Friday, December 08, 2006

അശ്വതി വിലാസം ഹോട്ടല്‍

(കഥ വായിക്കും മുന്‍പ്:- ഈ കഥ എഴുതിയത് രണ്ടര വര്‍ഷം മുന്‍പ് അന്നത്തെ ഒരു ചാനല്‍ ഹിറ്റിനെ കുറിച്ചാണ് . ഇനി വായിക്കുക.)

ഗ്രാമത്തിലെ തിരക്കേറിയ കവലയാണ് അത്താണി മുക്ക്. അവിടെയാണ് നമ്മുടെ കഥാനായകന്‍ അപ്പുക്കുട്ടന്റെ അശ്വതി വിലാസം ഹോട്ടല്‍ ആന്റ് റ്റീ ഷോപ്പ്. ശരിക്കും പറഞ്ഞാല്‍ ഇത് അപ്പുക്കുട്ടന്റെ മാത്രം കടയല്ല. അപ്പുക്കുട്ടന്റെ അച്ഛന്‍ കുട്ടന്‍പിള്ള ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ആരംഭിച്ചതാണീ ചായക്കട. അന്നു ആ കവലയില്‍ ചായക്കടയായി ഇതൊന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാലിലാണ് തന്റെ ചായക്കടയ്ക്കു “അശ്വതി വിലാസം ഹോട്ടല്‍ ആന്റ് റ്റീ ഷോപ്പ് “ എന്ന് കുട്ടന്‍പിള്ള പേരിട്ടതു. വെറും ചായക്കട ഹോട്ടല്‍ & ടീ ഷോപ്പായി ഉയര്‍ന്നതിനു പിന്നില്‍ തന്റെ മകളുടെ ജനനമാണെന്നാണ് കുട്ടന്‍പിള്ള ഇപ്പോഴും എപ്പോഴും പറയാറുള്ളത്. അതാണ് മകള്‍ അശ്വതിയുടെ പേരു തന്നെ കടയ്ക്കിടാ‍ന്‍ കുട്ടന്‍പിള്ളയെ പ്രേരിപ്പിച്ചത്.

കാലം ഏറെ കഴിഞ്ഞു. അത്താണി മുക്കു വളര്‍ന്നു... വളര്‍ന്നു പുര നിറഞ്ഞു. ഒപ്പം കടകള്‍ ഒത്തിരി കൂടി. തമ്മില്‍ തമ്മില്‍ മത്സരമായി. എന്തായാലും പഴയ പ്രൌഢിയൊക്കെ പോയി ഇന്നു ശോഷിച്ചു പോയ കടയെ ഒന്നു
പുഷ്ടിപ്പെടുത്താനായി, മുംബയിലെ പണി കളഞ്ഞ് നാട്ടിലെത്തിയ മകന്‍ അപ്പുക്കുട്ടന്‍ തീരുമാനിച്ച്. അങ്ങനെ കടയുടെ നടത്തിപ്പ് അപ്പന്‍ കുട്ടന്‍ പിള്ളയില്‍ നിന്നും അപ്പുക്കുട്ടന്‍ ഏറ്റെടുത്തു. അതിന്റെ ഭാഗമായി കടയില്‍ ചില്ലറ പരിഷ്കാരങ്ങളും അപ്പുക്കുട്ടന്‍ കൊണ്ടു വന്നു. വൈകുന്നേരങ്ങളില്‍ ചില തീറ്റ മത്സരങ്ങളും തമാശകളുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ അപ്പുക്കുട്ടന്‍ തീരുമാനിച്ചത്!.

