Monday, December 11, 2006

തങ്കപ്പന്‍ ചേട്ടന്റെ പദ്മിനി

തങ്കപ്പന്‍ ചേട്ടന്‍ നമ്മളെപ്പോലൊരു ഇരുകാലി.ആ രണ്ട് കാലും കൊണ്ട് പത്തിരുപത്തിയാറ് കൊല്ലമായി തങ്കപ്പന്‍ ചേട്ടന്‍ നടക്കുന്നു.ഈ കീറാമുട്ടിയില്‍ എല്ലാര്‍ക്കും തങ്കപ്പന്‍ ചേട്ടനെന്നാല്‍ ജീവനാണ്, കീറാമുട്ടിയുടെ ജീവ നാഡിയാണ്.കീറാമുട്ടിക്കാരുടെ എന്താവശ്യമുണ്ടെങ്കിലും തങ്കപ്പന്‍ ചേട്ടനോടു പറഞ്ഞാല്‍ മതി ഉയിരുണ്ടെങ്കില്‍ അതുതങ്കപ്പന്‍ ചേട്ടന്‍ നിവൃത്തിച്ചുകൊടുക്കും. പൊന്നില്‍ തീര്‍ത്ത വിശ്വാസത്തോടെ എന്തും തങ്കപ്പനെ ഏല്‍പ്പിക്കംഎന്നാണ് കീറാമുട്ടിക്കാരുടെ പ്രമാണം.“തങ്കപ്പാ റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കണമല്ലോ ഡാ എന്താ ചെയ്യേണ്ടേ?.““അതിനെന്താ അണ്ണാ നാളെ നമുക്കു പോയി ശരിയാക്കാമല്ലോ!” അപേക്ഷ എഴുതുന്നതു മുതല്‍റേഷന്‍ കാര്‍ഡ് ശരിയാക്കി കിട്ടുന്നതു വരെയുള്ള എല്ലാ ബാദ്ധ്യതയും തങ്കപ്പന്‍ ചേട്ടന്‍ ഏറ്റെടുക്കുംവിജയകരമാക്കുകയും ചെയ്യും..“തങ്കപ്പാ‍ .....അമ്മച്ചീടെ പെന്‍ഷന്‍ പേപ്പര്‍ ..........”“തങ്കപ്പാ .....അമ്മാവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്...........”“തങ്കപ്പാ.... അനിയന്റെ കോളേജഡ്മിഷന്‍..........” “ തങ്കപ്പാ ദാ മോന് പേര്‍ഷ്യയിലെക്ക് അയക്കാനുള്ള കത്താ ഒന്ന് അഡ്രസ്സ് എഴുതിത്തര്വൊ?......” തുടങ്ങി കീറാമുട്ടിക്കാരുടെ ആവശ്യങ്ങളുടെ പട്ടിക ദിവസവും തങ്കപ്പന്‍ ചേട്ടനെ തേടിയെത്തും. സന്തോഷത്തോടെ തങ്കപ്പന്‍ ചേട്ടന്‍ അതൊക്കെ ഏറ്റെടുത്തു വരികയായിരുന്നു.
പൊടുന്നനെ ഒരു ദിവസം തങ്കപ്പന്‍ ചേട്ടന് പപ്പനാവന്റെ പത്ത് ചക്രം വാങ്ങാനുള്ള യോഗം വന്നു. തൊട്ടടുത്തുള്ള പഞ്ചായത്താഫീസിലായിരുന്നു
ഗുമസ്തനായി നിയമനം കിട്ടിയതു. ഇത്രയും കാലം ഇരുകാലില്‍ നടന്ന തങ്കപ്പന്‍ ചേട്ടനു അവിടെ വരെ എത്താന്‍ ഇരു കാലുകള്‍ പോരാതെ വന്നു.അങ്ങിനെ ഒരു സൈക്കിള്‍ വാങ്ങാന്‍ തങ്കപ്പന്‍ ചേട്ടന്‍ തീരുമാനിച്ചു. തീരുമാനിച്ചെന്നു മാത്രമല്ല വാങ്ങി അതില്‍ തന്നെ ജോലിക്കു പോകുകയും ചെയ്തു. അപ്പോഴും ഉള്ള സമയം ചേട്ടന്‍ കീറാമുട്ടിക്കാരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും മറന്നില്ല.
ഏതു ജീവിക്കും പരിണാമം ഉണ്ടാ‍കുന്ന പോലെ കാലം ചെന്നപ്പോള്‍ തങ്കപ്പന്‍ ചേട്ടനിലും പരിണാമം ഉണ്ടായി.. അങ്ങനെ സൈക്കിളില്‍ നിന്നും ചേട്ടന്‍ യാത്ര ബൈക്കിലേയ്ക്കു മാറ്റി. തങ്കപ്പന്‍ ചേട്ടന്റെ ഇരു ചക്രത്തോടൊപ്പം കാല ചക്രവും നിര്‍ദ്ദയം ഉരുണ്ടു കൊണ്ടേയിരുന്നു.
