Saturday, December 09, 2006

“വീണാസ് തിയറി ഓഫ് നയന്‍”

ഈ ഒന്‍പതിനെ പണ്ടേ എനിക്കു ഇഷ്ടമല്ല. എന്താന്നറിയില്ല ആ അക്കം കാണുന്നതേ എനിക്കലര്‍ജി പോലെയാ.. പണ്ട് നാലാം ക്ലാസില്‍ പഠിക്കുമ്പം തുടങ്ങിയ സംശയമാ‍ണ് ആരാണ്‍ ഈ അക്കത്തിനു ഒന്‍പതെന്നു പേരിട്ടതെന്ന്. ഞാന്‍ വളരും തോറും സംശയവും കൂടിക്കൂടി വന്നു. ഒടുവില്‍ എഴില്‍ പഠിക്കുമ്പോള്‍ കണക്കു പഠിപ്പിക്കാന്‍ വന്ന വസന്ത റ്റീച്ചറിനോടും ചോദിച്ചു. അന്നൊരു വെള്ളിയാഴ്ച യായിരുന്നു. അന്നേരം ടീച്ചറ് വഴക്കു പറഞ്ഞു ചെവിക്കു പിടിച്ചു വേദനിപ്പിക്കേം ചെയ്തു. തിങ്കളാഴ്ച വന്നപ്പം ടീച്ചറ് വരാന്തയില്‍ വച്ചു എന്നെ കണ്ടപ്പോള്‍ പറഞ്ഞു സാരല്ല്യ മോളെ റ്റീച്ചര്‍ അന്നേരത്തെ ദ്വേഷ്യത്തിനു വഴക്കുപറഞ്ഞതാന്ന രണ്ടീസമായി റ്റീച്ചറും ഉറങ്ങീല്ലാത്രെ. പിന്നെ ആരൊടെങ്കിലും ചോദിക്കാന്ന് വച്ചാ വട്ടാന്നു പറയും അതു കൊണ്ട് മോളിതാരോടും ചോദിക്കണ്ടാ‍ന്നും പറഞ്ഞു. പിന്നെ പരസ്യായിട്ട് ഞാനിതാരോടും ചോദിച്ചിട്ടില്ല. ഇപ്പം ബ്ലോഗുണ്ടല്ലോ.. ധൈര്യായിട്ട് ചോദിക്കാലോ. ചേട്ടന്മാറ്ക്കൊ ചേച്ചി മാറ്ക്കൊ മാഷന്മാരുണ്ടെങ്കില്‍ അവരൊ പറഞ്ഞു തരുമെന്നു കരുതട്ടെ?.
അതേയ്....... ആരാ ഈ 9 നു ഒന്‍പതെന്നു പേരിട്ടതു?. ശരിക്കും അതിന്റെ പേരു “ഒന്‍പ്” എന്നല്ലെ? നോക്കൂ. ഏഴ്, എട്ട്, ഒന്‍പ് അതല്ലെ അതിന്റെ ശരി?. അല്ലാതെ ഒറ്റക്കാരനായ ഒന്‍പിനെ പിടിച്ച് പത്തിന്റെ സ്ഥാനം കൊടുത്തതാരാ..??.
വീണാസ് തിയറി ഓഫ് നയന്‍ :-
9 = ഒന്‍പ്
90 = ഒന്‍പതു
900 = തൊണ്ണൂറ്
9,000 = തൊള്ളായിരം
90,000 = ഒന്‍പതിനായിരം...........ഇതല്ലേ ശരി?.
പഴയത്
9 = ഒന്‍പതു (കേള്‍ക്കുമ്പോള്‍ അതിനു പത്തിന്റെ സ്ഥനമല്ലെ?)
90 = തൊണ്ണൂറ് ( നൂറിന്റെ സ്ഥാനം ഫീല്‍ ചെയ്യുന്നില്ലെ?)
900 = തൊള്ളായിരം (ആയിരത്തിന്റെ സ്ഥാനം എന്നു തോന്നുന്നില്ലെ...?)
വെറുതെ മനുഷ്യനെ തെറ്റിധരിപ്പിക്കാനായിട്ടല്ലേ?
മറ്റുള്ള ഭാഷകളിലൊന്നും ഞാന്‍ നോക്കിയിട്ടു കുഴപ്പമില്ല - അറിയാവുന്ന ഭാഷകളില്‍ മലയാളവും തമിഴുമേ പ്രശ്നമുള്ളൂ. അതെന്താ‍ അങിനെ?. എഞ്ചിനീയറിങ് കഴിഞ്ഞിട്ട് ഞാന്‍ ഇത് PhD യ്ക്കു വിഷയം ആക്കിയാലോന്നു വിചാരിക്ക്യാ..