അപ്പുക്കുട്ടന്റെ ഭരണ പരിഷ്ക്കാരത്തിനു ശേഷം അശ്വതി വിലാസത്തില്‍ തിരക്കോടു തിരക്ക്. സപ്ലൈ ചെയ്യാന്‍ മധുരപ്പതിനെട്ടുകാരി അശ്വതിയെക്കൂടെ നിര്‍ത്തിയതിനാലാണ് തിരക്കു കൂടിയതെന്ന് അത്താണി മുക്കിലെ മറ്റു
കടക്കാരുടെ പരദൂഷണം. അസൂയ അല്ലാതെന്താ... എന്തായാലും അപ്പുക്കുട്ടന്റെ പരിഷ്കാരം ഏറ്റു. സന്ധ്യമയങ്ങും നേരം യുവാക്കളും വല്ല്യപ്പന്മാരും ഉള്‍പ്പെടെ നാട്ടിലെ നല്ലൊരു ജനാവലി അപ്പുക്കുട്ടന്‍റെ കടയില്‍ റെഡി. ഈ നേരങ്ങളില്‍ ചായയുടെയും ലഘു ഭക്ഷണങ്ങളുടെയും വിൽപ്പന കൂടുകയും അതോടൊപ്പം കുട്ടന്‍പിള്ളയുടെ പോക്കറ്റ്വീര്‍ത്ത് വരികയും ചെയ്തു. അപ്പുക്കുട്ടന്‍റെ കടയില്‍ പ്രത്യേകിച്ചൊരു ലേഡീസ് വിഭാഗമില്ല അതുമല്ല വൈകുന്നേരം നാലു മണി കഴിഞ്ഞാല്‍ പിന്നെ ചാനലുകളിലെ തുടരന്‍ കണ്ണീരില്‍ നിന്ന് ഒരു മോചനം വേണമെങ്കില്‍ പാതിരാ കഴിയണ്ടേ?.

അപ്പുക്കുട്ടന്‍റെ കടയിലെ പ്രധാന കലാ പരിപാടി ഭക്ഷണ മത്സരമാണെന്ന് പറഞ്ഞല്ലോ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ആവശ്യം പോലെ ആഹാരം കഴിക്കാം കാശൊന്നും കൊടുക്കേണ്ട. തുടക്കത്തില്‍ കുട്ടന്‍പിള്ള ചേട്ടന്‍ എതിര്‍ത്തതാണ് പക്ഷെ മോന്‍റെ പിടി വാശിയ്ക്കു മുന്നില്‍ തോറ്റു കൊടുക്കേണ്ടിവന്നു.

അപ്പുക്കുട്ടന്‍റെ പതിവു പരിപാടി തുടങ്ങാറായി. കടയില്‍ ഫുള്‍കോറം റെഡി.

അശ്വതി ഒരു സിനിമാതാരത്തിന്‍റെ പൊലിമയോടെ മുന്‍ നിരയില്‍ തന്നെ ഹാജര്‍!. വലതു വശത്തായി തീറ്റ മത്സരത്തിനുള്ള ടീം. ഇടതുവശത്തു അപ്പുക്കുട്ടന്‍റെ അളിയന്‍ അദ്ദേഹമാണ് മത്സരത്തിന്‍റെ നിയന്ത്രേതാവ്.

അതാ മുംബായ് സ്റ്റൈലില്‍ അപ്പുക്കുട്ടന്‍ എത്തുകയായി......

“ആവേശത്തോടെ സ്വാഗതം ചെയ്യുന്നു നിങ്ങളെ ഓരൊരുത്തരെയും ഇന്നത്തെ ഈ ബൌദ്ധികമായ ഭക്ഷ്യ മത്സരത്തിലേയ്ക്. ആരൊക്കെയാണ് ഇന്ന് ഈ സ്വാദേറും മത്സരത്തിന്‍റെ ബഞ്ചിലേയ്ക്കു വരുക എന്നു നിശ്ചയിക്കാനുള്ള
പ്രാഥമിക പരീക്ഷ തുടങ്ങുകയാണ്. എന്‍റെ ചോദ്യം ശ്രദ്ധിച്ചു കേള്‍ക്കണം. ആരാദ്യം കൈ പൊക്കുന്നുവോ അയാള്‍ക്കിരിക്കാം മത്സരിക്കാം പലഹാരങ്ങളുടെ, രുചിയുടെ ആവേശകരമായ ഈ മത്സരത്തില്‍.”

“ആദ്യ ത്സരാര്‍ത്ഥിയാരാണെന്നറിയാനുള്ള സൂചനകളിലേയ്ക്കു കടക്കുന്നു. റെഡിയായിരിക്കുക എല്ലാവരും ഇപ്പോള്‍ മുതല്‍......”.

“എനിയ്ക്കറിയേണ്ടത് ഈ പലഹാരത്തിന്‍റെ പേരാണ്......” “എന്‍റെ നിറം ഇളം ബ്രൌണ്‍...ആവിയിലാണ് എന്‍റെ ജനനം.....എന്‍റെ ആദ്യ രൂപത്തെ നാമമാക്കി ഒരു കവിത യുണ്ട്..................”.