ഈ തിരക്കുകള്‍ക്കിടയിലെപ്പോഴൊ തങ്കപ്പന്‍ ചേട്ടന്‍ ഫയലുകള്‍ക്കൊപ്പം തന്റെ ഹൃദയവും അടുത്തിരുന്ന ഗുമസ്തി ഗ്രേസിക്കു കൊടുത്തു. ഗ്രേസി അതിലൊരു സൈനിട്ട് ആ ഫയലങ്ങെടുത്തു. അങ്ങനെ ഒരു നാള്‍ ആ മിക്സീകരിക്കപ്പെട്ട വിവാഹം നടന്നു. മൂന്നു പിള്ളാരും പിറന്നു. ആദ്യത്തെത് ഹിന്ദു. രണ്ടാമത്തെത് ക്രിസ്ത്യാനി, മൂന്നാമത്തേത് വീണ്ടും ഹിന്ദു. ഒരു ഇക്വിലിബ്രിയത്തിനായി ഗ്രേസിയേടത്തി പറഞ്ഞെങ്കിലും തങ്കപ്പന്‍ ചേട്ടന്‍ സന്മനസ്സു കാണിച്ചില്ല. കാലം പിന്നെയും ഉരുണ്ടുരുണ്ടു മാറി. ഇരുകാലിക്കു താങ്ങാവുന്നതിലും അധികം ഭാരം അതു വഹിച്ചുകൊണ്ടേയിരുന്നു. അവര്‍ക്കു പരാതിപ്പെടാന്‍ ഒരു റ്റൂ വീലര്‍ റൈറ്റ്സ് അസോസിയേഷന്‍ ഇല്ലാത്തതിനാല്‍ ഇരുകാലി പരാതിപ്പെട്ടില്ല, കൊടി പിടിച്ചതുമില്ല. പക്ഷെ ഇടയ്ക്കിടയ്ക്ക് പണി മുടക്കാറുണ്ട്. ഈ കൂടെക്കൂടെയും അനവസരത്തിലുമുള്ള പണി മുടക്കുകളും, ആപ്പീസിലെ മറ്റു സഹ ഗുമസ്ഥന്മാരുടെ ഏഷണിയും തങ്കപ്പന്‍ ചേട്ടനെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു ഇരു ചക്രം മാറ്റി നാല്‍ ചക്രം വാങ്ങാന്‍ . പിന്നെ തങ്കപ്പന്‍ ചേട്ടന്റെ രാത്രികള്‍ ഉറക്കമില്ലാത്ത രാത്രികളായി. തങ്കപ്പന്‍ ചേട്ടന്റെ സ്വപ്നങ്ങളില്‍ നാലുകാലുള്ളോരു നങേലിപ്പെണ്ണ് നിറഞ്ഞു നിന്നു. അങ്ങനെ നീണ്ട ഉറക്കമില്ലാത്ത രാത്രികള്‍ക്കൊടുവില്‍ തങ്കപ്പന്‍ ചേട്ടന്‍ നാട്ടിലെ ഒരു വിധം തെറ്റില്ലാത്ത വണ്ടി ബ്രോക്കര്‍ മമ്മദിക്കായോടു ഒരു പുതിയ നാല്‍ക്കാലിയുടെ കാര്യം പറഞ്ഞു. മമ്മദിക്കാ പറഞ്ഞു “എന്തിനാ കുട്ട്യേ പ്പൊ ദൊക്കെ?. പത്തോ പതിനഞ്ചൊ കൊടുത്താ‍ല്‍ പദ്മിനിയെ കിട്ടില്ലേ..!?.““പദ്മിനിയോ...? “. നാട്ടില്‍ 916 സര്‍ട്ടിഫിക്കറ്റുള്ള തങ്കപ്പന്‍ ചേട്ടന്‍ ഞെട്ടി.“ശേ... അതല്ല പുള്ളേയ്.. പ്രിമീയര്‍ പദ്മിനിയേ...”. അങ്ങനെ മമ്മദിക്കയുടെ വാചകമടിയില്‍ പാവം തങ്കപ്പന്‍ ചേട്ടന്‍ മയങ്ങി വീണു. ആദ്യമൊക്കെ പദ്മിനി ചുറു ചുറുക്കോടെ പുരപ്പുറം തൂത്തു. പിന്നെ പിന്നെ അവള്‍ മടിച്ചിയായി. വളയം പിടിക്കുന്ന തങ്കപ്പന്‍ ചേട്ടനെയും പിന്നില്‍ നിന്നു
പദ്മിനിയെ തള്ളുന്ന ഗ്രേസിയേടത്തിയേയും പിള്ളാരെയും കണ്ടാണ് ഇപ്പോള്‍ കീറാമുട്ടിയിലെ ജനം ഉണരുന്നതു. നാണക്കേടിനും ഒരതിരില്ലേ... ഇനിയേതായാലും മമ്മദിക്കയോടു കൂട്ടില്ല എന്നു തങ്കപ്പന്‍ ചേട്ടന്‍ കരുതി. ഇവളെ തട്ടാം അതിനായി പേപ്പറില്‍ ഫോണ്‍ നമ്പര്‍
സഹിതം ഒരു പരസ്യം കൊടുത്തു. മിനിയാന്നു മുതല്‍ തങ്കപ്പന്‍ ചേട്ടന്റെ വീട്ടിലെ ഫോണ്‍ നിര്‍ത്താതെ മണി മുഴക്കി.എന്റമ്മേ ഈ മെഗാ പാഴ് പദ്മിനിക്കും ഇത്രയും ഡിമാന്റൊ? ഞാന്‍ ഇന്നലെ ഗ്രേസിയേടത്തിയെ കണ്ടപ്പോള്‍ തിരക്കി എന്താ ഗ്രേസിയേടത്തിയേ
പദ്മിനിക്കു നല്ല ഡിമാന്റാണല്ലോ എത്രയാ ഫോണ്‍ കോള്‍ .!“ അതു വീണ മോളേ വിളി പദ്മിനിക്കല്ല.....!”“പിന്നെയൊ..?”“വിളിച്ചവരൊക്കെ പുതിയ കാര്‍ കമ്പനിയിലെ സെയിത്സ് റപ്പായിമാരാ...?. നിങ്ങളുടെ കാറു കൊടുക്കുന്നതായി പരസ്യം കണ്ടല്ലോ അപ്പോള്‍ നിങ്ങള്‍ പുതിയ
കാറു വാങ്ങില്ലെ.. ഞങ്ങടെ കാറു വാങ്ങൂ ഇയര്‍ എന്‍ഡ് ആയതിനാല്‍ ധാരാളം ഓഫറുണ്ട്...........അതൊണ്ട്....ഇതൊണ്ട്..............!. കുടുങ്ങീല്ലെ മോളെ!!”

