കിളിയെക്കുറിച്ഛു മാത്രമെ ചിന്തയുള്ളു... വീട്ടിലെത്തിയാല്‍ ആദി ആകെ അസ്വസ്തനാണ് ഒന്നു നേരം വെളുത്തിരുന്നെങ്കില്‍..... ഓഫീസിലെത്താനുള്ള വെമ്പല്‍
കോമളവല്ലിയും ഈയിടെ നോട്ട് ചെയ്തു !!!. ഇപ്പോള്‍ കോമളത്തോടും അധിമ മിണ്ടാട്ടമില്ല, കുഞ്ഞു മോന് അതുലിനെ താലോലിക്കാറില്ല ആദിയില്‍ ഭയങ്കര മാറ്റം കണ്ടു തുടങ്ങിയതായി കോമളവല്ലി ചാരുലതയോട് പറഞ്ഞു. മരുന്ന് മാറി ഫലിക്കുകയാണൊന്ന് കോമളത്തിനു സംശയം .. ചാരുലത പറഞ്ഞു ആയുര്‍വ്വേദം അങ്ങിനെയാടീ ആദ്യം ഒന്നിളക്കും പിന്നെ ഉറപ്പിക്കും ഞാന്‍ പറഞ്ഞ ഡോസ് നീ കൊടുത്തോണ്ടിരിക്ക് ഫലം താമസിയാതെ നമുക്കു കാണാം..
കോമളവല്ലി ചാരുവിന്റെ നിര്‍ദ്ദേശപ്രകാരം മരുന്നിന്റെ ഡോസ് കൂട്ടിക്കൊണ്ടേയിരുന്നു...
ഒഫീസില്‍ പുതിയ കിളി ആദിയുടെ മനസ്സു കൊത്തിപ്പറിച്ച് ചിക്കി അലക്കി ഒരു പരുവമാക്കി. ആ കിളിയുടെ രൂപം പല ഡൈമെന്‍ഷനുകളില്‍ ആദി മനസ്സില്‍ കോറിയിട്ടു. പക്ഷെ ഇപ്പോഴും ടെക്സ്റ്റ് ചാറ്റില്‍ നിന്നും വോയിസ് ചാറ്റിലേയ്ക്കൊ വീഡിയോ ചാറ്റിലേയ്ക്കോ കിളി പറന്നെത്തിയില്ല. കിളിയെക്കാണാനുള്ള പൂതി പലതവണ ആദി കിളിയെ അറിയിച്ചു. “വരട്ടേടാ കുട്ടാ നീ ധൃതിവയ്ക്കാതെ” എന്ന കമന്റില്‍ ആദിയുടെ മനമുരുകി.. നാളുകള്‍ കഴിഞ്ഞു ഒരു ദിവസം കിളി ടെക്സ്റ്റി “അടുത്ത ശനിയാഴ്ക കൃത്യം മൂന്നു മണിക്ക് നമുക്ക് തമ്മില്‍ കാണാം ഡാ...” ആദി ആ ദിവസത്തിനായി നൊയമ്പു നോറ്റു.... ദിവസങ്ങള്‍... മണിക്കൂറുകളായി കൊഴിഞ്ഞു.
ശനിയാഴ്ക്ക ആദി പതിവിലും ഉന്മേഷവാനായി കാണപ്പെട്ടു. ഓഫീസിലേയ്ക്ക് ധൃതിയില്‍ പുറപ്പെട്ടു.....
ഓഫീസിലെ ക്ലോക്കു പോലും പതിയെ നടക്കുന്നതായി ആദിയ്ക്കു തോന്നി.... മണിക്കൂറുകള്‍ മിനിറ്റുകളായി മാറി....പിന്നെ സെക്കന്റുകള്‍...
ആദി അക്ഷമനായി ലോഗിന്‍ ചെയ്തു.......ആദികേശവന് അറ്റ് യാഹൂ..........
നിമിഷങ്ങള്‍ക്കകം കിളി മരക്കൊമ്പില്‍ പറന്നെത്തിയതായി കുട്ടി സന്ദേശം വന്നു......
ആദിയുടെ നെഞ്ചിടിപ്പു അടുത്ത ടേബിളില്‍ വരെയെത്തി.....
ആദി കാം ഓണ്‍ ചെയ്തു..... മറുപുറത്ത് കിളിയോടും കാം ഓണ്‍ ചെയ്യാന്‍ പറഞ്ഞു....
അതാ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ മരക്കൊമ്പും കിളിയും തെളിഞ്ഞു........ഒപ്പം ഒരാര്‍ത്തനാദം ആദിയുടെ കൂട്ടുകാരും കേട്ടു.
മറുപക്ഷത്ത് മരക്കൊമ്പിലിരുന്നു രണ്ടു കിളികള്‍ തലയറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു തങ്ങളുടെ മരുന്നിന്റെ ഫലമോര്‍ത്ത് !!!.