Thursday, January 11, 2007

ശീലാവതി

“ഹലോ സുരേഷേട്ടാ‍ എവിടെത്തീ ..”
“ദാ....എത്താറായല്ലോ.. എന്താ‍ടീ...?”
“ ഇല്ല ഞാന്‍ വെറുതെ തിരക്കീന്നെയുള്ളൂ”
“ അതെന്താ ഫോണില്‍ ട്രെയിന്റെ ശബ്ദം....?”
“...ഹത്....അതു പിന്നെ ....ടീവീലാ..ചേട്ടാ.. സീരിയല്‍ നടക്കുന്നു.
നായിക പഴയ കാമുകനെ തിരക്കിപ്പോയതാത്രെ.....!”
“..ഓ.ക്കെ ഓ..ക്കെ മോളെവിടേ..?”
“...അവളോ......അവളപ്പുറത്തെ ചേച്ചീടടുത്ത് നിക്കുവാ.. ഇവിടെ നിന്നിട്ട്
ഭയങ്കര ബഹളം എനിക്കാണേല്‍ രാവിലേ തുടങ്ങീതാ തലവേദന... പിന്നേയ്...
ഞാന്‍ വിളിച്ചതേ ..... ഇന്നു ഞാനൊന്നും ഉണ്ടാക്കീലാട്ടൊ വരുമ്പോ കഴിക്കാന്‍
എന്തേലും മേടിച്ചോണ്ട് വരണേന്നൊന്നു പറയാനാ.......ലാന്റ് ഫോണ്‍ കേടാ അതോണ്ടാ..”
“ഓ..ക്കെ ഓക്കേ നീ മൊബൈലിലെ കാശു കളയണ്ടാ. . ഞാന്‍ വരുമ്പൊ
എന്തെങ്കിലും കൊണ്ട്വരാം...... ബൈ.”
“ബൈ യേട്ടാ‍....”.

റെയില്‍ വേസ്റ്റേഷനിലെത്തിയതും ബിന്ദു ധൃതിയില്‍ ഇറങ്ങി ടാക്സി
സ്റ്റാന്‍ഡിലേയ്ക്കു നടന്നു. സുരേഷ് പതിവു പോലെ ബൈക്കെടുക്കാന്‍ ഷെഡ്ഡിലേയ്കും...!!!!!!!

Wednesday, January 10, 2007

അക്കരെപ്പച്ച

കീറാമുട്ടിയ്ക്കും കാലന്‍പുഴയ്ക്കുമപ്പുറം ഇരുണ്ട കാടാണ്. അവിടെ വര്‍ഷാവര്‍ഷം കാടിന്റെ മക്കളുടെ കുലദൈവത്തിന്റെ പൂജയുണ്ട്. ആര്‍പ്പും വിളിയും പാട്ടും കൂത്തും നല്ല രസമാണ് കണ്ടിട്ടില്ലേ പണ്ടത്തെ ശശികുമാര്‍, ഐ.വി.ശശി സിനിമകളില്‍ ? അതു തന്നേ... ഇങ്ങു കീറാമുട്ടി വരെ കേള്‍ക്കാം ആര്‍പ്പുവിളികള്‍. കീറാമുട്ടിയിലെ പനവിള മനയിലെ താത്രിക്കുട്ടി തമ്പുരാട്ടിയ്ക്കൊരു മോഹം അക്കരെ കാവില്‍ പോയി വേലയും വിളക്കും തൊഴുതു വരണംന്ന്. അതിമോഹം അല്ലാതെന്താ..! കാരനവന്മാരുണ്ടോ വിടുന്നു.
“എന്താ കുട്ട്യേ കഥാ... മ്ലേച്ചന്മാരുടെ അടുത്ത് പുവ്വേ ... ശ് ..ശേ അങ്ങനേള്ള വിചാരൊന്നും വേണ്ടാ‍ട്ടോ..”

എങ്കിലും അക്കരെ കാവിലെ വേലേം പൂരോം താത്രിക്കുട്ടീടെ മനസ്സീന്നു പോയില്ല. ‘എന്നേലും ഒരിക്കല്‍ ഞാന്‍
പോവൂട്ടോ” താത്രിക്കുട്ടി തോഴിമാരോടു പറഞ്ഞു. “അന്നു നിന്റെ അവസാനം“ എന്നു അവരും മനസ്സീപ്പറഞ്ഞു കാണണം!.

