Thursday, November 02, 2006

അച്ചന്‍ പറഞ്ഞ കഥ.

അച്ചന്‍ ഒരിക്കല്‍ പറഞ്ഞു തന്ന ഒരു സംഭവം.
കഥയല്ല സത്യമയിട്ടും നടന്നതു തന്നെ. അച്ചന് അന്നു 8 - 9 വയസ്സു പ്രായം.
(1970-71 ല്‍) സ്കൂള്‍ അവധിയ്ക് അച്ചന്‍ ഠൌണില്‍ മുത്തശ്ശി (അച്ചന്റെ അമ്മയുടെ അമ്മ)
യുടെ വീട്ടില്‍ പോയി നില്‍ക്കാറുണ്ടത്രേ. അവിടെ ഒരു റേഡിയൊ ഉണ്ട്. പല്ലിളിച്ച് ഇടയ്ക്കിടയ്ക്കു
കണ്ണിറുക്കി കാണിക്കുന്ന റേഡിയോ!!!. അങ്ങനെയൊരു സാധനം കണ്ടിട്ടുണ്ടോ?
- പഴയ വാല്‍വ് റേഡിയൊ - മുന്നില്‍ ബാന്‍ഡ് മാറ്റാനുള്ള മൂന്നാല് വെളുത്ത
ബട്ടണ്‍ ഉണ്ടാവും അതാണത്രേ പല്ലിളിച്ചു കാട്ടണ പോലെ യും അതിന്റെ
മുന്നിലെ പച്ച നിറത്തില്‍ കത്തണ “മാജിക് ഐ വാല്‍വ് “ കണ്ണിറുക്കി കാട്ടണ
പോലെയും അച്ചനു തോന്നിയത് . കഷ്ടം.. ആ റേഡിയോ കാണാനുള്ള ഭാഗ്യം
എനിക്കുണ്ടായില്ല!!!.
മുത്തശ്ശിയുടെ വീട്ടില്‍ അച്ചന്റെ വല്യമ്മയും നാലു പെണ്‍മക്കളും ഉണ്ട്. മിക്ക
ദിവസവും സന്ധ്യയ്ക്കു റേഡിയോയില്‍ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാന്‍ ആ
മാ‍മിമാര്‍ റേഡിയോയുടെ മുന്നില്‍ വന്നിരിക്കും.
ഒരിക്കല്‍ മുത്തശ്ശി കുളിച്ചു കുറിയൊക്കെയിട്ട് സന്ധ്യാ ദീപം കത്തിക്കാനായി
വന്നപ്പോള്‍ മാമിമാര്‍ പാട്ടില്‍ ലയിച്ചിരിക്കുന്നു.
പാട്ടാണെങ്കിലോ “ഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര........”
ഫ............!!!!. പോയിനെടീ കേറിയകത്ത്. ... നാമം ജപിക്കേണ്ട നേരത്ത്
അവളുമാരുടെ ഒരു പാട്ടും കൂത്തും.....”
അവരൊക്കെ കല്ല്യാണം കഴിഞ്ഞു പോകും വരെ ചലച്ചിത്ര ഗാനം എന്ന സംഗതി
അവിടത്തെ റേഡിയോയില്‍ അവര്‍ കേട്ടിട്ടില്ലത്രെ!!.
അച്ചനിതു പറഞപ്പോള്‍ ഞാനോര്‍ത്തത് ഇപ്പോള്‍ മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍
അവിടുത്തെ ടി. വി. യുടെ ഗതി എന്താവുമെന്നാണ്?!!
- വീണ.

Wednesday, November 01, 2006

വഴി തെറ്റിയ മന്ത്രി!