ഒരു മിടുക്കന്‍റെ കൈ ഉയര്‍ന്നു..

“യേ..സ്..??”
“ഗോതമ്പു പുട്ട്...!!”
“ഉത്തരം വളരെ ശരിയാണ്.. ഗോ.പു. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗോതമ്പു പുട്ടാണ് ശരിയായ ഉത്തരം. താങ്കള്‍ക്കിരിക്കാം ഈ ബഞ്ചിലേയ്ക്കു .......മത്സരിക്കാം അശ്വതി വിലാസം ഹോട്ടലിന്‍റെ ബൌദ്ധികമായ ഈ ഭക്ഷ്യ
മത്സരത്തിലേയ്ക്ക്......”.

“പേരെന്താണ്....?.”
“ശങ്കരന്‍ കുട്ടി....”
“കവിത ഇഷ്ടമാണൊ....?. മത്സരത്തിന്‍റെ ചോദ്യമല്ല കേട്ടോ..!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്‍റെ
നേരറിയുന്നു ഞാന്‍ പാടുന്നൂ...
ഗോതമ്പ കതിരിന്‍റെ നിറമാണ്
പേടിച്ച പേടമാന്‍ മിഴിയാണ്
കയ്യില്‍ വളയില്ല കാലില്‍ കൊലുസില്ല,
മെയ്യില്‍ അലങ്കാരമൊന്നുമില്ല.......

വായിച്ചിട്ടുണ്ടോ ഗോതമ്പു മണികള്‍..?”
“ഉണ്ട്..”
“ഗോതമ്പ് പുട്ട് ഇഷ്ടമാണൊ..??
“ഇഷ്ടമാണ്....”
“കുടിയ്ക്കാനെന്താണ് വേണ്ടത്..ചായ... കോഫി....?‌.”
“കോഫി...”
“അശ്വതി പ്ലീ......സ്..”
സ്ലോ മോഷനില്‍ അശ്വതി കോഫിയുമായി കടന്നു വന്നു. അശ്വതിയുടെ അന്ന നടയില്‍ ശങ്കരങ്കുട്ടിയുടെ കണ്ണുകള്‍ ഉടക്കിയോ......ന്നൊരു സംശയം!!. അപ്പുക്കുട്ടനും അത് തോന്നാതിരുന്നില്ല. അതുകൊണ്ടാവണം അപ്പുക്കുട്ടന്‍ വേഗം
തുടര്‍ന്നു..

“എവിടെയാണ് ശങ്കരങ്കുട്ടിയുടെ വീട്..?”
“ആറ്റിനക്കരെ”
“ആറ്റിനക്കരെ എന്നു പറയുമ്പോള്‍..... ആ പാടം കഴിഞ്ഞ് പോകണൊ?.”
“അതെ”
“വീട്ടുപേര് എന്താണ്..?”
“കാവുങ്കല്‍..”
“.......കവുങ്കല്‍....? കാവുങ്കല്‍ കൊച്ചു ഗോവിന്ദനെ ഞാനറിയും ഞങ്ങളൊന്നിച്ച് പഠിച്ചതാണ്. പഠിക്കുമ്പോള്‍ അദ്ദേഹം നല്ലൊരു തീറ്റക്കാരന്‍ ആയിരുന്നു.

കൊച്ചുഗോവിന്ദന്‍റെ.........?‌.”
“അനിയനാണ്...”
“കൊച്ചു ഗോവിന്ദന് ഒരനിയത്തിഉണ്ടായിരുന്നല്ലോ.....?... എന്താ പേര്......!”
“കൌസല്ല്യ”
“ങാ....... അതെ. കൌസല്ല്യ.....(അപ്പുക്കുട്ടന്‍ അറിയാതെ കവിള്‍ തടവി!)അതേയതെ ഇപ്പോള്‍ ഞാനോര്‍ക്കുന്നു...... എന്തു ചെയ്യുന്നു?.”