വാല്‍ക്കഷ്ണം: കമ്പ്യൂട്ടറിനടുത്ത് പോയി നോക്കിയപ്പോള്‍ മൌസ് പാഡില്‍ നിറയെ എണ്ണ. അപ്പൂസിന്റെ ചെവിയ്ക്കു പിടിച്ചു കൊണ്ടുവന്നു കാണിച്ചപ്പോള്‍ അവന്‍ പറയുകയാണ് എന്റെ ചെവിയെന്തിനാ പൊന്നാക്കുന്നെ ടീ. വീ ക്കാരോടു പോയ് ചോയ്ക്ക്ന്ന്. അതെന്താടാന്ന് ചോദിച്ചപ്പോ പറയുകയാ ഇന്നലെം കൂടെ ഞാന്‍ കണ്ടല്ല്ലോ പരസ്യം. ‘എണ്ണ പുരട്ടി പാഡ് തുടയ്ക്കാന്‍ ‘ നമ്മുടെ പാഡില്‍ അതൊന്നു പരീക്ഷിച്ചതാന്ന്. എന്താ ചെയ്യാ ഈ ചെക്കനെ കാരണം.

14 comments:

വീണ said...

പനിയായതു കാരണം ഇന്നലെ ഉച്ചയ്ക്കു ശേഷം കോളേജില്‍ പോയില്ല. ഇന്നും അപ്പോള്‍ തോന്നി തങ്കപ്പന്‍ ചേട്ടന്റെ കഥ പോസ്റ്റു ചെയ്യാമെന്നു..വായിച്ചോളൂ.
- വീണ

Mubarak Merchant said...

നന്നായിരിക്കുന്നു വീണാ.
നാട്ടില്‍ നടക്കുന്ന ഒരു കാര്യം സരസമായി അവതരിപ്പിച്ചിരിക്കുന്നു. ഭാവുകങ്ങള്‍. തേങ്ങ

ദേവന്‍ said...

പദ്‌മിനി നല്ല കുട്ടിയാ. പിന്നെന്താ ചെലപ്പോ ഓള്‍ ഒന്നാലോചിച്ചേ കാര്യങ്ങള്‍ ചെയ്യൂ. ആക്സിലറേറ്ററില്‍ ചവിട്ടിയാല്‍ അവള്‍ സര്‍ക്കാരാപ്പീസില്‍ കുത്തിയിരിക്കുന്ന പ്യൂണിനെ നമ്മള്‍ "സാറേ" എന്നു വിളിക്കുമ്പോള്‍ അങ്ങേരു പ്രതികരിക്കാനെടുക്കുന്ന അത്രയും സമയമെടുത്തേ വേഗം കൂട്ടൂ. റിവേര്‍സ്‌ ചിലപ്പോ രണ്ടു കൈകൊണ്ടും പിടിച്ചിടേണ്ടി വരും.. ന്നാലും പാവമാ. അവളെ എതാണ്ടു ദ്രോഹിച്ചതുകൊണ്ടാവും തങ്ക. കുടുംബത്തെ വഴിയില്‍ നാണം കെടുത്തിയത്‌.

വാല്‍ക്കഷണം അടിപൊളി. അപ്പൂസൊരു ബ്ലോഗ്‌ തുടങ്ങാന്‍ പറയൂ, ബൂലോഗം എടുത്തു തലകുത്തനെ നിറുത്തി കാണിച്ചുതരും

സുല്‍ |Sul said...

വീണാനാദം പൊടിപൂരം. കസറന്‍.
തങ്കപ്പവന്‍ തങ്കപ്പേട്ടനും, ഗ്രേസി ചേച്ചിയും പിന്നെ പതം പതം വന്ന പദ്മിനിയും. ഗൊള്ളാം.

-സുല്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു തേങ്ങ ദേ എന്റെ വകയും

വേണു venu said...

നന്നായിരിക്കുന്നു വീണാ.

Anonymous said...

എവിടയോ കേട്ടത്‌ പൊലെ...ചിലപ്പോള്‍ എന്റെ സംശയം ആയിരിക്കും.

വീണ said...

ഇക്കാസ് ചേട്ടാ :)
ദേവന്‍ ചേട്ടാ :)
സുല്‍ ചേട്ടാ :)
ഹെറിറ്റേജ് ചേട്ടാ:)
വേണു ചേട്ടാ:)
ദീപൂസ് ചേട്ടാ:)
എല്ലാര്‍ക്കും നന്ദി.

സു | Su said...

വെറുതെയല്ല ഇടയ്ക്ക് വീണയെ കാണാത്തത്. തങ്കപ്പന്‍ ചേട്ടനും ഗ്രേസിയേടത്തിയും പദ്മിനി തള്ളാന്‍ പറഞ്ഞുകാണും.

Anonymous said...

ഈ തെങ്ങ് കയറ്റക്കാര്‍ക്ക് തേങ്ങ വെറുതെ കിട്ടുന്നതാണോ???

വീണ said...

ആരോമല്‍ :)

സൂ ചേച്ചീ, നന്ദി. അതേയ് കാറ് തള്ളാന്‍ പോയതു കൊണ്ടല്ല നെറ്റില്‍ കാണാത്തത്. ദേ ദുബായീന്നു തിരോന്തരം വരെം നീളോള്ള ഒരു വടിയുമായി ഒരാള്‍ നിപ്പുണ്ട്. അതു പേടിച്ചാ‍ നെറ്റില്‍ കേറാത്തെ!!.
പിന്നേയ്.. അവിടെ ആഘോഷം നടക്കുന്നതു ഞാന്‍ കണ്ടിരുന്നു. നേരം കിട്ടാഞ്ഞിട്ടാ അങ്ങോട്ടൊന്നു കേറാഞ്ഞെ.ക്ഷമിക്കണേ.. അവിടെയിപ്പോള്‍ 94 കഴിഞ്ഞു, ഇനിയും അവിടെ വന്നു നാണം കെടുന്നില്ല.

അതിനു പകരം ഇപ്പോള്‍ ഈ കുഞ്ഞു കൂട്ടുകാരിയുടെ എല്ലാ വിധ ആശംസകളും.

Anonymous said...

പുസ്തകമാകാന്‍ പോകുന്ന കൊടകര പുരാണത്തിനിനും വിശാലമനസ്‌കനും ആശംസകള്‍.

വീണ said...

അതേയ് ദീപു ചേട്ടാ,
വിശാലന്‍ ചേട്ടന്‍ ഇതുവഴിയെങ്ങാന്‍ വരുവാണേ എന്റെ ഒരു ആശംസയും ചേര്‍ത്ത് ഇതു ഞാന്‍ പറഞ്ഞേക്കാം കേട്ടോ. കൊറിയര്‍ ചാര്‍ജ്ജ് ഞാന്‍ ഈടാക്കും.

Anonymous said...

http://mallu-ungle.blogspot.com/

chech this link and see the podcast no 4
there is veenas theory of nine