കഴിഞ്ഞ കൊല്ലം തിരുവാതിര കഴിഞ്ഞയുടന്‍ കാവില്‍ ഉത്സവം തുടങ്ങി. അക്കരെ ചെണ്ടമേളത്തോടൊപ്പം താത്രിക്കുട്ടിയുടെ മനസ്സിലും മേളം മുറുകി. ഒരു നാള്‍ മനയില്‍ ആരോടും പറയാതെ താത്രിക്കുട്ടി കടവില്‍ ചെന്നു കുഞ്ഞിരാമനോടു പറഞ്ഞു
“നിക്ക് അക്കരെക്ക് പോണല്ലോ.. “
കുഞ്ഞിരാമന്‍ ഞെട്ടി. “അയ്യോ തമ്പുരാട്ടി അതിപ്പോ അടിയന്‍ .. എങ്ങനാ ത്.....”
ഒരു കണക്കിനു കുഞ്ഞിരാമനെ പറഞ്ഞൊതുക്കി താത്രിക്കുട്ടി കാലന്‍പുഴ കടന്നു. അക്കരെ കാവില്‍ നേര്‍ച്ചയ്ക്കായി ദേവന്റെ പ്രിയ മാതളം കരുതാനും താത്രിക്കുട്ടി മറന്നില്ല. അക്കരെനിന്നുള്ള തമ്പുരാട്ടിയെ ആറ്പ്പോടെ ആഘോഷത്തോടെ റെഡ് കാര്‍പ്പറ്റിനു പകരം ഗ്രീന്‍ കാര്‍പറ്റിട്ട് കാടിന്റെ മക്കള്‍ സ്വീകരിച്ചു.
അന്നു ആദ്യമായി ഇക്കരെ ഉണ്ണിക്കണ്ണനു വിളക്കു കൊളുത്താ‍ന്‍ തമ്പുരാട്ടി പോയില്ല. തമ്പുരാട്ടിയ്ക്കു പകരം തോഴിമാര്‍ വിളക്കു കത്തിച്ചു വരും വഴി കാരണവരുടെ കണ്ണില്‍പ്പെട്ടു.
“എവിടെ താത്രിക്കുട്ടി”
“അത്....അത്.....”
“അത്...?......“
“തമ്പുരാട്ടി ആക്കരെ കാവില്‍ വേല കാണാന്‍ പോയമ്പ്രാ.....”
ബ്രാഹ്മണ്യത്തിന്റെ ചോരക്കണ്ണുകള്‍ തിളങ്ങി. മനയിലെത്തിയ കരണോര്‍ ഉറഞ്ഞു തുള്ളി. അക്കരെ കാവില്‍ കാടിന്റെ മക്കള്‍ തുള്ളിയതിനെക്കാളും ഫ്രീക്വന്‍സി കൂട്ടി കാരണോര്‍ തുള്ളി.

പിന്നെ പടിയടച്ചു പിണ്ഡം വയ്ക്കലും പുറത്താക്കല്‍ എപ്പിസോഡുകളും വളരെപെട്ടെന്നു കഴിഞ്ഞു. ആഘോഷത്തോടെ കീറാമുട്ടിയിലെ വാര്‍ത്താ ചാനലുകള്‍ ലൈവായി ഇതൊക്കെ കാട്ടി. കാടിന്റെ മക്കളുടെ തേനും വയമ്പും തിന്നു തമ്പുരാട്ടി ഈ കഥകളൊക്കെ ലൈവ് ആയി തന്നെ കണ്ടു. (കാട്ടിലെവിടെ ടീ.വി..? കഥയില്‍ ചോദ്യമില്ലാ‍ന്നു പറഞ്ഞിട്ടില്ലെ ഏഭ്യാ..) പിന്നെ താ‍ത്രിക്കുട്ടി ശപഥമെടുത്തു. കൊടും ശപഥം. ഇനി മരിച്ചാലും ഞാന്‍ കീറാമുട്ടിയിലേയ്ക്കില്ല.. ഇതു സത്യം, സത്യം, സത്യം!!. ശകാടിന്റെ മക്കളുടെ ചക്കരയിലുംതേനിലും മുളയിലുണ്ടാക്കിയ പുട്ടിലും തമ്പുരാട്ടി മയങ്ങി വീണു. കരിമ്പാര ശയ്യയാക്കി തമ്പുരാട്ടി മയങ്ങി.. മയക്കത്തില്‍ ദുസ്വപ്നം കണ്ട്. അക്കരെ കീറാമുട്ടിയിലെ ആള്‍ക്കാര്‍ സാത്താന്മാരായി താത്രിക്കുട്ടിയ്ക്കു ചുറ്റും ശൂലവും കുന്തവുമായി നിരന്നു നിന്നു ആക്രൊശിച്ചു. തമ്പുരാട്ടിയെ പേടിപ്പിച്ചു. തമ്പുരാട്ടി അവരെ വെറുത്തു.