“ചേച്ചിയിപ്പോള്‍ സീരിയലില്‍...............”
“ചേച്ചിയുടെ കാര്യമല്ല......ചോദിച്ചതു ശങ്കരന്‍ കുട്ടിയുടെ കാര്യമണ്..”
“പ്രത്യേകിച്ചു തൊഴിലൊന്നുമല്ല പിന്നെ ചില സീരിയലുകള്‍ക്ക് കഥയെഴുതാറുണ്ട്..”
‌“ ഓ..അപ്പോള്‍ നാലഞ്ചു വര്‍ഷത്തെയ്ക്ക് പണിയായി അല്ലെ?.”
“...?...?...?‌.”
“താങ്കള്‍ പതിവായി ഈ കടയില്‍ വരാറുണ്ടോ?.”
“അങ്ങനെയില്ല. കയ്യില്‍ കാശില്ലാത്തപ്പോള്‍ മാത്രം..!”
“ഇവിടുത്തെ ഭക്ഷണത്തെ കുറിച്ച് എന്താണഭിപ്രായം..?....കുഴപ്പമില്ലാ.......?”
“ങാ... കുഴപ്പമില്ല..”.
“അപ്പോള്‍ അളിയാ എങ്ങനാ...? ഇദ്ദേഹത്തെ പങ്കെടുപ്പിക്കാമോ....?. ഈസ് ഹി അപ്രൂവ്ഡ്..?”
‌“ഡിസപ്രൂവ്ഡ്‌.”
“...?....?...?... ക്ഷമിക്കണം യെസപ്രൂവ്ഡ് എന്നാണളിയന്‍ പറഞ്ഞത് ..ആവേശം കൊണ്ട് പറഞ്ഞപ്പോള്‍ ഡിസപ്രൂവ്ഡ് ആയതാണ്..”

“സ്നേഹത്തോടെ സ്വാഗതം ചെയ്യാം ഗോതമ്പ് പുട്ടിഷ്ടപ്പെടുന്ന ശങ്കരന്‍ കുട്ടിയെ. എന്‍റെ സുഹൃത്തും തീറ്റപ്പ്രിയനുമായ കാവുങ്കല്‍ കൊച്ചു ഗോവിന്ദന്‍റെ യും കൌസല്യയുടെയും അനിയനെ ഇന്നത്തെ തീറ്റ മത്സരത്തിലെയ്ക്ക് ....നിയമങ്ങളൊക്കെ അറിയാമല്ലൊ?. പതിനൊന്നു ചോദ്യങ്ങള്‍ പതിനൊന്നു ഉത്തരങ്ങള്‍.”

‌“അറിയാം.”