പുട്ടും പയറും പപ്പടവും ഇടിച്ചു യോജിപ്പിച്ചു ബസ് വരും മുന്‍പേ
എങ്ങനെയെങ്കിലും ഒന്നകത്താക്കി പോകാന്‍ ധൃതി വയ്ക്കുമ്പൊഴാണ് ചെറുക്കന്റെ
(എന്റെ അനിയന്‍ - അപ്പൂസ്) ഒരു ക്വസ്റ്റ്യന്‍ .
അപ്പഴേ വീണേച്ചി ആക് ച്വലി എന്താ സംഭവിച്ചെ?.
എന്തു സംഭവിക്കാന്‍ ? പുട്ടു പൊടിച്ചു, പപ്പടവും പയറും കൂട്ടി കുഴച്ചു. എന്തേ?.
ച്ചേയ് അതല്ല. ഇന്നലേയ് പ്രധാന മന്ത്രി വന്നപ്പം... ഞാന്‍ വാര്‍ത്ത മുഴുവന്‍
കേട്ടില്ല.
അതാണു കുഴപ്പം നീ കേള്‍ക്കേണ്ടതു നേരെ ചൊവ്വേ കേള്‍ക്കില്ല.. അതെങ്ങനെ
നിനക്കു പരസ്യം മതിയല്ലോ?. പോ...പോ‍.. പോയി പേപ്പര്‍ നോക്കി മനസ്സിലാക്ക്
(സത്യത്തില്‍ മുഴുവനായി ഞാനും കേട്ടില്ല. മാത്രവുമല്ല കേട്ടതു ചെറുക്കനോടു
പറയാനും കൊള്ളില്ല അതു കൊണ്ട് ചെറുക്കനെ വെരട്ടി!! എങനെയുണ്ടെന്റെ
പുത്തീ.....?).

‘പ്രധാനമന്ത്രിയെ വഴി തെറ്റിച്ചു’ എന്നു കേട്ടപ്പം ഞാനൊന്നു ഞെട്ടി!. മാനം
മര്യാദയ്ക്കു കഴിയുന്ന ആളാണ് നമ്മുടെ സര്‍ദാര്‍ജി. അദ്ദേഹത്തെ കേരളത്തില്‍
കൊണ്ടുവന്നു വഴി തെറ്റിച്ചൊ?. (ഒന്നാമതു കേരളത്തില്‍ പീഡ്ഡനത്തിന്റെയും
വാണിഭത്തിന്റെയും കാലം. വല്ല ക്ലിന്റനങ്കിളുമാണേല്‍ പോട്ടേന്നു വയ്ക്കാം.
അങ്ങേരു ആളത്ര ശരിയല്ലല്ലോ!.) എന്നാലും കേരളക്കരുടെ ഓരൊ പണിയേ..
പിന്നെയാണു മനസ്സിലാ‍യതു അദ്ദേഹത്തിനെ ‘വഴിതെറ്റിച്ചതല്ല‘ ഞങ്ങടെ
തിരോന്തരത്തെ ഡ്രൈവര്‍ ചേട്ടന് വഴി തെറ്റിയതാണെന്ന്. വെറുതെ മനുഷ്യന്
കണ്‍ഫ്യൂഷ്യനുണ്ടാക്കി.
ഞങ്ങള്‍ക്കും നല്ല കാലം വരാന്‍ പോണു. അറിഞ്ഞില്ലേ എയര്‍ പോര്‍ട്ടില്‍
പുതിയ ടെര്‍മിനല്‍ , വിമാനം നന്നാക്കാന്‍ ഹാങ്കര്‍ . ഹോ.. അങനെയിപ്പം
കൊച്ചി ക്കാരു മാത്രം സുഖിക്കേണ്ട. ഇനി ഞങടെ വിഴിഞ്ഞം പോര്‍ട്ട്
കൂടെയൊന്ന് ശരിയാക്കിത്തരണെ എന്റെ ആറ്റുകാലമ്മേ. എന്നിട്ടു വേണം
ഞങള്‍ക്കൊന്നു ഞെളിയാന്‍ ...!
- വീണ

പറയാമോ?




ഈ രണ്ടു ചിത്രങളും എന്താണെന്നു പറയാമോ?. (കഴിയുമെങ്കില്‍ നല്ല അടിക്കുറിപ്പുകള്‍ കൂടെ ഇടണേ!).
ഉത്തരങ്ങള്‍ ഞാന്‍ അടുത്ത് പോസ്റ്റിലിടാം.
- വീണ.