കുറെനാള്‍ കാടിന്റെ മക്കള്‍ തമ്പുരാട്ടിയെ പല്ലക്കിലും തലയിലും ഡോളിയിലുമൊക്കെ ചുമന്നു. ചുമന്നു തളര്‍ന്നപ്പോള്‍ അവര്‍ തമ്പുരാട്ടിയെ പാറപ്പുറത്തു നിറ്ത്തി. ചൂടുള്ള പാറമേല്‍ നിന്നു തമ്പുരാട്ടിയുരുകി. പിന്നെ പിന്നെ തേനുമില്ല വയമ്പുമില്ല .....റാന്‍ വിളികളുമില്ല. കാരണം നേര്യതും പട്ടുജാക്കറ്റുമൊക്കെ മാറ്റി മരവുരിചുറ്റിയ തമ്പുരാട്ടിയെ കാടിന്റെ മക്കള്‍ തമ്പുരാട്ടിയെന്നു വിളിച്ചില്ല. വിശന്നപ്പോള്‍ “വേണേല്‍ മാന്തിക്കഴിച്ചോ“ ന്നും പറഞ്ഞ് കാട്ടുകിഴങ്ങിന്റെ മൂടു കാട്ടിക്കൊടുത്തു, മാന്താന്‍ ശീലമില്ലാത്ത തമ്പുരാട്ടി അതും പഠിച്ചു. സഹിച്ചു. പിന്നെ പിന്നെ അവരിലൊരാ‍ളാകാന്‍ മനസ്സുകൊണ്ട് ശ്രമിച്ചു എങ്കിലും ബ്രഹ്മണ്യത്തിന്റെ ചുവന്ന ചോര താത്രിക്കുട്ടിയെ ഉള്ളിലേയ്ക്കു വലിച്ചുകൊണ്ടിരുന്നു.

എപ്പിസോഡുകള്‍ പലതുകഴിഞ്ഞു. താരങ്ങള്‍ പലരും വന്ന്പോയി. നമ്മുടെ ഇപ്പൊഴത്തെ മുഖ്യമന്ത്രിയ്ക്കു സ്ഥാനം ഒഴിയാനൊ പിടിച്ചു നില്‍ക്കാനോ വയ്യാത്ത അവസ്ഥ എന്നപോലെ താത്രിക്കുട്ടിയ്ക്കും അവിടെ നിക്കാനോ വീണ്ടും കാലന്‍പുഴ കടന്നു കീറാമുട്ടിയിലേയ്കു വരാനോ വയ്യാത്ത അവസ്ഥയില്‍ കുഴഞ്ഞു ആ കുഴച്ചിലില്‍ താത്രിക്കുട്ടി
ഒരു തീരുമാനമെടുത്തു. കാടിനപ്പുറത്തേയ്ക്കുള്ള ചുരം കടക്കുക. അങ്ങിനെ താത്രിക്കുട്ടി ആ ചുരം താണ്ടാന്‍ തീരുമാനിച്ചു.

ആ ചുരത്തിനുമപ്പുറം കീറാമുട്ടിയേക്കാള്‍ നന്മ നിറഞ്ഞ ആള്‍ക്കാരുടെ സൌഹ്രുദവും നല്ല ഒരു പ്രഭാതവും താത്രിക്കുട്ടിയെ കാത്തിരിക്കുന്നുണ്ടാവുമോ..... ആവോ?.