1. “നിങ്ങള്‍ മനസ്സില്‍ വിചാരിച്ച സാധനം ഒരു പലഹാരമാണൊ?.”
“യെസ്”
2. “അതുണ്ടാക്കിയതു ഭാരതീയ ഭക്ഷണ ശൈലിയിലാണൊ?
“യെസ്”
3. “ദക്ഷിണേന്ത്യ..?”
“യെസ്..”
4. “കേരളം..?”
“യെസ്..”
5. “കൊല്ലം..?”
“നോ...”
6. “മലബാര്‍...?”
“യെസ്...”
7. “കോഴിക്കോട്..?‌.”
“യെസ്”
8. “ഈ പലഹാരത്തില്‍ അരി, ഗോതമ്പ്, മൈദ ഇവയിലൊന്ന് ചേര്‍ത്തിട്ടുണ്ടൊ?‌.”
“യെസ്..”
9. “ അരി...?”
‌“യെസ്”
“ചോദ്യം 10 ഈ പലഹാരം ഇപ്പോള്‍ ഈ കടയില്‍ ഉള്ളതാണൊ?.”
“അതെ‌
“പതിനൊന്നാമത്തെ ചോദ്യം.... പഴക്കം ഇന്നലെയ്ക്കു മുന്‍പ്...?”
“മനസ്സിലായില്ല ചോദ്യം ഒന്നു കൂടെ വ്യക്തമാക്കാമോ?”
“അതായതു നിങ്ങള്‍ മനസ്സില്‍ കരുതിയ പലഹാരം ഈ കടയില്‍ ഉണ്ടാക്കിയതു രണ്ടു ദിവസം മുന്‍പാണൊ എന്നാണ് എന്‍റെ ചോദ്യം.....”
“....... അളിയനോട് ചോദിക്കണം..”
“അതെ..”
“അളിയന്‍ അതെ എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച പലഹാരം തന്നെ യായിരിക്കണം..? പതിനൊന്നാമത്തെ?
ചോദ്യം വീണ്ടും.... അരി പൊടിയാണൊ...?.”
‌“എന്നു പറയാം.”
“പതിനൊന്ന് ചോദ്യങ്ങള്‍ കഴിഞ്ഞിരിക്കുന്നു... ഇനി കണ്ടുപിടിക്കേണ്ടതു ഉത്തരമാണ്.”
“വിജയപ്രതീക്ഷയുണ്ടൊ?”
“തീര്‍ച്ചയായും..?”
“..മലയാളികളുടെ തീന്മേശമേല്‍ ലഘു ഭക്ഷണമായും പ്രധാന ഭക്ഷണമായും പതിറ്റാണ്ടുകളായി നിരത്തി വന്ന, ഇറച്ചിയോടൊപ്പമോ അല്ലാതെയോ കഴിക്കാവുന്ന........”
“ഇപ്പോഴും വിജയ പ്രതീക്ഷ.......?”
“യെസ്..”
“ഷുവര്‍....?.. എനിവെ അയാം ഗോയിങ് ഫോര്‍ എ വൈഡ് ഗസ്സ്...... ഈസ് ഇറ്റ് പത്തിരി...?”
“നോ..”
“നോ....??? ആര്‍ യു ഷുവര്‍....?”
“കടയിലിരിക്കുന്ന ആര്‍ക്കെങ്കിലും എനി ഐഡിയ?”
“.....??!!”
“ഓ. ക്കേ....” റ്റെല്‍ മീ എന്തായിരുന്നു താങ്കളുടെ മനസ്സില്‍?”
“ഹല്‍വ....”
“?..!^&***(%$#@....? ക്ഷമിക്കണം.. എന്തു കൊണ്ടൊ എന്‍റെ മെമ്മറിയില്‍, ഞാന്‍ ശേഖരിച്ചിരുന്ന ഹല്‍വ യുടെ ഡേറ്റ തെറ്റായിട്ടായിരുന്നു. അതാണ് കോഴിക്കോടു വരെ എത്തിയ ഞാന്‍ നേരെ പത്തിരിയിലേയ്ക്ക് പോയത്. മധുരമുള്ളതാണൊ എന്നൊരുപക്ഷെ ചോദിച്ചിരുന്നെങ്കില്‍ അതെ എന്നു പറയുമായിരുന്നു അല്ലെ!!. എനിവേ.. ഗുഡ് സെലെക്ഷന്‍....!”
‌“ആ..ന്റ്റ്.......അശ്വതി പ്ലീ..........സ്...”
“എന്തായിരുന്നു ഹല്‍വ തന്നെ മനസ്സില്‍ ഓര്‍ക്കാന്‍ കാരണം?.”
‌“പ്രത്യേകിച്ചൊന്നുമില്ല... കുഞ്ഞു നാള്‍ മുതലെ ഹല്‍വ ഇഷ്ടമാണ്”
ഒരു പാത്രം നിറയെ ഹല്‍വയും മറ്റൊരു പാത്രത്തില്‍ ഗോതമ്പുപുട്ടും കുറ്റിയുമായി അശ്വതി വീണ്ടും സ്ലോ മോഷനില്‍ എത്തി.

‌“അനുമോദിക്കാം..ഇന്നത്തെ ഭക്ഷണ മത്സരത്തില്‍ വിജയിയായ, കുഞ്ഞുനാള്‍ മുതലേ ഹല്‍വ ഇഷ്ടമായ, ഗോതമ്പു പുട്ടിഷ്ടപ്പെടുന്ന ശങ്കരന്‍ കുട്ടിയെ. അശ്വതി വിലാസത്തിന്‍റെ പേരില്‍ നിങ്ങളുടെ പേരില്‍ എന്‍റെ സ്വന്തം പേരില്‍...”

“ഇത്, ബൌദ്ധികമായ ഒരു പോരാട്ടത്തിലൂടെ,മറവിയുടെ മാറാലകള്‍ക്കുള്ളില്‍ നിന്നും ഹല്‍വയെ ചികഞ്ഞെടുത്ത് ഓര്‍മ്മിച്ചതിന്....” ഹല്‍വ നിറച്ച പാത്രം നല്‍കുന്നു. പിന്നില്‍ അശ്വതിയുടെ നിറഞ്ഞ ചിരി.