19 comments:

വീണ said...

വീണാസ് തിയറി ഓഫ് 9......?
- വീണ

മുസ്തഫ|musthapha said...

ഒന്‍പതിനു പണ്ട് പത്തിന്‍റെ സ്ഥനമുണ്ടായിരുന്നതാ, കയ്യിലിരിപ്പോണ്ട് ഡീപ്രമോട്ട് ചെയ്തതാ... വിളിപ്പേരൊന്നും മാറ്റില്യാന്നു മാത്രം :)


എന്‍റേയും കാലങ്ങളായുള്ള ഒരു ചിന്തയാണ് വീണ ഇവിടെ പകര്‍ത്തി വെച്ചത് നന്ദി.

മുസാഫിര്‍ said...

എനിക്കു ഈ കണക്കു പണ്ടേ വലിയ പിടുത്തമില്ല .പക്ഷെ ഈ ഒന്‍പതിനായിരമല്ല,പതിനായിരമല്ല തോള്ളായിരം ആളുകള്‍ എന്നൊക്കെയുള്ള പ്രസംഗം ഓര്‍ക്കുമ്പോള്‍ വീണ പറഞ്ഞതിലും ഏതാണ്ടു കാര്യമുണ്ടെന്നു തോന്നുന്നു.

myexperimentsandme said...

നിഷാദ് പോഡ്കാസ്റ്റ് നമ്പ്ര് നാലില്‍ നിഷാദിന്റെ തിയറിയും പറഞ്ഞിട്ടുണ്ട്. ഇങ്ങിനത്തെ തിയറികളൊന്നും എന്റെ തലയില്‍‌ക്കൂടി പോയിട്ടില്ലല്ലോ... :)

Anonymous said...

പറഞ്ഞ് ശീലിച്ച് പോയില്ലേ വീണക്കുട്ടീ...അതങ്ങനെ തന്നെ കിടന്നോട്ടേന്ന്. ഇനി ഇപ്പോ അതുമാറ്റി ഒന്‍പ് എന്നാക്കിയാലും എന്റെയൊക്കെ വായില്‍ ഒന്‍പത് എന്നു തന്നെയേ വരൂ എന്ന് തോന്നണൂ..

Anonymous said...

വീണ മോളെ,
സംശയം ന്യായമാണെങ്കിലും. പാവം ഒന്‍പതിനു വിഷമാവില്ലേ ? സ്നേഹക്കൂടുതലുകൊണ്ടാണെങ്കില്‍ സ്വകാര്യമായി വീണക്ക്‌ ഇഷ്ടമുള്ളതു വിളിച്ചോളൂ....

Anonymous said...

വീണയുടെ പ്രശ്നം എനിക്കു മനസ്സിലായി. 9 നെ ഒന്‍പത് എന്ന് വിളിക്കാമെങ്കില്‍ വീ ണ യെ “വീണത്“ എന്നു വിളിക്കണമല്ലോ

Mubarak Merchant said...

അപ്പൊ ഹിന്ദിയിലെണ്ണുമ്പൊ ഇതിലും വെല്യ പ്രശ്നമല്ലേ വീണേ?
മലയാളത്തിലെ എണ്ണല്‍ സോള്‍വ് ചെയ്തു കഴിയുമ്പൊ അതും കൂടെ ഒന്നു ശ്രദ്ധിക്ക് കെട്ടോ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

fqപ്രിയ വീണെ,
ഒന്‍പതിനെചൊല്ലിയുള്ള ഈ തര്‍ക്കം പണ്ടേ ഉണ്ടായിരുന്നു. ഒരിക്കല്‍ ഒന്‍പതിന്റെ ആദിയായ ഒന്‍പ്‌ വേണമെന്നൊരു കൂട്ടരും
തൊണ്ണൂറിന്റെ ആദിയായ തൊണ്ണ്‌ വേണമെന്നു മറ്റൊരു കൂട്ടരും വാദിച്ചതായും, അവസാനം 99,999 എന്നതിനെ ഒന്‍പുകാര്‌ 'ഒന്‍പൂറ്റി ഒന്‍പതിനായിരത്തി ഒമ്പൂറ്റി ഒന്‍പത്തി ഒന്‍പ്‌' എന്നും തൊണ്ണുകാര്‌ 'തൊമ്പത്തിതൊണ്ണായിരത്തിതൊണ്ണൂറ്റിതൊമ്പതിതൊണ്ണ്‌' എന്നും പറയേണ്ടി വരുന്നതിലെ വൃത്തികേടും, ഒന്‍പതിന്റെ സ്വാഭാവികമായ അനേകം പ്രത്യേകതകളും (എന്തൊക്കെയാണെന്നു ഉമേഷിനോടു വേണമെങ്കില്‍ ചോദിക്കാം) ക്‌അണക്കിലാക്കി ഒന്‍പതു തന്നെ മതി എന്നു തീരുമാനിച്ചതായും ഒരു തമാശ ലേഖനം ഉണ്ടായിരുന്നു

ഉമേഷ്::Umesh said...

പ്രധാനസംഖ്യകള്‍ക്കടുത്തുള്ളവയെ അതിനോടു ചേര്‍ത്തു പറയുന്നതു് മനുഷ്യമനസ്സിന്റെ സ്വഭാവമാണു്. 10:55 എന്ന സമയം ഒരു ക്ലോക്കില്‍ (അനലോഗ് ക്ലോക്കില്‍, ഡിജിറ്റലല്ല) നമ്മള്‍ എങ്ങനെ വായിക്കും? 10:55 എന്നോ “പതിനൊന്നിനു് അഞ്ചു മിനിട്ടു്” എന്നോ? ആ മനശ്ശാസ്ത്രം തന്നെ.

ഒരുപാടു ഭാഷകളിലും സംസ്കാരങ്ങളിലും ഇതുണ്ടു്. സംസ്കൃതത്തില്‍ ഇതു് 9, 90, 900 തുടങ്ങിയവയ്ക്കു മാത്രമല്ല, 9-ല്‍ അവസാനിക്കുന്ന സംഖ്യകള്‍ക്കുമുണ്ടു്. ഉദാഹരണത്തിനു് 20-നെ “വിംശതി” എന്നു വിളിക്കുന്നു. 19-ന്റെ സംസ്കൃതം “ഏകോനവിംശതി” എന്നാണു്. “20-ല്‍ നിന്നു്‌ ഒന്നു കുറഞ്ഞതു്” എന്നര്‍ത്ഥം. 11 മുതല്‍ 18 വരെ (ഏകാദശം, ദ്വാദശം, ത്രയോദശം,..., അഷ്ടാദശം) “പത്തിനോടു് 1, 2, ..., 8 കൂട്ടുന്നതു്” എന്നാണു വിളിക്കുന്നതു്.

ഇതു തന്നെ ഹിന്ദിയിലും കാണാം. ഉന്നീസ്, ഉന്‍‌തീസ് തുടങ്ങിയവ ഉദാഹരണങ്ങള്‍.

(റഷ്യനിലും ഇതുണ്ടെന്നാണു തോന്നുന്നതു്. തണുപ്പോ, പൂയ്...)

ഇംഗ്ലീഷ് താരതമ്യേന പുതിയ ഭാഷയായതുകൊണ്ടും ധാരാളം നവീകരണങ്ങള്‍ വന്നതുകൊണ്ടും ആയിരിക്കാം അതില്‍ ഈ പ്രത്യേകത ഇല്ല.

റോമന്‍ സംഖ്യകളില്‍ ഒമ്പതിനു മാത്രമല്ല, സ്വന്തമായ ചിഹ്നമുള്ള എല്ലാ സംഖ്യകളുടെയും മുമ്പുള്ള സംഖ്യകള്‍ക്കും ഈ പ്രത്യേകത ഉണ്ടു്.

I = 1
III = 3
IV = 4
V = 5
VIII = 8
IX = 9
X = 10
XXX = 30
XL = 40
L = 50
LXXX = 80
XC = 90
C = 100

എന്നിങ്ങനെ.

സ്ഥലം ലാഭിക്കാനാണു് ഇതെന്ന വാദം ശരിയാണെന്നു തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ 99 എഴുതേണ്ടതു് IC എന്നാണു്, XCIX എന്നല്ല.

Unknown said...

വീണേ,
ഞാനീ പോസ്റ്റ് പൊളിച്ചടുക്കാന്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. എത് മൂലയില്‍ നിന്ന് തുടങ്ങണമെന്നായിരുന്നു ഡൌട്ട്. അപ്പോഴേയ്ക്കും അമേരിയ്ക്കാ ഓഫ് യു എസ്സില്‍ അന്തി മോന്തിയാവുകയും ഉമേഷേട്ടന്‍ എണീറ്റ് വന്ന് പോസ്റ്റ് പൊളിച്ചടുക്കി കയ്യില്‍ തരുകയും ചെയ്തു.

ഓടോ: വീണക്കുട്ടീ, പെട്ടിപ്പുറം ചിന്തകള്‍ ഇങ്ങനെ പോന്നോട്ടെ ട്ടോ... Keep these ‘out of the box‘ thoughts coming എന്ന് സെന്തമിഴില്‍ :-)

Anonymous said...

എതെന്തിരു ഒമ്പ് തിയറി, വീണക്കൊച്ചേ,
പഠിക്കയാണല്ല്, അല്ലേ? പ്ഠി, നല്ലോണം പ്ഠി!
പേരിട്ട് വിളിക്കാനെക്കൊണ്ട് തീയറികളങ്ങനെ എത്ര കെടക്കിണ്!

കാണാം, പിന്നെ കെട്ടോ...അല്ലാ, കാണണം!

Anonymous said...

കലക്കി...ഇതു പൊലെ ഇനിയും ഉണ്ടോ സാധനം..

ചുമ്മാ എവിടെ എങ്ങിലും ഇതു വച്ച്‌ കാച്ചി ഞാന്‍ 'ചാമ്പ്യന്‍' ആകാന്‍ നൊക്കട്ടെ..

Anonymous said...

വീണമോളേ, സത്യം പറയണേ! ഇത്‌ സ്വന്തം തിയറി തന്നെയാണോ? അതോ ചേട്ടമ്മാരേം ചേച്ചിമാരേം മാമന്മാരേം പറ്റിക്കാന്‍ ഒരു 'നമ്പര്‍' ഇറക്കിയതാണോ? ആ മേശയ്ക്കകത്തിരിക്കുന്ന പുസ്തകം ഒരു പത്തനംതിട്ടക്കാരന്‍ ഗവേഷകന്റെതല്ലേ? അങ്ങോറ്‌ ഇത്‌ സ്വന്തം തിയറിയായി അവതരിപ്പിച്ചത്‌ നാല്‌ കൊല്ലം മുമ്പായിരുന്ന്‌. മോള്‍ക്ക്‌ മുന്‍കൂട്ടി ഒരു പേറ്റെന്റെടുക്കാരുന്ന്‌. ഇത്‌ തര്‍ക്കത്തിലേ അവസാനിക്കത്തൊള്ളെന്ന്‌ തോന്നുന്ന്‌. ബഹുമാനപ്പെട്ട കോറ്റതി ഈറ്റപെടണം. പ്ലീസ്‌.

വീണ said...

അഗ്രജന്‍ ചേട്ടന്‍,മുസഫിര്‍ ചേട്ടന്‍, വക്കാ‍രി ചേട്ടന്‍, ആര്‍.പി. ചേച്ചി, ചിത്രകാരന്‍ ചേട്ടന്‍, മണി ചേട്ടന്‍, ഇക്കാസ് ചേട്ടന്‍, ദില്‍ബേട്ടന്‍, കൈതമുള്ളു ചേട്ടന്‍, ദീപു ചേട്ടന്‍, എല്ലാവര്ക്കും വളരെനന്ദി.
ഉമേഷ് ചേട്ടാ വളരെയധികം നന്ദി ഇത്രയും കാര്യങ്ങള്‍ വിശദമായി പറഞ്ഞു തന്നതിനു. കുറെ കാര്യങ്ങള്‍ ഇപ്പോള്‍ മനസ്സിലായി. എങ്കിലും 9 നെ എനിക്കിപ്പോഴും ഇഷ്ടമല്ല... അതിനി ഇഷ്ടപ്പെടാനും പറ്റുമെന്നു തോന്നുന്നില്ല.

Anonymous said...

വീണക്കുട്ടീ,
ചേട്ടാ എന്നു വിളിച്ച് എന്നെ ഒരു ചെറുപ്പക്കാരനാക്കിയല്ലോ!!

Anonymous said...

വീണച്ചേച്ചീ
ഈ പൊതുജനം ഒരു ശുദ്ധമണ്ടക്കഴുതയാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.........
ഈ കാര്യം എനിക്കും തോന്നിയതാ.....പക്ഷേങ്കില്‌...യാഥാസ്തിതികരായ അദ്ധ്യാപഹയരും...പരിശുദ്ധ താന്തോന്നികളായ കൂട്ടുകാരും..വിപ്ലവ വിരുദ്ധരായ സമൂഹവും ഇതൊന്നും സമ്മതിച്ചില്ല........
വിപ്ലവത്തിന്‌ ഞാന്‍ എപ്പളേ റെഡി.........
ഇന്ന് എന്റെ B'day ആണ്‌. ഇന്ന് മുതല്‍ ഞാന്‍
ഒന്‍പ്‌
ഒന്‍പത്‌
ഒണ്ണൂറ്‌
.......
എന്നിങ്ങനെ മാത്രമേ പറയുകയുള്ളൂ എന്ന് ആയതിനാല്‍ അറിയിച്ചു 'കൊല്ലുന്നു'

വിപ്ലവം ജയിക്കട്ടെ

വിപ്ലവ കുRuക്കന്‍

വീണ said...

ബ്ലോഗില്‍ വരുന്ന എല്ലവരും എനിക്കു ജ്യേഷ്ഠന്‍ മാരും ജ്യേഷ്ഠത്തിമാരും ആണ്. അതു കൊണ്ടാണ്‍ ഞാന്‍ മണി ചേട്ടന്‍ എന്നു വിളിച്ചതു. ജ്യേഷ്ഠന്‍ എന്നോ അങ്കിള്‍ എന്നൊ വിളിക്കേണ്ടത് ? ബ്ലോഗ് കണ്ടാല്‍ പ്രായം തോന്നുകയേയില്ല!!

ഇപ്പോഴിതാ കുറുക്കന്‍ എന്നെ ചേച്ചീന്നു വിളിച്ചു അപ്പോ എന്നെക്കാളും ചെറിയ കുട്ട്യോളും ഈ ബൂലോകത്തിലുണ്ടൊ?. ഞാന്‍ കൊച്ച് അതുകൊണ്ടു ഞാനാ നിങ്ങളുടെയെല്ലാം പെറ്റ് എന്ന് അഹങ്കരിച്ചിരുന്നു!!. യെന്തൊരു കഷ്ടം!!.
അതു പറയാന്‍ മറന്നു.
HAPPY BIRTH DAY Kurukkan.

മണ്ട പോയി വീഴാറായ തെങ്ങിന്റെ അങ്ങേയറ്റത്ത് ആരാനും ഉണ്ടാക്കിയ പോടില്‍ (പൊത്തില്‍) കൂടു കൂട്ടി മുട്ടയിട്ടു കുഞിനെ വിരിയിക്കുന്ന തത്തമ്മയെ എനിക്കു പെരുത്തിഷ്ടമാണ് ആ പൊത്തിനുള്ളില്‍ ഇരുന്നു തത്തമ്മ ഇങ്ങു താഴെ നിന്നും തത്തമ്മയെ നോക്കി കല പില കൂട്ടുന്ന പിള്ളാരേ നോക്കും ഒരു തരം വ്രുത്തികെട്ട ഗമയില്‍ തത്തമ്മയെ അങ്ങു മുകളില്‍ കയറി ആരും തൊടില്ലല്ലോ?. മറ്റുള്ളവരെ പേടിയുണ്ടെങ്കിലും തത്തമ്മ പൊത്തില്‍ നിന്നും തല നീട്ടി അതിന്റെ ഐഡന്റിറ്റി യെങ്കിലും കാണിക്കും. അനോണി കള്‍ അതുമില്ല എങ്കിലും “അനോണി“കളെ എനിക്കിഷ്ടമാണ്

Siju | സിജു said...

ഇതു പണ്ടു ഞാനും ടീച്ചറോട് ചോദിച്ച ഒരു സംശയമാ.
വലുതായപ്പോള്‍ വിട്ടുപോയി, ഉപയോഗിച്ചു ശീലവുമായി.
പിന്നീട് കുറെ നാളുകള്‍ക്കു ശേഷം എവിടെയോ ഉമേഷേട്ടന്‍ പറഞ്ഞ ഈ വിശദീകരണം വായിച്ചു

ഒരു സംശയം, ഈ കണ്ണുകള്‍ വീണയുടേതു തന്നെയാണോ. നോക്കുന്നതു കാണുമ്പോള്‍ ചെറിയൊരു പേടി, പഴയ ലിസയൊക്കെ നോക്കുന്നതു പോലെ :-)