Sunday, January 07, 2007

എന്റെ ദു:ഖം

ഭാരതത്തില്‍ എന്നൊടൊപ്പം ഉള്ള 1103238100 ജനങ്ങല്‍ക്കൊപ്പം ഞാനും അഭിമാനിച്ചു
എന്റെ രാജ്യം ഭാരതം ആണ് എന്നു . അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ അതു
ഞാന്‍ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ , സ്വയം പര്യാപ്തതയില്‍ , ശാസ്ത്ര നേട്ടങ്ങളില്‍ ലോക
ത്തിനു മുന്നില്‍ ഞാന്‍ സ്വയം വലുതായ പോലെ. എന്റെ തൂലികാ മിത്രങ്ങളില്‍ ഒരാളായ
ആ‍സ്ത്രേലിയക്കാരി ക്രിസ്റ്റീ ജോണ്‍സ് ഒരിക്കല്‍ എനിക്കെഴുതി “ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്
അച്ചനോടും അമ്മയോടും ഒപ്പം.ഇന്ത്യയില്‍ വന്നിട്ടുണ്ട് , ഇന്ത്യയെക്കുറിച്ഛ് എനിക്കു കേട്ടു കേള്‍വി
മാത്രമെ ഉണ്ടായിരുന്നുള്ളു. പക്ഷെ വന്നു കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി!. എന്തൊരു
മായിക പ്രപഞ്ചം!. വൈവിധ്യങ്ങളുടെ നാട്...............” ഞാന്‍ ഒറ്റ വാക്കില്‍ മറുപടിയെഴുതി
“ അതാണ് ഭാരതം”. എനിക്കഭിമാനം തോന്നിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അതു.
മറ്റൊരാളുടെ നാവില്‍ നിന്നും കേള്‍ക്കുമ്പോള്‍ രാജ്യസ്നേഹം ഉള്ള ആര്‍ക്കും തോന്നുന്ന
ഒരു അവാച്യ നിര്‍വൃതി. മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നു പറയുന്നപോലെ നമ്മുടെ ശക്തി
യും നേട്ടങ്ങളും പലപ്പോഴും നാം അറിയാറില്ല അതു മറ്റുള്ളവര്‍ പറഞ്ഞറിയേണ്ടിവരുന്നു.

ഞാനിന്നു ദു:ഖിതയാണ്. നേരത്തെ പറഞ്ഞ അഭിമാനം എന്നില്‍ നിന്നും ചോര്‍ന്നു പോകുന്നോ
എന്നൊരു ഭയം. എന്റെ ഉയര്‍ത്തിയ തല താഴുന്നുവോ?. ഞാന്‍ ഒരു ഭാരതീയ എന്ന്
സാഭിമാനം പറഞ്ഞിരുന്ന എനിക്കിപ്പോള്‍ അങ്ങിനെ പറയാന്‍ ഒരു ഉള്‍ഭയം.
ഓരൊ ദിവസവും എന്റെ ജി.മെയില്‍ തുറക്കുമ്പോള്‍ എന്നെ കുറ്റപ്പെടുത്തി ക്രിസ്റ്റിയുടെ
മെയില്‍ വരുമോയെന്നു ഓരൊ നിമിഷവും ഞാന്‍ ഭയക്കുന്നു.പുകഴ്ത്തിയ ആ നാവില്‍ നിന്നും
ഇകഴ്ത്തിക്കൊണ്ടെപ്പൊഴാണാവോ ഒരു മെയില്‍ എത്തുക.

നോയിഡ എന്ന സ്ഥലം ഭാരതത്തിലാകരുതേയെന്നു ഞാനിപ്പോള്‍ പ്രാര്‍ഥിച്ചുപോകുന്നു.
നോയിഡ എനിക്കിപ്പോള്‍ എന്റെ സഹോദരങ്ങളെ പച്ചയ്ക്കു തിന്ന നരഭോജികളുടെ നാടാണ്.
കപ്പല്‍ച്ചേതത്തില്‍പ്പെട്ട് നടുക്കടലില്‍ ഭക്ഷണമില്ലാതെ വന്നപ്പോള്‍ സഹയാത്രികനെ
ഭക്ഷണമാക്കിയതും, ഈദി അമീന്‍ നരഭോജിയാണെന്നതും ഒക്കെ വായിച്ചറിഞ്ഞ
അന്നു അതൊക്കെ സെല്ലുലോയിഡ് കഥകളിലെപ്പോലെ മാത്രമേ എനിക്കു തോന്നിയുള്ളു.
ഇപ്പോള്‍ എന്റെ നാട്ടില്‍ ഹോ... ഓര്‍ക്കാന്‍ കൂടെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
എത്രയെത്ര ജീവനുകളാവാം അവിടെ കുരുതികഴിക്കപ്പെട്ടത്. ലോകം കണ്ടതില്‍ വച്ച്
ഏറ്റവും ക്രൂരന്മാരാകാം മൊണിന്ദര്‍ സിങ് പാന്ധറും കൂട്ടാളി സുരേന്ദ്ര കോളി യും അല്ലെങ്കില്‍
അവര്‍ക്ക് എങ്ങനെ നിര്‍ദ്ദയം ഇങ്ങനെ കൂട്ടക്കൊല ചെയ്യാനാകും.