“ഇതു ഗോതമ്പു മണികളെ ഓര്‍ത്തതിന്. ഒപ്പം ഗോതമ്പു പുട്ടിനെയും....” പുട്ട് നിറച്ക കുറ്റി നല്‍കുന്നു.

“കാളിമയാര്‍ന്ന, ഇരുളാര്‍ന്ന.. മേഘശകലങ്ങളില്‍ നിന്നും പ്രചണ്ഡ പ്രരോദനം പോലെ ഒരു മിന്നല്‍ പിണര്‍ പോലെ പ്രത്യുഷ പുഷ്പം പോലെ ഭക്ഷണത്തിന്റെ സ്വാദായ് നറുമണമായ് രുചിയായ്, നാളെത്തെ സന്ധ്യയില്‍ അടുത്ത വിജയി
ഉണര്‍ന്നെണീക്കും വരെ വിട...”

അളിയന്‍ അപ്പുക്കുട്ടനോട് തിരക്കി “അളിയന്‍ ഇപ്പറഞ്ഞതെന്താ.....?”
‌“ആവോ... ഇത്തിരി കനമുള്ള നാലഞ്ചു വാക്കുകള്‍ കിടക്കട്ടേന്നു വച്ചതാ അളിയാ.....”

അശ്വതി വിലാസം ഹോട്ടലിന്‍റെ മറ്റൊരു നിറഞ്ഞ സന്ധ്യയ്ക്കായി അത്താണി മുക്കിലെ നല്ലവരായ നാട്ടുകാര്‍ക്കൊപ്പം നമുക്കും കാത്തിരിക്കാം....!

12 comments:

വീണ said...

..........അശ്വതി വിലാസം ഹോട്ടലിന്‍റെ മറ്റൊരു നിറഞ്ഞ സന്ധ്യയ്ക്കായി അത്താണി മുക്കിലെ നല്ലവരായ നാട്ടുകാര്‍ക്കൊപ്പം നമുക്കും കാത്തിരിക്കാം....!
-വീണ

ചില നേരത്ത്.. said...

വായിച്ചു.
വീണയുടെ മുന്‍പുള്ള പോസ്റ്റുകളെ പോലെ തന്നെ, രണ്ടു വര്‍ഷം മുന്‍പെഴുതിയ ഈ പോസ്റ്റും.

asdfasdf asfdasdf said...

ഇതു രസികനായിരിക്കുന്നു.
അശ്വവധം ഇപ്പോഴുമുണ്ടോ ?

Anonymous said...

കൊള്ളാം...നല്ല പോസ്റ്റ്‌, അടുത്ത വിറ്റുകള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍...

Anonymous said...

വീണേ, വളരെ നന്നായി എഴുതിയിരിക്കുന്നു. ആ പരിപാടി ഇപ്പോഴുമുണ്ടോ, കൈരളിയില്‍?

മുസാഫിര്‍ said...

നന്നായി വീണ.
അശ്വമേധം ഇപ്പോള്‍ ഇല്ല .

സു | Su said...

വീണേ :) നന്നായിട്ടുണ്ട്.

വീണ said...

ചില നേരത്ത്, കുട്ടമ്മേനൊന്‍, ദീപു, മുസാഫിര്‍ ചേട്ടന്മാറ്ക്കെല്ലാം നന്ദി.
സൂ ചേച്ചി, ശാ‍ലിനി ചേച്ചി (ഇതാരാ പരിചയമില്ലാത്ത സ്വരം?)നന്ദി.
- വീണ

തറവാടി said...

വീണേ,

വായിച്ചു , രസിച്ചു

Anonymous said...

കലക്കി, വീണേ!

Visala Manaskan said...

നല്ല പൊസ്റ്റായിട്ടുണ്ട വീണേ.
കുതിര ഓടിവരുന്ന ശബ്ദം വരെ ഫീല്‍ ചെയ്തു.

വീണ said...

തറവാടി ചേട്ടാ, വിശാലന്‍ ചേട്ടാ, മണി ചേട്ടാ വളരെ നന്ദി.