അറസ്റ്റിലായ ഉടനെ പ്രമേഹ ബാധിതനായ പാന്ധര്‍ ബ്ലഡ് ഷുഗറ് കൂടിയതിനെ തുടര്‍ന്ന്
ആശുപത്രിയെ പ്രാപിച്ചു!. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഡോക്റ്ററ്മാര്‍ നെട്ടൊട്ടമോടി!.
ഇന്നു രാവിലെ അദ്ദേഹം ആ‍ശുപത്രി വിട്ടു. ബ്ലഡ് ലെവല്‍ സൂക്ഷിക്കണം എന്ന്‍ ഡോക്ടര്‍മാര്‍
പുറകേ നടന്നു ഓറ്മ്മിപ്പിക്കുകയും ചെയ്തു!!.ഇതില്‍ ഏറ്റവും തമാശ തോന്നിയ വാര്‍ത്ത യു.പി മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ
സഹോദരനും യു.പി. മന്ത്രിസഭയിലെ മരാ‍മത്തു വകുപ്പു മന്ത്രിയുമായ ശ്രീ ശിവപാല്‍ യാദവ്
സ്ഥലം സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവനയാണ്. “ചോട്ടി-മോട്ടി ഘട്ട്ന” എന്നു.
എത്ര ലളിതമായ കാഴ്ചപ്പാടാണ്!!.

ഓരൊ ദുരന്തത്തിനു ശേഷവുമെന്നോണം പതിവുപോലെ ഗവണ്മെന്റ് നഷ്ട പരിഹാരം പ്രഖ്യാപിച്ചു
ഡി. എന്‍ . എ ടെസ്റ്റ് റിസല്‍ട്ട് വന്നാലുടനെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഗവണ്മെന്റ് പ്രഖ്യാപിച്ച
അഞ്ചു ലക്ഷം രൂപ ലഭിക്കും. പട്ടിണിയില്‍ നിന്നും പട്ടിണിയിലേക്കു കൂപ്പു കുത്തുന്ന അവിടുത്തെ
പാവപ്പെട്ടവര്‍ ഈ തുക കിട്ടിയാല്‍ (കിട്ടിയാല്‍ .!!!) സംതൃപ്തരായേയ്ക്കും. കുറ്റകൃത്യം ചെയ്തവര്‍
ജാമ്യത്തിലിറങ്ങും. പണവും സ്വാധീനവും ഉപയോഗിച്ച് നല്ല വക്കീലിനെ വച്ച് അവര്‍ കോടതിയില്‍
പൊരുതും. തെളിവുകളുടെ അഭാവത്താല്‍ മറ്റു അനേകം കേസുകളെപ്പോലെ ഇതും തള്ളപ്പെടും.
പ്രാപ്പിടിയന്മാരെപ്പോലെ വീണ്ടും മോനീന്ദര്‍ സിങും സുരേന്ദ്ര കോളിയും വീണ്ടും നോയിഡ
യിലെ രാജാക്കന്മാരാകും. കുറഞ്ഞൊരു ദിവസം കൊണ്ടു നോയിഡയെ നാം മറക്കും. പുതിയ നോയിഡ
കള്‍ വാ‍ര്‍ത്തയില്‍ ഇടം പിടിയ്ക്കും. ഏറ്റവും ഒടുവില്‍ മറ്റൊരു സമാന സംഭവം കൂടി ഹൈദ്രാബാദില്‍ നിന്നും
റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഏകദേശം 25 ല്‍പ്പരം ആള്‍ക്കാരെ നോയിഡയിലെ പ്പോലെ ലൈംഗികമായി
പീഡിപ്പിച്ചശേഷം കൊന്നു കുഴിച്ചുമൂടിയതായി സംശയിക്കുന്നത്രെ. ഹൈദ്രാബാദിലെ സാങ്കേതികകേന്ദ്രമായ
സൈബറാബാദിലാണ് സംഭവം നടന്നത്. ഒന്‍പതോളം മൃതദേഹം ഇതിനോടകം കണ്ടെടുത്തു മറ്റുള്ളവയ്ക്കായി
തിരച്ചില്‍ തുടരുന്നു. ഇതൊരു തുടര്‍ക്കഥയാവുകയാണൊ?.

ചിത്രങ്ങള്‍ക്കു കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ.