Saturday, November 25, 2006

കേബിളും കൂപ്പണും

കഴിഞ്ഞതിനു മുന്നിലെ കര്‍ക്കിടകത്തിലെ ഒരു ഇരുണ്ട സന്ധ്യ.
കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടി. ആകാശത്തല്ല അപ്പുറത്തെ മാധവിയമ്മേടെ മുഖത്ത്. എനിക്കാദ്യം കാര്യം പിടികിട്ടീല്ല്യ ഞാന്‍ കരുതിയതു എനിക്കു എഞ്ചിനീയറിങിനു അഡ്മിഷന്‍ കിട്ടിയതിന്റെ ദീനമായിരിക്കും കടന്നല്‍ കുത്തിയ ആ മുഖത്തിന് കാരണം എന്നാണ്. കാരണം അവരാരോടൊക്കെയൊ പറഞ്ഞു നടന്നിരുന്നു ആ പെണ്ണിന് ഒരു എല്ലു കൂടുതാലാന്ന്. അതൊക്കെ പോട്ടെ അയലോക്കക്കാര്‍ക്കൊരു ദണ്ഡം വന്നാല്‍ നമ്മളു ചോദിക്കേണ്ടായോ?.

ഞാന്‍ തിരക്കി എന്താ വല്ല്യമ്മേ എന്തെങ്കിലും ഏനക്കേടുണ്ടോന്ന്. വല്ല്യമ്മ നീട്ടിയൊരാട്ട്. ഫ് ..ആ... ഏനക്കേട് നിന്റ്റമ്മയ്ക്കാ...ന്ന്. കിട്ടേണ്ടതു കിട്ടിയപ്പം

എനിക്കും സമാധാനമായി. പിന്നെ എന്താ അവരുടെ പ്രശ്നമെന്നറിയാന്‍ ഞാന്‍ അപ്പൂസെന്ന ഏജന്റിനെ വിട്ടു നമ്മുടെ കമ്മീഷനെപ്പോലോന്നുമല്ല.അവന്‍ പത്തു മിനിറ്റിനകം നിക്കു റിപ്പോര്‍ട്ടു തന്നു.

“വീണേച്ചീ .. അതെന്താ പ്രശ്നാന്നൊ അവരുടെ വീട്ടില്‍ കേബിളില്ലാത്രെ അതിനു കെട്ടിയോനുമായി വഴക്കുണ്ടാക്കിയിറങ്ങിയതായിരുന്നു“.

അവരുടെ വീടിന്റെ മോളില്‍ ഒരു പൈപ്പും അതിന്റെ അറ്റത്ത് പഴുതാര പോലൊരു സാധനവും നിക്കാന്‍ തൊടങ്ങീട്ട് കൊല്ലം പത്തിരുപതായി. അതിലൂടെ താഴേയ്ക്കിറങ്ങി വരുന്നതോ മാധവിയമ്മയ്ക്കു ഏഴയലത്തുപോലും പിടുത്തമില്ലാത്ത ഹിന്ദീം വല്ലപ്പോഴും കിട്ടണ മലയാളം ദൂരദര്‍ശനവും. കാക്കയിരുന്നാലും കാറ്റടിച്ചാലും പിണങ്ങുന്ന ദര്‍ശനം. ഇപ്പുറത്തും അപ്പുറത്തും സ്ത്രീയും, മിന്നു കെട്ടും, ഒക്കെ തകര്‍ക്കുമ്പോള്‍ , സന്മനസ്സില്ലാത്തതു കൊണ്ടു മാത്രം സമാധാനം കിട്ടാത്ത മാധവിയമ്മ എങ്ങിനെ കിടന്നുറങ്ങും.

കൊല്ലം കുറെയായി കെട്ട്യോനോടു പറയാന്‍ തുടങ്ങിയിട്ടു “ . ദേ.. നമുക്കും എടുക്കാന്നേ ഒരു കേബിള്‍ .!?എന്നും എങ്ങനാ അപ്പുറത്തെ പിള്ളാരോടു കഥ ചോദിക്കുന്നെ?. “

“ഓ പിന്നെ അതിന്റെയൊരു കൊറവേയിനിയുള്ളൂ. പശൂന് നാളെ പിണ്ണാക്കു വാങ്ങാന്‍ ആര്‍ക്കു കള്ളസാക്ഷി പറയുംന്ന് ഓര്‍ത്ത് മനുഷ്യന് പ് രാന്തു പിടിച്ചിരിക്കുമ്പഴാ അവടെയൊരു കേബിള്...

എന്നാലും കേബിള്‍ മോഹം മാധവിയമ്മേടെ മനസ്സീന്നു പോയില്ല. കണവനെക്കൊണ്ട് സമ്മതിപ്പാ‍നായി മാധവിയമ്മ അരയും തലയും മുറുക്കി. പിറ്റേന്നു നേരം വെളുത്തപ്പോള്‍ മാധവിയമ്മേടെ കെട്ട്യോന്റെ മനസ്സു മാറി അഥവാ മാധവിയമ്മ എന്തോ കൂടോത്രം ചെയ്തു മാറ്റി!.

പിന്നേയും കെട്ടിയോന്‍ കാലുമാറും മുന്‍പേ മാധവിയമ്മ മോളുടെ “മീശമാധവന്‍ .” ഊരി കൊടുത്തിട്ടു പറഞ്ഞു “ഇത് കൊണ്ടൊയി വിറ്റിട്ട് കേബിളിന്റെ കാശടച്ചിട്ടു വാ മനുഷ്യേനെ.... . നിവൃത്തിയില്ലാതെ മനസ്സില്ലാ മനസ്സൊടെ കെട്ടിയോന്‍ പടിയിറങ്ങി. ഒരു വര്‍ഷത്തെ കാശടച്ചു പിറ്റേന്ന് മാധവിയമ്മയ്ക്കു കണക്ഷനും കിട്ടി. അന്നു തന്നെ മുകളിലിരുന്ന പഴുതാരയെ പറിച്ച് ഒരേറു കൊടുത്തു മാധവിയമ്മ.

പക്ഷെ പ്രശ്നം അവിടെയല്ല...

കേബിളെടുത്ത് ഒരു കൊല്ലം തികയാറയപ്പോള്‍ കേബിളാപ്പീസീന്ന് ഇന്‍ഡാസു വന്നു. അടച്ച പണത്തിന്റെ കച്ചോടം കഴിഞ്ഞു ഇനി കരയണോങ്കിലും ചിരിക്കണോങ്കിലും പണം വേറേ അടയ്ക്കണം. .. വിഷമിക്കേണ്ടാട്ടോ.... ഞങ്ങടെ പുതിയ “പുട്ടും അമിട്ടും© ” സ്കീമില്‍ പണം ഒരു കൊല്ലത്തേയ്ക്കടച്ചാ‍ല്‍ നിങ്ങള്‍ക്കു കിട്ടുന്നതോ ഒരു യമണ്ടന്‍ പട്ടു സാരി, നിറപറ കിറ്റ്, 10,000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും.....?!!!

മാധവിയമ്മയും കെട്ടിയോനും തിരിച്ചും മറിച്ചും കൂട്ടി നോക്കി. അടയ്ക്കേണ്ടത് 2000 രൂപ. കിട്ടുന്നതു ഒരു പട്ടു സാരി, 10,000 രൂപയുടെ കൂപ്പണ്‍, പിന്നെ നിറപറ കിറ്റും!!. ഒട്ടും ആലോചിച്ചില്ല മാധവിയമ്മ. ചിട്ടി കെട്ടിയ കാശു കൊണ്ട് മോള്‍ക്കു വാങ്ങിയ വള എടുത്തു കെട്ടിയോന് കൊടുത്തിട്ട് പറഞ്ഞു “ഇതങ്ങോട്ട് വില്‍ക്ക് 10,000 ന്റെ കൂപ്പണ്‍ ഉണ്ടല്ലോ നമുക്കു ഇതുപോലൊന്ന് വാങ്ങാമെന്നെ“. നിറപറയും കിറ്റുമൊക്കെ കൊണ്ട്വരാനുള്ളതല്ലേ ഓണത്തിന്റെ തെരക്കാ ബസ്സിലെല്ലാം നിങ്ങളൊരോട്ടോയെടുത്തു പോകാന്‍ നോക്ക്......ഇതാദ്യമായാ മാ‍ധവിയമ്മേടെ കെട്ടിയോന്‍ തന്റെ പ്രിയതമയില്‍ നിന്നും ഇത്രേം പ്രായത്തിനിടെ ഇങ്ങനെ ഒരു നല്ല വാക്കു കേക്കണെ.

അങ്ങനെ കേബിളാപ്പീസിച്ചെന്നു പണമടച്ച് രസീതി വാങ്ങി ഗിഫ്റ്റ് കൌണ്ടറില്‍ പോയി നിന്നിട്ട് ചേട്ടന്‍ ആട്ടോ ഡ്രൈവറെ കൂടെ വിളിച്ചു. പെന്‍സില് പോലിരിക്കണ താനെങ്ങനെ ഒറ്റയ്ക്കു അരിച്ചാക്കു പൊക്കിയെടുക്കും? പട്ടുസാരി നല്ല നെറോള്ളതു തന്നെ സെലക്റ്റ് ചെയ്ത് എടുത്തു. പറഞ്ഞപോലെ കുറേ ഗിഫ്റ്റ് കൂപ്പണുകളും കിട്ടി. അടുത്തതു നിറപറ... ചേട്ടന്‍ പറഞ്ഞു “ഇനി അതെടുത്തു വണ്ടിയില്‍ വയ്ക്ക്..

“എന്ത്....?“ ഡ്രൈവര്‍ ചോദിച്ചു.

“നില്ലെടാ അവരിപ്പ തരും അരി... “ കുറെ നേരം നിന്നിട്ടും അതു മാത്രം കാണുന്നില്ല. ഒടുവില്‍ ക്ഷമ കെട്ടു ചേട്ടന്‍ ചോദിച്ചു. “അപ്പഴെ അപ്പീ അതു മാത്രം ഇങ്ങു തന്നീല്ലല്ലൊ ...പോട്ട് ...നേരം ...ഒരുവാടായി“
“എന്തോന്നാ കാര്‍ന്നോരെ..... “ കൌണ്ടറിലെ ചേട്ടായി തിരക്കി.
“അരീം മറ്റും തരൂന്ന് പറഞ്ഞില്ലേ പിള്ള അതൂടെ പിടീന്നിഞ്ഞെടുക്കീന്‍ നേരങ്ങളായി......പോട്ട്....“
മേശപ്പുറത്തിരുന്ന ഒരു കുഞ്ഞു പായ്ക്കറ്റ് കാട്ടി കൌണ്ടറിലെ ചേട്ടന്‍ പറഞ്ഞു. “അതല്ലേ ചേട്ടാ ഈ എടുത്തു വച്ചേയ്ക്കുന്നെ ....!!
“ഈ ഉരിയ അരിയാ....... ? എന്തര് പറേണതു?“
“അതെ ചേട്ടാ ഇതു തന്നെ നിറപറ കിറ്റ്. അതിനുള്ളില്‍ നിറപറ അരിയുണ്ട്, പായസത്തിന്റെ സാധനങ്ങളുണ്ട്, സാമ്പാറിന്റെ പൊടിയുണ്ട്. ഓണത്തിനു അടിച്ചു പൊളിക്കാന്‍ ഇത്രയൊക്കെ പോരെ?.”.
“ഇതു കൊറേ അന്ന്യായമാ‍യിപ്പോയപ്പി...“
ആട്ടൊയുടെ പൈസ വേസ്റ്റായതോര്‍ത്ത് ചേട്ടന്‍ കരഞ്ഞില്ലെന്നേയുള്ളൂ.
“കിറ്റു “ കണ്ട് മാധവിയമ്മ നെഞ്ചു പൊട്ടി പ് രാകി. പിന്നെ സമാധാനിച്ചു. 10,000 ന്റെ കൂപ്പണുണ്ടല്ലോ? 2000 ഉം ആട്ടൊയുടെ 45 രൂപയും കഴിച്ചാലും 7955 ബാക്കിയുണ്ടല്ലോ? അതു മതി.

പിറ്റേന്ന് തന്നെ മാധവിയമ്മ അതീന്ന് 5000 എന്നെഴുതിയ ഒരു കൂപ്പണും എടുത്ത് അപ്പുറത്തെ രാഗിണിയേടത്തിയേം വിലാസിനിയേടത്തിയേം ഒക്കെ കൂട്ടി അയ്യപ്പാസില്‍ പോയി തുണിയെടുക്കാന്‍ 5000 ന്റെ കൂപ്പണല്ലെ കയ്യില്‍. മാധവിയമ്മയ്ക്കാണേ തുണിയൊന്നും വേണ്ട. രാഗിണിയ്ക്കും വിലാസിനിയ്ക്കും ഓണത്തിനു തുണിയെടുക്കണോന്ന് പറയുകേം ചെയ്തിരുന്നു.അയ്യപ്പാസില്‍ പോയി ആവശ്യത്തിനുള്ള സാരിയും ഡ്രസ്സുമൊക്കെ എണ്ണിയും തൂക്കിയുമൊക്കെ എടുത്തു വച്ചു. ബില്ലു 6587 രൂപ 85 പൈസ. 5000 കഴിഞ്ഞു ബാക്കി 1587.85 അടയ്ക്കാനായി കൌണ്ടറില്‍ പോയി ആദ്യം കൂപ്പണ്‍ കൊടുത്തു...... അവരാ കൂപ്പണ്‍ തിരിച്ചും മറിച്ചും നോക്കി.. മാ‍ധവിയേടത്തിയെ രൂക്ഷമായി നോക്കുകയും ചെയ്തു. അയാള്‍ പറഞ്ഞു മാഡം ഒന്നാമതു ഇതു ഞങ്ങള്‍ക്കുള്ളതല്ല. മറ്റേ അയ്യപ്പാസിനുള്ളതാ (തിരോന്തരത്തു രണ്ട്
അയ്യപ്പാസുണ്ടത്രെ?) രണ്ടാമതു, 5000 രൂപയ്ക്കു നിങ്ങള്‍ പര്‍ച്ചേസു ചെയ്യുമ്പോള്‍ 25% ഡിസ് കൌണ്ട് കിട്ടും അതായതു 1250 കുറച്ചു അവിടെ കൊടുത്താല്‍ മതി എന്നര്‍ത്ഥം....!!.

മൂന്നാം ക്ലാസ്സില്‍ മൂന്നുവട്ടം തോറ്റ് ഈ ഏര്‍പ്പാട് നമുക്കു പറ്റിയതല്ലെന്ന് തീരുമാനിച്ച മാധവിയേടത്തിയ്കോ പള്ളിക്കൂടത്തി വിട്ടപ്പം പറങ്കിമാവേക്കേറിയിരുന്നു കാലം കഴിച്ച കെട്ട്യോനോ കൂപ്പണിന്റെ പൊരുളു പിടികിട്ടീല്ല. എല്ലാ കൂപ്പണിലേം ഡിസ്കോണ്ട് തുക കൂട്ടിയാ 10,000 വരും. പക്ഷെ ഓരൊന്നിലും പറഞ്ഞ തുകയുടെ സാധനം കാശുകൊടുത്തു വാങ്ങണം അപ്പഴെ ഡിസ്കൌണ്ടായി ഈ പറഞ്ഞ 10,000 കിട്ടൂ... കൂപ്പണ്‍ കൊടുത്തേയ്ക്കുന്നതൊ ഈ ദമ്പതികള്‍ അന്നേ
വരെ കേട്ടിട്ടു പോലുമില്ലാത്തിടത്ത ഒരു കമ്പ്യൂട്ടര്‍ സെന്ററിലേയ്ക്കു. (ഈ വയസ്സാം കാലത്ത് രണ്ടുപേരും കൂടെ എന്തു പഠിക്കാനാണൊ ദൈവമേ?!.) പിന്നെ കണ്ണട വില്‍ക്കുന്ന ഒരു കട, ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ ! (മാധവിയമ്മ ആകെ കണ്ടിട്ടുള്ളത് നമ്മുടെ നാരാ‍യണ വിലാസം ഹോട്ടല്‍ & ടീ ഷോപ്പ് മാത്രം!) ഒടുവില്‍ ആകെ അറിയാമായിരുന്ന അയ്യപ്പാസിലാണ് ആദ്യ കൂപ്പണ്‍ പരീക്ഷിച്ചത് അതു ചീറ്റിപ്പോകേം ചെയ്തു.!!

അയ്യപ്പാസില്‍ നിന്നും എങ്ങനെ മാധവിയമ്മ തടിയൂരിപ്പോന്നെന്നു അന്ന്വെഷിക്കാന്‍ ഞാന്‍ വീണ്ടും കമ്മീഷനെ വച്ചിട്ടൊണ്ട്. റിപ്പോര്‍ട്ട് കിട്ടട്ടേ..

- വീണ.

----------------------------------------
©-ഈ പ്രയോഗം അനിയന്‍ അപ്പൂസിന്റെ സൃഷ്ടിയാണ്.

Tuesday, November 21, 2006

പേറ്റുനോവ്..

കടിഞൂല്‍ പേറ്റു നോവടുത്ത പെണ്ണിനെപ്പോലെ നമ്മുടെ ജാസ്മിന്‍ പെരിയാര്‍ .
ഞാനിപ്പപ്പെറും ഇപ്പപ്പെറുമെന്നു ദിവസവും പേടിപ്പെടുത്തുന്നു.
പ്രസവ വാര്‍ഡിലേക്ക് ഭാര്യയെ അയച്ചിട്ടു വാര്‍ഡിനു പുറത്ത് അതിനേക്കാള്‍
വേദന (ഈ പഹയന്മാര്‍ക്ക് അതുണ്ടെങ്കില്‍ ) യോടെ അങ്ങോട്ടുമിങ്ങോട്ടും
നടക്കുന്ന ഭര്‍ത്താവിനെ പ്പോലെ നമ്മുടെ ലവ്മൂണ്‍ മന്ത്രി!.
മരുമോനെ ആശസിപ്പിക്കാന്‍ ആശുപത്രിയിലെത്തുന്ന അമ്മായിയപ്പനെപ്പോലെ
മുഖ്യനപ്പുപ്പന്‍ . പേറിന്റെ സമയം നോക്കാന്‍ പഞ്ചാംഗവുമായി ഓടി നടക്കുന്ന
വയറ്റാട്ടിയെപ്പോലെ നിയമസഭ കമ്മിറ്റികളും സമിതികളും ഉപ സമിതികളും.
ഇത്രേം കോമ്പ്ലിക്കേഷനുള്ള കേസായിട്ടും സിസേറിയന്‍ ചെയ്യാത്തതെന്താന്ന്
വേലിക്കല്‍ നിന്നും വിളിച്ചു ചോദിക്കണ കുശുമ്പി രാഗിണിയേടത്തിയെപ്പോലെ
പ്രതിപക്ഷനേതാവ്. പാഞ്ഞ് വരുന്ന വെള്ളം മനസ്സില്‍ കണ്ട് ബോധം കെട്ടു
വീഴുന്ന കുട്ടികള്‍ . പേറ് അവന്‍ പൊണ്ടാട്ടിക്കു താനേ അതുക്ക് നാന്‍ എന്ന പണ്ണറേന്‍
എന്നു ചോദിച്ചു നടക്കുന്ന അണ്ണാച്ചി.ഇത്രേം പ്രശ്നമുണ്ടായത് ജാതക ചേര്‍ച്ചയില്ലാത്ത
ഈ പെണ്ണിനെ കെട്ടിയതോണ്ടാ‍ണെന്ന് നാഴികയ്ക്കു നൂറുവട്ടം പറഞ്ഞോണ്ടിരിക്കണ
മുത്തശ്ശിയെ പ്പൊലെ, എമര്‍ജന്‍സി നീരൊഴുക്കിനു വാതിലിടാതെ 110 കൊല്ലം മുന്‍പു ഡാം
പണിത എഞ്ചിനീയര്‍മാരെ തൊഴുതു പ്രാകുന്ന കേരളത്തിലെ ജനം.
എന്റമ്മേ കാലത്തെ എണീറ്റാല്‍ എന്തൊക്കെ കേള്‍ക്കണം.
- വീണ.

Saturday, November 18, 2006

മനസ്സിലാവുന്നവര്‍ക്ക്‌ ഒരു അടയാളം മതിSAMACHNE VAALE KO ISHAARA KAPHI HAI.?
മനസ്സിലാവുന്നവര്‍ക്ക്‌ ഒരു അടയാളം മതി

Friday, November 17, 2006

ആന മുട്ടകള്‍

ഇവള്‍ വിനീത.
ഉത്രാളിച്ചന്തയില്‍ മുട്ട വില്‍ക്കുന്നവള്‍ .
ഉത്രാളിച്ചന്തയില്‍ ഒന്നിരാടം ദിവസം അവള്‍ മുട്ട വില്‍ക്കാനെത്തും. ഒരു വട്ടി നിറയെ നാടന്‍ മുട്ടകള്‍
പഷെ ചന്ത പിരിയുമ്പോള്‍ വട്ടിയില്‍ വിറ്റതിനെക്കള്‍ വില്‍ക്കാത്ത മുട്ടകള്‍ ബാക്കിവരും.
തകര്‍ന്ന മനസ്സോടേ അവള്‍ വീട്ടിലെക്കു നടക്കും. ഇന്നും ചിറ്റമ്മയുടെ ശകാ‍രം കേള്‍ക്കാനാവും വിധി.
പോകുംവഴി വേലിക്കല്‍ ഗ്രേസിച്ചേടത്തിയുടെ പതിവു ചോദ്യവും ഉപദേശവും കാത്തു നില്‍പ്പുണ്ടാവും.
“ഇന്നും വിറ്റില്ല്യേ എന്റെ വിനീത കുട്ട്യേ.? ഇന്നും നിനക്കാ തള്ളച്ചീടെ ചീത്ത കേള്‍ക്കണോല്ലോ മോളെ.
നിനക്കവരൊട് പറയാന്‍ മേലെ ന്നെക്കൊണ്ട് വയ്യാന്ന്.. എന്നിട്ട് ഈ വട്ടീം മുട്ടേം ചുമക്കണ നേരത്തിന് പോയിരുന്നു രണ്ടക്ഷരം പഠിക്കാന്‍ നോക്കാരുന്നില്യേ കുട്ട്യേ?. അന്ത്യോളം ചുറ്റി നടക്കാനുള്ള പ്രായാ നിനക്കു?
ഇന്നത്തേ കാലാണെങ്കിലോ പറേം വേണ്ടാ... പതിവു പല്ലവിക്കു മാ‍റ്റമൊന്നും കണ്ടില്ല ഇന്നും.
പോണ വഴി എന്നത്തെം പോലെ കാവില്‍ കാളിയോട് പ്രാര്‍ഥിച്ചു. ദേവീ നാളെയെങ്കിലും കൊണ്ടൊണ മുട്ടയൊക്കെ വിറ്റു കിട്ടണേ.

ചിറ്റമ്മയുടെ ചീത്തയ്കൊപ്പം കഞ്ഞി യും കപ്പയും കഴിക്കുമ്പോള്‍ നാളെയുടെ ദുഷ്ചിന്ത മാത്രമെ മനസ്സിലുണ്ടായുള്ളൂ. അമ്മയുണ്ടായിരുന്നെങ്കിലോ എന്നു വെറുതെ ആശിച്ച് പോയി. രാത്രി വളരെ വൈകി എപ്പോഴൊ ഉറങ്ങി.
മുന്നില്‍ രുദ്രഭാവം പൂണ്ട കാളി. നാവില്‍ ഇറ്റു വീഴുന്ന ചോരത്തുള്ളീകള്‍. ചുവന്ന തീ പാറുന്ന കണ്ണുകള്‍.
പേടിച്ചു വിറച്ചു തൊണ്ടയില്‍ ശബ്ദം കുരുങ്ങി. കാളി പറഞ്ഞു.” നിന്റെ പ്രാര്‍ഥന ഞാന്‍ കേട്ടു. ഇനി മുതല്‍
നിനക്കു ദുഖിക്കേണ്ടി വരില്ല. നിന്റെ സങ്കടങ്ങളെല്ലാം മാറാന്‍ പോകുന്നു. തെക്കിനിയിലെ പത്തായപ്പുരയില്‍
പോയി നോക്കു അവിടെ രണ്ടു മുട്ടകള്‍ കാണും നീ അതെടുത്തു സൂക്ഷിക്കൂ. ആ മുട്ടകള്‍ക്ക് അടയിരിക്കൂ “ കാളി എങ്ങോ മറഞ്ഞു.

നല്ല പനി. നെറ്റിയില്‍ തിളച്ച ചൂട്. ഇന്നലെത്തെ സ്വപ്നം ഓര്‍മ്മയില്‍ വന്നതപ്പോഴാണ്. പിന്നെ കിടക്കയില്‍ നിന്നെണീറ്റോടിയത് തെക്കിനിയിലെ പത്തായപ്പുരയില്‍ .നെഞ്ചിടിപ്പോടെ അകത്തു കടന്നു നോക്കിയപ്പോള്‍ ...... താന്‍ കണ്ടതു ശരിയായിരുന്നൊ? രണ്ടു മുട്ടകള്‍ അവിടെ ആ മൂലയില്‍ .... സ്വപ്നമോ സത്യമോ?..
പതിയെ അതിനടുത്തെത്തി ആ മുട്ടകള്‍ അവള്‍ എടുത്തു. കാളി പറഞ്ഞപോലെ ആ മുട്ടകള്‍ ചിറ്റമ്മ കാണാതെ മുറിയില്‍ കൊണ്ടുപോയി സൂക്ഷിച്ചു വച്കു. പിന്നെ അതിന്മേല്‍ അടയിരിക്കാന്‍ തുടങ്ങി. ഒന്നല്ല പത്തല്ല അഞ്ഞൂറു സംവത്സരം.... ...... ....... ......

ഡീ........
ഡീ............ ഓ..ഹോ.......എണീക്കണും കുളിക്കണും ഒന്നുല്ലെ തമ്പുരാട്ടിയിന്ന്....
ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. എവിടെ മുട്ടകള്‍ ..... നിങ്ങളെടുത്തൊ?..........
“മുട്ടകളോ..... പെണ്ണിനെന്താ വട്ടായൊ... എണീക്കു പെണ്ണെ. നേരം കളയാണ്ട് പോയി പശൂനെ അഴിച്ച് കെട്ടാന്‍ നോക്ക് കറക്കാനിപ്പം ആളു വരും........”
വെറുതെ തെക്കിനിയിലെ പത്തായപ്പുരയില്‍ പോയി നോക്കി ഒരുപക്ഷെ മുട്ടകളെങാനും കണ്ടാലോ...........ആന മുട്ടകള്‍ .?!.

- വീണ.

Tuesday, November 14, 2006

വാര്‍ത്തകള്‍ വായിക്കുന്നത്............

നാളെ ലോക പ്രേമ ദിനം...........
കവലയില്‍ പപ്പുക്കുട്ടിയാശാന്റെ പത്രപാരായണം തുടങ്ങി.പല്ലില്ലാത്ത വായയില്‍ അക്ഷരങ്ങള്‍ ഉരുട്ടിയുരുട്ടി ആശാന്‍പിന്നെയും വായിച്ചു കൊണ്ടേയിരുന്നു. ഇങ്ങു കീറാമുട്ടി മുതല്‍ അങ്ങു കൊറിയയിലെ അണുപരീക്ഷണം വരെ ആശാന്‍ വായിച്ചുചവച്ചു തള്ളും. കൊള്ളാവുന്ന അക്ഷരങ്ങള്‍ കണ്ടാല്‍ ആശാന്‍മുറിയ്ക്കും മുറിഞില്ലേല്‍ ആശാന്‍ വിഴുങ്ങും. പക്ഷെ അക്ഷരവൈരികളായ് പാവങ്ങള്‍ പഴയ കുടിപ്പള്ളിക്കൂടം മാഷിനെകണ്ണുമടച്ചു വിശ്വസിക്കും. ആശാന്‍ എന്തു വായിച്ചാലും അതുബി.ബി.സി. പോലെ സത്യം എന്നു കരുതി ആശാന്റെ വായില്‍ നിന്നും ബാക്കി ചാടിയ അക്ഷരങ്ങളെ വെള്ളം തൊടാതെഅവരും വിഴുങ്ങും. ഇതു ഇവിടുത്തെ പതിവു കാഴ്ച. മഴയായാലുംകാറ്റായാലും, ആസ്മ കോപിച്ചാലും ആരു കോപിച്ചാലും മണി ഒന്‍പതെന്നടിച്ചാലുംഅടിച്ചില്ലെങ്കിലും കവലയില്‍ ആശാന്‍ റെഡി. പത്രവും, ചാര്‍മിനാറും, കട്ടങ്കാപ്പിയുംആശാനു മുന്നില്‍ റെഡി. പത്രത്തില്‍ ആശാനിഷ്ടമില്ലാത്തതെന്താണെന്ന് ആരെക്കിലുംആശാനോടു തിരക്കിയാല്‍ ആശാന്‍ ആദ്യം ചോദിച്ചവനെ ഒന്നു നോക്കും.തന്റെ കൈയ്ക്കു ഒതുങ്ങുന്നവനാണേല്‍ ആശാന്‍ പറയും “ അതോ ... അതറിയിപ്പ്”“ഓഫീസിനും പ്രസ്സിനും ഇന്നവധിയായതിനാല്‍ നാളെ പത്രമുണ്ടായിരിക്കുന്നതല്ല - പത്രാധിപര്‍ .”

പക്ഷെ ഈയിടെയായി അതിനും ചില പോംവഴി ഉണ്ടായിട്ടുണ്ട്. ആശാന്റെ ഇളയ മോള്‍ കാര്‍ത്ത്യാ‍യനീടെ മോന്‍ ഓമനക്കുട്ടന്‍ അല്‍പ്പസൊല്‍പ്പം ചാറ്റിങും ബ്ലോഗിങും ഒക്കെയായി കറങി നടപ്പുണ്ട്. ഇങ്ങനെ അവധി പ്രഖ്യാപനം വരുന്ന ദിവസം അപ്പൂപ്പനെ ചാക്കിടാനുംഅതു വഴി അത്യാവശ്യം ഇന്റര്‍നെറ്റ് കഫേയില്‍ കൊടുക്കാനും, മുടി നീട്ടാനും ഉള്ളാ ചില്ലറ ഒപ്പിക്കാനുമായിഅവന്‍ രാവിലെ പട്ടണത്തില്‍ പോയി വരുന്ന വഴി അന്നത്തെ പത്രത്തിന്റെ ഓണ്‍ലയിന്‍ എഡിഷന്‍അപ്പൂപ്പനു സമര്‍പ്പിക്കും. പിന്നെ അപ്പുപ്പന്‍ മടിശ്ശീലയുടെ കെട്ടഴിക്കുംവരെ തഞ്ചത്തില്‍ അവിടൊക്കെ ചുറ്റിപ്പറ്റിനില്‍ക്കും. അപ്പൂപ്പനും കുശാല്‍ കൊച്ചുമോനും കുശാല്‍ . ഓമനക്കുട്ടന്‍ പറയും അപ്പൂപ്പന്‍ കടലാസ് നിവര്‍ത്താതെകാശെടുത്താല്‍ കോളാ ഇല്ലെങ്കില്‍ പെപ്സി. നെറ്റില്‍ വരുന്ന പത്രത്തില്‍ ചില്ലില്ലെന്നാ അപ്പുപ്പന്റെ പരാതി!.ല്‍ ര്‍ ന്‍ ള്‍ ഒക്കേത്തിനും പകരം സ്ക്വയറല്ലെ കാണൂ അതു കാണുന്നതെ അപ്പുപ്പനലര്‍ജിയാ. അല്ലെങ്കിലെ പകുതിയുംഅപ്പുപ്പന്‍ വിഴുങും പിന്നെ ഇതിന്റെ സ്ഥിതി പറയണോ?.

കണ്ടില്ലെ, ഇന്നലെത്തെ അപ്പുപ്പന്റെ വാ‍യന കേട്ടു രാവിലെ സൈക്കിളുമെടുത്ത് പാഞ്ഞു പോയ പുഷ്പാംഗതന്‍ ചേട്ടന് പറ്റിയപറ്റ് .?

ഇന്നു ലോക പ്രേമ ദിനമെന്നു അപ്പുപ്പന്‍ വച്ചു കാച്ചിയില്യ്യോ ?.. കേട്ടതേ പുഷ്പാംഗതന്‍ ചേട്ടന്‍ സൈക്കിളുമായിപാഞ്ഞതു കണ്ടില്ലായിരുന്നോ? എവിടെപ്പോയതാന്നാ... പുഷ്പ്പാംഗതന്‍ ചേട്ടന്റെ ലവ് ലിക്ക് പ്രേമദിനമായിട്ടുഒരു കത്തെങ്കിലും കൊടുക്കണ്ടെന്നു കരുതി പോയതാ... അപ്പോഴല്ലേ അറിയുന്നെ ഇന്നു “പ്രേമ“ ദിനമല്ല, “പ്രമേഹ“ ദിനമാണെന്നു.
ദേണ്ടെ വരണൊണ്ട് വരണൊണ്ട് “പ്രേമാംഗതന്‍ .”.

.....ങൂം ..... ങൂം .... പഞ്ചാര കൂടിയാലും ഇങ്ങിനിരിക്കും..... കവലയില്‍ പൊട്ടിച്ചിരി. ആശാന്റെ ഓരൊ നോട്ടപ്പിശകേയ്...
എന്നാലും കരക്കാര്‍ക്കു ആശാനെ വല്ല്യ കാര്യമാണേ. .. ഞങ്ങടെ റേഡിയൊ ക്വാസ്കാണാശാന്‍ .... ചില്ലറ പൊട്ടലുംചീറ്റലുമൊക്കെ ഉണ്ടെങ്കിലും.....
- വീണ.

Sunday, November 12, 2006

താഴമ്പൂ

കീറാമുട്ടിപ്പഞ്ചായത്തിലെ വരമ്പത്ത് താഴമ്പൂ വിരിഞതറിഞ്ഞ് ജനം അങ്ങോട്ടോടി.
നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ മൂന്നാറിലേയ്ക്കൊഴുകുമ്പോലെ താഴമ്പൂ കാണാന്‍
ഞങടെ തോട്ടു വരമ്പത്തും ജനമെത്തി.
ആരോ വരമ്പത്ത് ലൈറ്റിട്ടു. താഴമ്പൂവിനു കാവലുമിട്ടു. ഒ.ബി. വാനുമായി സി.എന്‍ . എന്‍ .,
ജ്യോഗ്രഫി ഉള്‍പ്പെടെ വിദേശിയും നാടനുമായ എല്ലാ ചാനലുകാരുമെത്തീ കീറാമുട്ടിയില്‍!!.
(പണ്ട് ലോണ്ടെ ലവിടെ ആനേടെ പേറ് ലൈവെടുക്കാ‍ന്‍ വന്നേന്റെ ക്ഷീണം
അവര്‍ക്കിപ്പഴും മാറീല്ലാത്രെ)

തിരക്കോടു തിരക്ക്. ഇനി ഉത്സവത്തിന്റെ ലഹരി കീറാമുട്ടിയുടെ സിരകളില്‍ പാഞ്ഞു നടക്കും.
അപ്പൊപ്പിന്നെ പപ്പേട്ടന്റെ ഷാപ്പിന്റെ എക്സ്റ്റന്‍ഷന്‍ കൌണ്ടര്‍ ഒരെണ്ണം കൂടെ പോരട്ടെ വരമ്പത്ത്.
സിരകളില്‍ ലഹരി കൂട്ടാന്‍ .!?.

നാണുവാശാന്റെ നാരായണവിലാസത്തിനു മുന്നില്‍ പിന്നെയാരോ ഒരു വിലാസമില്ലാത്ത
ഫാസ്റ്റ്തട്ടുകടയും തട്ടിക്കൂട്ടി. പിന്നെ പിന്നെ വരമ്പത്ത് വന്നത് തങ്കപ്പന്‍ ചേട്ടന്റെ ബ്യുട്ടിപാര്‍ലറിന്റെ എക്സ്റ്റന്‍ഷന്‍ കൌണ്ടര്‍ ,വാണിഭ(വഴി) ക്കാരുടെ വള, പൊട്ട്, ചാന്ത്, പീപ്പി, ബലൂണ്‍ എന്നു തുടങ്ങി കീറാമുട്ടിക്കാര്‍
പട്ടണത്തില്‍ പോയി വാങ്ങണ സകല കുന്ത്രാണ്ടങ്ങളും വരമ്പത്ത് നിരന്നു.

എന്തിനേറെ, ബാങ്കുകാര്‍ മത്സരിച്ച് എ.ടി.എം വരെ വരമ്പത്ത് നിരത്തി. എന്താ ജനം
കൊയ്ത്തല്ലേ കൊയ്ത്ത്.! ഒരു പൂക്കൈത കാരണം ഞങ്ങടെ കീറാമുട്ടിക്ക് ഇപ്പോ എന്തര് ഗമ!.
താഴമ്പൂ മണമുള്ള തോട്ടു വരമ്പിപ്പോള്‍ ഞങടെ മാനസ പുത്രന്‍ . ഞങ്ങടെ കീറാമുട്ടിയെ ലോക
മാപ്പില്‍ എത്തിച്ച താഴമ്പൂവിനും നമോവാകം.

ഞങളെ വിഷമിപ്പിക്കുന്നത് അതല്ല . ഇന്നൊ നാളെയോ ഈ കൈതപ്പൂ വാടും. കൊഴിയും അപ്പോള്‍
ഈ ആര്‍ഭാടങളും കുരവയിട്ടു വരമ്പിറങ്ങും. പിന്നെ ഈ കീറാമുട്ടിപ്പഞ്ചായത്ത് വീണ്ടും പഴയ പടിയാവും.
സര്‍ക്കസ്സൊഴിഞ്ഞ മൈതാനം പോലെ.....

വരന്‍പില്‍ പോക്കാച്ചിത്തവളകള്‍ മാത്രമാകും. വോള്‍ട്ടേജില്ലാതെ കത്തുന്ന വിളക്കുകാലിനു കീഴെ
ഞങള്‍ കീറാമുട്ടിക്കാര്‍ പഴയ സൌഭാഗ്യം പതം പറഞ്ഞിരിക്കും. ഇവിടെ പാടി നടക്കാന്‍ പാണന്മാരില്ല,
ഉള്ളതു “ശുനക“ന്മാര്‍ മാത്രം അവര്‍ ഓലിയിട്ടു നടക്കട്ടേ പഴയ പ്രതാപങള്‍ .

അന്നും നാണുവാശാന്റെ നാരായണ വിലാസം തുറക്കും. പഴയ പടി ആശാന്റെ കണ്ണാടിക്കൂട്ടില്‍ പരിപ്പുവടേം,
ഉണ്ടന്‍പൊരിയും അവയ്ക്ക് ഒപ്പം ചുണ്ടെലിക്കുഞ്ഞുങ്ങളും ഉണ്ടാവും. ആടുന്ന ബഞ്ചില്‍ എണ്ണമയമുള്ള ഇന്നലത്തെ
പത്രവും. നാണുവാശാന്റെ സ്ഥാവര ജംഗമത്തില്‍ പ്പെട്ട അഞ്ചാറ് വക്കുപൊട്ടിയ ഗ്ലാസും. തേയിലക്കറ പിടിച്ച
തുണികൊണ്ടുള്ള “തേയിലപൈയും” പിന്നെ സമോവറില്‍ തീയൂതുന്ന പഴയ നാണുവാശാനും
തങ്കപ്പന്‍ ചേട്ടന്റെ ജി.ബി.പി. യില്‍ മൂര്‍ച്ചയില്ലാത്ത ഒരു കത്തിയും അതിലേറെ മൂര്‍ച്ചയുള്ള നാവും, പിന്നെ താഴമ്പൂ
മണമുള്ള.... പാട്ടു പാടുന്ന പാട്ടുപെട്ടിയും. ചുവരില്‍ സില്‍ക്കിന്റെ യും, ഷക്കീല യുടെയും ബ്ലോ-അപ്പിനിടയില്‍
മീശയില്ലാത്ത ഷാരൂഖാനും. പിന്നെ നാട്ടിലെ പണിയില്ലാത്ത കുറെ ദിവ്യന്മാരും.

ഞങടെ കീറാമുട്ടിയില്‍ പിന്നെയും പ്രഭാതം വരും, ആര്‍ഭാടങ്ങളില്ലാത്ത പ്രഭാതം. ഇതൊക്കെ മറക്കുമ്പോള്‍
പുതിയതെന്തെങ്കിലും കീറാമുട്ടിയില്‍ വരും പിന്നെയും ഞങ്ങള്‍ ശ്രദ്ധിക്കും അതു വരെ നമസ്കാരം.
കീറാമുട്ടിയില്‍ നിന്നും ഇപ്പൊള്‍ സൈനോഫ് ചെയ്യുന്നതു മറ്റാരുമല്ല .......
നിങ്ങളുടെ സ്വന്തം വീണ.

നുറുങുകള്‍

പപ്പടം പൊട്ടിയ്ക്കാനറിയണം
അപ്പോ പപ്പടം പൊള്ളിയ്ക്കനറിയണ്ടേ?
പൊള്ളിക്കാനറിയണം, പൊട്ടിക്കാനുമറിയണം
പൊള്ളിച്ചാലും പൊട്ടിച്ചാലും കേട് പപ്പടത്തിന്.

******************************************************
കാക്കയ്ക്കു നിറം കറുപ്പ്
കാക്കാത്തിയ്ക്കും നിറം കറുപ്പ്
കാക്കയ്ക്കു കറുപ്പ് വേണ്ട
കാ‍ക്കാത്തിയ്ക്കെന്നാല്‍ കറുപ്പേ വേണ്ടൂ.
കാക്ക കറുപ്പു കൊത്തിപ്പറന്നു.
കാക്കാത്തി കറുപ്പടിച്ചു കറങി നടന്നു.

*****************************************************
മുത്തിനു വേണ്ടതു മുത്തം
മുത്തം നല്‍കാന്‍ മുത്തശ്ശി.
മുത്തിനില്ലാത്തതും മുത്തശ്ശി
പഴങ്കഥയിലുള്ളതു മുത്തശ്ശി.
*******************************************************
നേരിന്‍ അറിവ് നേരറിവ്
നട്ടിന്‍ അറിവ് നാട്ടറിവ്
നാട്ടാര്‍ക്കില്ലാത്തതും ഈ നേരറിവ്

********************************************************

ഒരു കുഞ്ഞു കവിത

മൃതപ്രാ‍യന്റെ മനസ്സിലേയ്ക്ക്
കോമരങ്ങള്‍ ഉറഞ്ഞു തുള്ളി
അവശേഷിച്ച രക്ത കണങ്ങളും
ചോര്‍ന്നൊലിച്ചവന്‍ മൃതനായി.
-വീണ

Monday, November 06, 2006

ജനനത്തീയതി

പണ്ട് ഞങ്ങളുടെ ലാബ് അസ്സിസ്റ്റന്റായിരുന്ന ചാക്കോ ചേട്ടന്‍ മോനെ എല്‍ . കെ. ജി
യില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി. നഗരത്തിലെ ഒരു “സ്വാശ്രയ” സ്കൂളിലായിരുന്നു പോയതു.
അപേക്ഷ പൂരിപ്പിച്ചപ്പോള്‍ ജനന വര്‍ഷം ചാക്കോ ചേട്ടന്‍ ഇങ്ങനെ എഴുതി : 1998-99.
ഗുമസ്തന്‍ ചോദിച്ചു ഇതെന്താ ഇഷ്ടാ ഒരുമാതിരി ഓഫീസിലും ബാങ്കിലുമൊക്കെ സാമ്പത്തിക വര്‍ഷം
എഴുതുന്ന പോലെ 1998-99 ?. 98 ഓ 99 ഓ ? ഏതെങ്കിലും ഒന്നെഴുത്
ചാക്കോ ചേട്ടന്‍ പറഞ്ഞു : കുഞ്ഞേ, മറിയാമ്മ പെറ്റതു ഡിസംബര്‍ 31 നു രാത്രി 11.55 നും 12.10 നും
ഇടയ്ക്കാണെന്നാ നേഴ്സമ്മ പറഞ്ഞതു. അപ്പോപ്പിന്നെ 98 ലും വരും 99 ലും വരും. 98 ആണൊ 99
ആണൊ എന്നു ഞാനിപ്പൊയെങ്ങനാ കുഞ്ഞേ തറപ്പിച്ചെഴുതുന്നെ?.
വിയര്‍ത്തത് ഗുമസ്തന്‍!!.

- വീണ.

Sunday, November 05, 2006

കുമാരേട്ടന്‍ അഥവാ കുമാരേട്ടന്‍

ഞങടെ വീടിനടുത്തേയ് ഒരു കുമാരന്‍ ചേട്ടനുണ്ട്. ആളൊരു അര മന്ദയാ.. (മന്ദ എന്നാല്‍ മന്ദബുദ്ധി).
സന്ധ്യയ്ക്കു ആകാശത്തൂടെ വിമാനം പോകുന്നതു കാണുമ്പോള്‍ കുമാരന്‍ ചേട്ടന്‍ പറയും
“നീലാ...പച്ചാ‍....ചുവപ്പ്..... ഹാ എന്തരു ഫംങി.“ അപ്പോള്‍ അടുത്തുള്ള ഏതെങ്കിലും
ചേട്ടന്മാര് കുമാരേട്ടനെ വട്ടാക്കാനായി ചോദിക്കും
“ എങ്ങനാ കുമാരാ ഈ വിമാനം പറക്കുന്നെ?”
കുമാരന്‍ ചേട്ടന്റെ മറുപടി. “അതറിഞ്ഞൂടെടേയ്?.
മോളിക്കൂടെയല്ലെ ഈ സാധനം പോണെ.. അപ്പ അവിടെ നല്ല കാറ്റല്ല്യെ അങ്ങനെ കാറ്റടിച്ചോണ്ട് പോണതല്ലെ -
നീയെക്കെ എന്തിനെടേ പഠിക്കാന്‍ പോണെ.... തന്ത്യാന്റെ (അച്ഛന്റെ) കാശ് കളയാനെക്കൊണ്ട്....

ഒരിക്കല്‍ കുമാരേട്ടന്റെ ബന്ധുവിന്റെ വീടു പുതുക്കി പണിയുന്നിടത്ത് ഇരിക്കുകയായിരുന്നു
കുമാരേട്ടന്‍ . പുറത്തു പോയിരുന്ന കുമാരേട്ടന്റെ മാമന്‍ എന്തെങ്കിലും വേണൊന്നറിയാന്‍
പുറത്തു നിന്നും ഫോണ്‍ ചെയ്തു. കുമാരേട്ടനാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തതു.
ആശാരി കുമാരേട്ടനോട് കൈയ്യിലിരുന്ന ആണി കാണിച്ചിട്ടു പറഞ്ഞു : ഡാ ഇതേലൊരു
കിലോ ആണി കൂടെ വാങി വരാന്‍ പറ എന്നു.

കുമാരേട്ടന്‍ ഫോണില്‍ പറഞ്ഞു : മാമാ... ഇത്തറേള്ള ഒരു കിലോ ആ‍ണി
കൂടെ കൊണ്ടരണേന്നു ആശാരി പറയുന്നു.” മാമന്‍ പറഞ്ഞ മറുപടി കുമാരേട്ടന്‍
ആശാരീടെ ചെവീല്‍ പറഞ്ഞത്രെ..?

പിന്നൊരിക്കല്‍ കുമാരേട്ടന്‍ അമ്മയുടെയും ചേച്ചിയുടെയും ഒപ്പം ഞങളുടെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍
ഉത്സവത്തിനു പോയി. അന്നു കഥകളി

ആയിരുന്നു ( “ദില്‍ബാസുര“ വധമോ അങനെയുള്ള എന്തൊ ഒരു വധമായിരുന്നു.)
കഥകളി താമസിച്ച് തുടങി നേരം വെളുക്കും വരെ കാണും. കുമാരേട്ടന് കഥകളി വല്യ പിടുത്തമില്ലെങ്കിലും അമ്മയും
ചേച്ചിയും വരാതെ തിരികെ പോരാനും പറ്റില്ലല്ലോ?. ക്ഷേത്ര മുറ്റത്ത് സ്റ്റേജിനു മുന്നില്‍ ആണുങള്‍ക്കും പെണ്ണൂങള്‍ക്കും
ഇരിക്കാന്‍ കയര്‍ കെട്ടി തിരിച്ചിട്ടുണ്ട്. അമ്മയും ചേച്ചിയും ഒക്കെ ഇരിക്കുന്ന വശത്തെ മതിലിനു മുകളില്‍ കുമാരേട്ടന്‍ വലിഞു
കേറി ആനപ്പുറത്തിരിക്കുന്ന ഗമയിലിരുന്നു. കൈയില്‍ ഒരു പൊതി നിലക്കടലയും
(ദേണ്ടേ വരുന്നു പിന്നേം നിലക്കടല!! - വേണ്ടാ.... വേണ്ടാ‍ ആ‍ കമന്റ് വേണ്ടാ.... ഉത്സവം ആകുമ്പോള്‍
അതൂടെ വേണ്ടേ. നിലക്കടല ഇല്ലാതെ എന്തോന്ന് ഉത്സവം എന്നു കരുതി പറഞതാണേയ്).
കുറെ സമയം നിലക്കടലയുടെ ബലത്തില്‍ കുമാരേട്ടന്‍ ഉറങാതെ പിടിച്ചിരുന്നു. പിന്നെയെപ്പോഴൊ ഉറക്കം പതിയെ വന്നു
കുമാരേട്ടാന്ന് വിളിച്ചു. അരങ്ങില്‍ അസുരന്റെ കഴുത്തിനു പിടിക്കുന്ന അലര്‍ച്ച കാരണം വേറാരും ഉറക്കത്തിന്റെ വിളി കേട്ടില്ല.
കുമാരേട്ടന്‍ അറിയാതെ ഉറക്കത്തിന്റെ കയത്തില്‍ ബ്ലും എന്നു വീണു. പക്ഷെ ആ ഒച്ച എല്ലാരും കേട്ടു. കുമാരേട്ടന്‍ അവിടുന്നു
ഉരുണ്ട് പിരണ്ട് എണീറ്റു. പെണ്ണുങ്ങളെ ശല്ല്യം ചെയ്യാന്‍ ആരൊ ഇറങിയതാണെന്നു കരുതി ഒന്നു കൈകാര്യം ചെയ്യാമെന്ന
ഉത്സാഹത്തില്‍ ഉത്സവക്കമ്മിറ്റി വാളണ്ടിയര്‍ മാ‍രാരൊക്കെയോ പാഞ്ഞെത്തി. കുമാരേട്ടന്റെ തടി കേടാക്കണ്ടല്ലോന്നു കരുതി
അമ്മയും ചേച്ചിയും അസുരനെ വിട്ടിട്ട് കുമാരേട്ടന്റെ അടുത്തെത്തി. അസുരനെക്കാളും വലുതല്ലെ മോ‍ന്‍ .
‘എന്തെരെടാ കുമാരാ..... എന്തരപ്പീ പറ്റീത്?” അമ്മ ചോദിച്ചു.
“കിഷ്ഷ സ്സാമി ചയിച്ചെന്നേയ്.....” (കൃഷ്ണസ്വാമി ചതിച്ചു അമ്മെ എന്ന് തര്‍ജ്ജമ)
അതിനു ശേഷം കുമാരേട്ടന്‍ ഉത്സവം കാണാന്‍ പോയിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.!.!.
-വീണ.

Saturday, November 04, 2006

സണ്‍ ഡേ ഹോബി!.

ഇന്നു ഞായറാഴ്ച , പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കുറെ വരയും തൊഴിയും
അതൊക്കെ കഴിഞ്ഞു. എന്നാപ്പിന്നെ കുറച്ച് കപ്പലണ്ടി (നിലക്കടല)
വറക്കാമെന്നു കരുതി. (അനിയന്‍ അപ്പൂസ് കുറെ നാളു കൊണ്ടെ പറയുന്നു അവനു
കപ്പലണ്ടി വറുത്തു കൊടുക്കണമെന്നു) അങനെ അച്ചന്റെ കാലുപിടിച്ച് ( ചന്ദു
ചേട്ടനെ പോലെ പുറം ചൊറിയാന്‍ തോന്നിയില്ല) കുറെ തോടുള്ള കപ്പലണ്ടി
അവന്‍ വാങി വച്ചിരുന്നു. മണലും അവന്‍ തന്നെ സാംഘടിപ്പിച്ചു. (ഇപ്പോ മണലിനാണെങ്കി എന്താ പാട് ... അപ്പുറത്തെ അങ്കിള്‍ വീടു വയ്ക്കാന്‍ ഇറക്കിയ മണലീന്നു ചെറുക്കന്‍ വെളുപ്പിനെ പോയി തപ്പിയതായിരിക്കണം.)
അടുക്കളയില്‍ കൊണ്ടു ചെന്നാല്‍ അമ്മ ഓടിയ്ക്കും അതു കൊണ്ടു മുറ്റത്ത് തീയ് കൂട്ടി വറുക്കാന്‍ തുടങി. ചെറുക്കനാണേല്‍ അടുത്തൂ‍ന്നു മാറൂല്ല. ശരിയായോ വീണേച്ചിയേ... ശരിയായോ വീണേച്ചിയേ... എന്നു നാഴികയ്ക്കു നൂറു വട്ടം ചോദിച്ചൊണ്ട് പുറകെ നടക്കുന്നു. എന്തൊരു നാശം എന്തെങ്കിലും ഒന്നു ചെയ്തു കൊടുക്കാമെന്നു കരുതിയാല്‍ സ്വൈരം തരില്ലെന്നേയ്. കപ്പലണ്ടി മൂക്കുന്ന മണം വന്നപ്പോഴെ ഓടിയെത്തി വാങാറായോ (എടുക്കാറായോ) എന്നും തിരക്കി. ഇപ്പത്തരാം എന്നു പറഞു അവിടെ പിടിച്ചിരുത്തി. ഒരു പേപ്പര്‍ നിലത്തിട്ട് അതില്‍ തണുക്കാനായി മണലോടെ നിരത്തിയിട്ടു. അവനെ കാവലിനായി ഇരുത്തിയിട്ടു ഞാന്‍ കുളിക്കാന്‍ പോയി.
കുളിയൊക്കെ കഴിഞ്ഞ് തിരികെ വന്നപ്പൊഴുണ്ട് എന്റ്റമ്മച്ചിയേ പേപ്പറും, മണലും കുറെ തോടും!..എന്താ ചെയ്യാ?. ചെറുക്കനുണ്ട് കുറെ അപ്പുറത്ത് മാറിയിരുന്നു ചിരിക്കുന്നു!!.

- വീണ.

ദേവയാനിയും യയാതിയും പിന്നെ ശര്‍മ്മിഷ്ഠയും......

സമയം 9.00 മണി.
ന്യൂസ് അവര്‍ ന്റെ സിഗ്നേച്ചര്‍ റ്റ്യൂണ്‍ .
നമസ്കാരം ന്യൂസവറിലേക്ക് സ്വഗതം.
ഇന്ന്‍ ഒരു പ്രധാന വിഷയമണ് ന്യൂസവര്‍ ആദ്യം ചര്‍ച്ച ചെയ്യുന്നതു.
ഗാര്‍ഹിക പീഡന നിയമം കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുകയാണ്
അതേ സമയം ഇന്നു ഇതേ ദിവസം തന്നെ ഇന്ദ്ര പ്രസ്ഥത്തില്‍ നടന്ന ചില
സംഭവങ്ങള്‍ ഇതിന്റെ സാദ്ധ്യതകളെയും പ്രശ്നങ്ങളെയും ചോദ്യം ചെയ്യുന്നു.
ഇന്ന് ഇതേക്കുറിച്ചു പ്രതികരിക്കാന്‍ നമ്മോടൊപ്പം ശ്രീമതി ദേവയാനി ന്യൂസ്
സെന്ററിലും ശ്രീമതി ശര്‍മ്മിഷ്ഠ കൊച്ചി സ്റ്റുഡിയൊയിലും ഉണ്ട്. ഈ വാര്‍ത്ത
റിപ്പോര്‍ട്ടു ചെയ്ത ദിവ്യ ആശ്രമ പരിസരത്തു തന്നെയുണ്ട്, കൂടാതെ ശ്രീ
നാരദനെ ടെലഫോണ്‍ ലയിനിലും പ്രതീക്ഷിക്കുന്നു.

ആദ്യമായി ശ്രീമതി ശര്‍മ്മിഷ്ഠ, ഇന്നു പ്രാബല്യത്തില്‍ വന്ന കേന്ദ്ര നിയമത്തിന്റെ
വെളിച്ചത്തില്‍ പറയാമൊ എന്താണ് ഇന്നു അവിടെ ഉണ്ടായത്.
സ്ക്രീനില്‍ - കൊച്ചി സ്റ്റുഡിയോയില്‍ ശര്‍മ്മിഷ്ഠ നമ്മുടെ “മഹിളാമണി“
യെപ്പോലെ മുടി രണ്ടു വശത്തെക്കും തെറ്റി നീക്കി ക്യാമറയ്ക്കു പോസു
ചെയ്തിരിക്കുന്നു. ന്യൂസ് സെന്ററില്‍ മധു വേണുഗോപാലന്‍ അന്തം വിട്ടിരിക്കുന്നു!)
ശ്രീമതി ശര്‍മ്മിഷ്ഠാ..... കേള്‍ക്കാമോ?.

“കേട്ടു.... കേട്ടു... അതിപ്പം ഞാനെന്നാ പറയാനാ .. അതിന്റെ കാരണക്കാരി

തന്റെ അടുത്തല്ല്യോ ഇരിക്കുന്നെ അവരോടു തന്നെ ചോദിച്ചാട്ടെ“.
മധു വീണ്ടും അന്തം വിട്ടു.... ജാള്യത മാറ്റാനായി വീണ്ടും “ഹലോ ശ്രീമതി
ശര്‍മ്മിഷ്ഠാ‍.... കേള്‍ക്കുന്നുണ്ടൊ?.
ക്ഷമിക്കണം കൊച്ചി സ്റ്റുഡിയോയുമായുള്ള ലയിനില്‍ എന്തൊ തകരാറുണ്ട്.
അതിടെ നമുക്കു ഇന്ദ്ര പ്രസ്ഥത്തില്‍ നിന്നും പ്രസാദ് നരവംശത്തിന്റെ റിപ്പോര്‍ട്ടിലേക്കു

“ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഗാര്‍ഹിക പീഡന നിയമം
വളരെ ഫലവത്തായി നടപ്പാക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങളൊടും
അഭ്യര്‍ഥിച്ചു. എന്നാല്‍ ഈ നിയമത്തിന്റെ മറ്റു വശങള്‍ പാര്‍ലമെന്റ്റില്‍
ചര്‍ച്ചയ്ക്കു വയ്ക്കാതെയാണ് നടപ്പാക്കിയതെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
ഉടന്‍ തന്നെ ഇക്കാര്യങള്‍ പി. ബി. യില്‍ ചര്‍ച്ച ചെയ്യുമെന്നു കേരളത്തിന്റെ
ചുമതലയുള്ള അംഗം ന്യുസവറിനോടു പറഞ്ഞു..........

പ്രസാദ് .....പി. ബി. അംഗം എന്താണ് നമ്മോടു പറഞതു വിശദീകരിക്കാമോ?
മധൂ,,, ഇതെക്കുറിച്ച് അദ്ദേഹം പറഞതു....(മധൂ.... അതു പ്രസ് റിലീസല്ലേ അളിയാ.
ചുമ്മ വച്ചു കാച്ചിയതല്ല്യോ നമ്മളോടു പറഞൂന്നു. താനതു വിട്....) മധൂ.....

നന്ദി പ്രസാദ്.

കേന്ദ്ര നിയമത്തിന്റെ വെളിച്ചത്തില്‍ പഴയൊരു കേസിന്റെ തീര്‍പ്പിനായി
ദേവയാനി അച്ചനെ സമീപിച്ച ശേഷം ആശ്രമത്തില്‍ നടന്ന സംഭവങ്ങളും മറ്റും
റിപ്പോര്‍ട്ടു ചെയ്യാനായി നമ്മുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ദിവ്യ ആശ്രമ
പരിസരത്തു തന്നെ ഉണ്ട്.... ദിവ്യാ എന്താണ് അവിടെ നിന്നുള്ള പുതിയ
വിശേഷങള്‍ ?...

മധൂ .. ഇപ്പോള്‍ രാത്രി വളരെയായിരിക്കുന്നു. മധുവിനു കാണാം എന്റെ പുറകില്‍
തടിച്ചു കൂടിയിരിക്കുന്ന പുരുഷാരത്തെ. അവരും ഇന്നത്തെ സംഭവങള്‍
അറിയാനായി തന്നെയാണു ഇവിടെ വന്നിട്ടുള്ളതു... അവരില്‍ ചിലരുടെ
പ്രതികരണം നമുക്കു അവരോടു തന്നെ ചോദി...........

ദിവ്യാ നമുക്കു സമയ പരിമിതിയുണ്ട് അതു നമുക്കു അടുത്ത ബുള്ളറ്റിനില്‍
ഉള്‍പ്പെടുത്താം ഇപ്പൊള്‍ എന്താണ് അവിടെ സംഭവിച്ചതെന്നു പറയൂ.

മധൂ... അതു ഇന്നു രാവിലെ ഈ നിയമത്തെ പ്പറ്റി അറിഞപ്പോള്‍ തന്നെ
ശുക്രാചാര്യരുടെ മകള്‍ താങ്കളൊടൊപ്പം സ്റ്റുഡിയോയിലുള്ള ദേവയാനി തന്റെ
അച്ചനെ ആശ്രമത്തില്‍ വന്നു കണ്ടു സംസാരിച്ചിരുന്നു. അതു കഴിഞ്ഞു അദ്ദേഹം
കോപാക്രാന്തനായി സാന്റ്രോയുമെടുത്ത് പുറത്തെയ്ക്കു പോയി.പിന്നെ
മരുമകനായ യയാതിയുമായി തിരികെ വന്നു. പക്ഷെ മധൂ നമുക്കു
അതിശയമുണ്ടാക്കിയ മറ്റൊരു വസ്തുത എന്തെന്നു വച്ചാല്‍ നമ്മള്‍ കണ്ടിട്ടുള്ള യയാതി
ആയിരുന്നില്ല കാറില്‍ നിന്നിറങിയതു... യയാതി വളരെ ക്ഷീണിതനായും വൃദ്ധനായി കാണപ്പെട്ടു
വേഷപ്രച്ഛ്ന്നനാണോ എന്നറിയില്ല കൂടാതെ ക്യാമറയില്‍ പെടാതെ മുഖവും മറച്ചിരുന്നു.

അവര്‍ രണ്ടു പേരും അകത്തെയ്ക്കു കയറിപോയി മാദ്ധ്യമക്കാരെ ആരെയും
അകത്തെയ്ക്കു വിടുന്നില്ല മധൂ......

നന്ദി ദിവ്യാ കൂടുതല്‍ വിവരങള്‍ക്കു ഞാന്‍ ബന്ധപ്പെടാം...
റിപ്പോര്‍ട്ട് കണ്ടിരിക്കുമല്ലോ ദേവയാനി അച്ചനെ കാണുന്നു. അച്ചന്‍
കുപിതനായി കാറില്‍ കയറി പോകുന്നു. എന്തൊക്കെയാണിതു ഒന്നും
ശരിയാകുന്നില്ല ദേവയാനി യഥാര്‍ഥത്തില്‍ എന്താണ് അവിടെ നടന്നതു.

ഇതു ഒരു വലിയ ചതിയുടെയും വഞ്ചനയുടെയും ഒക്കെ കഥയാണ്. ഇന്നൊന്നും
തുടങിയതല്ല ഞാന്‍ അതു വിശദമാക്കാം.. പണ്ട് പണ്ട്....ദേവന്മാ.............
ക്ഷമിക്കണം നമുക്കു സമയപരിധിയുണ്ട് ... എന്താണു സംഭവം എന്ന് വളരെ
ചുരുങിയ വാക്കുകളില്‍ പറയാമൊ?

ഓ.ക്കെ.
ഒരിക്കല്‍ ഞാനും ശര്‍മ്മിഷ്ഠയും തോഴിമാരോടൊത്ത് കാട്ടാറില്‍ ജലക്രീഡ
നടത്തുകയായിരുന്നു. അസുരന്മാരെ ആക്രമിക്കാനായി ദേവന്മാര്‍ പറഞ്ഞു വിട്ട
ദേവേന്ദ്രന്‍ അതു വഴി വന്നപ്പോള്‍ ഞങ്ങളെ കണ്ട് ഒരു കുസൃതി കാട്ടി.
വലിയൊരു കാറ്റായി വന്നു കരയിലിരുന്ന ഞങ്ങടെ ചുരിദാറും ലാച്ചയുമൊക്കെ
പറത്തിക്കളഞ്ഞ്, ഓടി കരയ്ക്കു വന്ന ഞങ്ങള്‍ കിട്ടിയ തുണികളുമെടുത്ത് ഓടി.
ഈ സമയം ശര്‍മ്മിഷ്ഠ മനപ്പൂര്‍വ്വം എന്റെ പുതിയ ലാച്ച എടുത്തണിഞ്ഞു
എനിക്കതു വാ‍ങിയ അന്നെ അവള്‍ക്കു അതിലൊരു..........

ക്ഷമിക്കണം ഞാന്‍ തിരികെ വരാം.......
ശരിയാണൊ ശര്‍മ്മിഷ്ഠാ ദേവയാനി പറയുന്നു നിങള്‍ക്കു അതില്‍ ഒരു
കണ്ണുണ്ടായിരുന്നു എന്നു. ഇതു എത്ര മാത്രം ശരിയാണ്.?

അതൊരിക്കലും ശരിയല്ല. പരിഭ്രമത്തിനിടെ പറ്റിപ്പോയതാണു. എനിക്കെന്തിനാ
അവളുടെ ലാച്ച?. ദേ... കാര്യമൊക്കെ ശരി ഞങള്‍ തമ്മില്‍ ചില
പ്രശ്നങ്ങളൊക്കെയുണ്ടെന്നതു നേരാ പക്ഷെ ഒരു മാതിരി എരിതീയില്‍
എണ്ണയൊഴി...........................
ഞാന്‍ തിരികെ എത്താം......... ദിവ്യ ലയിനിലുണ്ട്. ദിവ്യാ എന്തെങ്കിലും പുതിയ
സംഭവവികാസങള്‍ ഉണ്ടൊ?. ദിവ്യാ‍... കേള്‍ക്കാമോ?. ...

മധൂ .... ഇപ്പോള്‍ യയാതിയുടെ രണ്ടു ഭാര്യയിലുമുള്ള മക്കളെ ആശ്രമത്തിലേക്കു
വിളിപ്പിച്ചിട്ടുണ്ട് അവര്‍ ശുക്രാചാര്യരുടെ സാന്നിധ്ദ്യത്തില്‍ അകത്തു ചര്‍ച്ച
നടത്തുകയാണ്.....മധൂ‍.......

നന്ദി വിദ്യാ ഞാന്‍ വീണ്ടും ബന്ധപ്പെടാം.

ശര്‍മ്മിഷ്ഠ പറയുന്നതു അവര്‍ അറിയാതെ ചെയ്തു എന്നാണ് . ഇതെത്ര മാത്രം
ശരിയാണ് അല്ലെങ്കില്‍ ഇതില്‍ എന്തു മാത്രം വാസ്തവം ഉണ്ട്. എന്നാണ്
ദേവയാനി കരുതുന്നതു.

അവളറിഞോണ്ട് തന്നെ. ഞാന്‍ അവളെ വഴക്കു പറഞു അവള്‍ എന്നെ
അടുത്തുള്ള പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. ഭാഗ്യത്തിനു യയാതി അതുവഴി വന്ന്
എന്നെ കൈ പിടിച്ചു കരയ്ക്കു കയറ്റി. ഇല്ലായിരുന്നേല്‍ ഞാനവിടെ കിടന്നു
ചത്തേനെ. തിരികെ ആശ്രമത്തിലെത്തിയ ഞാന്‍ അച്ചനോടു പരാതി പറഞ്ഞു.
അച്ചന്‍ ശര്‍മ്മിഷ്ഠ യുടെ അച്ചന്‍ വൃഷപര്‍വ്വാവിനോടു ചൂടായി . ഒടുവില്‍
അച്ചനെ തണുപ്പിക്കാനായി എനിക്കു എന്തു വേണമെങ്കിലും തരാമെന്നു പറഞ്ഞു.
ഞാനാരാ മോള്‍ അവളെന്നെ തള്ളിയിട്ട പക എന്റ്റെ മനസ്സില്‍ നിന്നു മായുമൊ
ഞാന്‍ പറഞ്ഞു 1000 ദാസി മാരോടൊപ്പം ശര്‍മ്മിഷ്ഠ എന്നെ ശുശ്രൂഷിക്കണം.
അങനെ അതു ഒത്തു തീര്‍പ്പായി. പക്ഷെ സംഗതി അവിടെ കൊണ്ടു തീര്‍ന്നില്ല.....

ക്ഷമിക്കണം ഇതേക്കുറിച്ചു പ്രതികരിക്കാനായി ശ്രീ നാരദര്‍ ടെലഫോണ്‍ ലയിനിലുണ്ട്
ശ്രീ നാരദര്‍ ന്യൂസവറിലേക്ക് സ്വാഗതം...

കൃഷ്ണ കൃഷ്ണാ..... സ്വാഗതം.

ഇന്നത്തെ സംഭവങള്‍ ഒക്കെ അറിഞിരിക്കുമല്ലോ....

അതെന്തരു ചോത്ത്യമെടേയ്.... നിന്റെ ഈ കുന്ത്രാണ്ടമൊക്കെ വരും മുന്‍പു ഞാനല്ല്യ്യൊടേയ് ന്യൂസ് സെന്റ്റ് റും ബ്യൂറോ യും ഒക്കെ. എന്നിട്ടാ എന്നോടാണൊ ഈ ചോദ്യം?. പിന്നെ കാര്യങളൊക്കെ ഞാനറിഞൂ. ഞാന്‍ ഇപ്പോള്‍ അവിടെയ്ക്കു വന്നോണ്ടിരിക്കയാന്ണ് , കാ‍ര്യങളൊക്കെ ശരിയാകുമെന്നു കരുതാം...

നന്ദി ശ്രീ നാരദന്‍ ദയവായി ലയിനില്‍ തുടരുക ഞാന്‍ തിരികെ വരാം....

ശര്‍മ്മിഷ്ഠ യൊടു ഇതെപ്പറ്റി കൂടുതല്‍ ചോദിക്കും മുന്‍പു ന്യൂസവറില്‍ ഇനി ഒരു ബ്രേക്ക്.

ബ്രേക്കിനു ശേഷം.. .........ശര്‍മ്മിഷ്ഠ മനസ്സു തുറക്കുന്നു........

- വീണ.

ഹേയ് .. ഞങള്‍ക്കുമുണ്ട് ഒരു ബിഗ് ബെന്‍

അത്ര കണിശ്ശക്കരനല്ലെങ്കിലും ഞങള്‍ക്കുമുണ്ട് ഒരു ബിഗ് ബെന്‍ .!
തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്‍പില്‍ പത്മതീര്‍ത്ഥക്കുളത്തിനു സമീപം മാളികയില്‍ അനേകം വര്‍ഷം പഴക്കമുള്ള ഒരു മുഴുത്ത മുത്തച്ഛന്‍ ക്ലോക്ക് , പേര് “മേത്തന്‍ മണി”.
മുസ്ലീമിന്റെ മുഖവും അതിനു വശത്തായി രണ്ടു മുട്ടനാടുകളും ക്ലോക്കിന്റെ ഡയലിനു മുകളിലായി ഉണ്ട്. അര മണിക്കൂര്‍ / ഒരു മണിക്കൂര്‍ ആകുമ്പോള്‍ രണ്ടു ആടുകളും വശങ്ങളിലേയ്ക്കു നീങ്ങും അപ്പോള്‍ മുഖം വായ തുറക്കും. അപ്പോഴെയ്ക്കും ആടുകള്‍ ചാടി വന്നു മുഖത്തിന്റെ രണ്ടു കവിളുകളിലുമായി ഇടിയ്ക്കും അപ്പോള്‍ മണി നാദം കേള്‍ക്കും. ഇതാണു ഞങളുടെ ബിഗ് ബെന്‍ അഥവാ മേത്തന്‍ മണി. ഇപ്പോഴത്തെ ‘കുക്കൂ’ ക്ലോക്ക് പോലും നാണിച്ചു പോകും. ഐസി യും ചിപ്പും ഒന്നും ഇല്ലാത്ത അക്കാലത്ത് വെറും പുള്ളിയും ചക്രവും ഒക്കെ കൂട്ടി യോജിപ്പിച്ച് പണിതതാണിത്. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഇതു സ്ഥാപിച്ചതെന്നു പറയുന്നു.
ഇതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ “ദി. ഹിന്ദു” വിന്റെ റിപ്പോര്‍ട്ടര്‍ ഭംഗിയായി ഇവിടെ കൊടുത്തിട്ടുണ്ട്.

തിരോന്തരവും മേത്തന്‍ മണിയും കണ്ടിട്ടില്ലാത്തവര്‍ക്കായി സി-ഡിറ്റു കാര്‍ അതു ഫ്ലാഷിലാക്കി ഇവിടെ ഇട്ടിട്ടുണ്ട്. ഡൌണ്‍ലോഡ് ചെയ്തു കണ്ടോളു.

ഇതിനു മുന്നിലെ റോഡിലാണ് പത്മനാഭസ്വമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാണ്ഡവരുടെ പ്രതിമ കെട്ടി നിര്‍ത്തുന്നതു.
അതോടൊപ്പം എന്നും വൈകുന്നേരം ക്ഷേത്രത്തിനു താഴെ (കൈപ്പട താഴെ) വേല കളിയും ഉണ്ടാവും. (വേലകളി - അമ്പലപ്പുഴക്കാരുടേതാണെന്നു സമ്മതിക്കുന്നു കേട്ടൊ. ഇനി അതേക്കേറി പിടിച്ചേക്കല്ലേ!!)


ഇതൊക്കെ ഞങ്ങളുടെ നമ്പരുകളില്‍ ചില ഞുറുക്കു പണികള്‍ മാത്രം.
ഇവരെന്തറിയുന്നു. അല്ലേ ചന്ദു ചേട്ടാ. ഇനിയും ഇനിയും പറഞാല്‍ തീരാത്ത എന്തെല്ലാം ...എന്തെല്ലാം......
ഹോ!! ഞങളുടെ തിരോന്തരത്തിനെ സമ്മതിക്കണം :)

--വീണ.

Friday, November 03, 2006

പോട്ടങ്ങള് തുറക്കട്ടേ?

ഞാന്‍ പോസ്റ്റ് ചെയ്ത രണ്ടു ചിത്രങ്ങളും കണ്ട് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി.
ഒരു കുസൃതിയ്ക്കു വേണ്ടി ചെയ്തതാനു കേട്ടോ?. ആ ചിത്രങള്‍ ഇതാണു. ഒന്നു സൂം ചെയ്തു നോക്കൂ !!!.- വീണ.

Thursday, November 02, 2006

അച്ചന്‍ പറഞ്ഞ കഥ.

അച്ചന്‍ ഒരിക്കല്‍ പറഞ്ഞു തന്ന ഒരു സംഭവം.
കഥയല്ല സത്യമയിട്ടും നടന്നതു തന്നെ. അച്ചന് അന്നു 8 - 9 വയസ്സു പ്രായം.
(1970-71 ല്‍) സ്കൂള്‍ അവധിയ്ക് അച്ചന്‍ ഠൌണില്‍ മുത്തശ്ശി (അച്ചന്റെ അമ്മയുടെ അമ്മ)
യുടെ വീട്ടില്‍ പോയി നില്‍ക്കാറുണ്ടത്രേ. അവിടെ ഒരു റേഡിയൊ ഉണ്ട്. പല്ലിളിച്ച് ഇടയ്ക്കിടയ്ക്കു
കണ്ണിറുക്കി കാണിക്കുന്ന റേഡിയോ!!!. അങ്ങനെയൊരു സാധനം കണ്ടിട്ടുണ്ടോ?
- പഴയ വാല്‍വ് റേഡിയൊ - മുന്നില്‍ ബാന്‍ഡ് മാറ്റാനുള്ള മൂന്നാല് വെളുത്ത
ബട്ടണ്‍ ഉണ്ടാവും അതാണത്രേ പല്ലിളിച്ചു കാട്ടണ പോലെ യും അതിന്റെ
മുന്നിലെ പച്ച നിറത്തില്‍ കത്തണ “മാജിക് ഐ വാല്‍വ് “ കണ്ണിറുക്കി കാട്ടണ
പോലെയും അച്ചനു തോന്നിയത് . കഷ്ടം.. ആ റേഡിയോ കാണാനുള്ള ഭാഗ്യം
എനിക്കുണ്ടായില്ല!!!.
മുത്തശ്ശിയുടെ വീട്ടില്‍ അച്ചന്റെ വല്യമ്മയും നാലു പെണ്‍മക്കളും ഉണ്ട്. മിക്ക
ദിവസവും സന്ധ്യയ്ക്കു റേഡിയോയില്‍ ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാന്‍ ആ
മാ‍മിമാര്‍ റേഡിയോയുടെ മുന്നില്‍ വന്നിരിക്കും.
ഒരിക്കല്‍ മുത്തശ്ശി കുളിച്ചു കുറിയൊക്കെയിട്ട് സന്ധ്യാ ദീപം കത്തിക്കാനായി
വന്നപ്പോള്‍ മാമിമാര്‍ പാട്ടില്‍ ലയിച്ചിരിക്കുന്നു.
പാട്ടാണെങ്കിലോ “ഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര........”
ഫ............!!!!. പോയിനെടീ കേറിയകത്ത്. ... നാമം ജപിക്കേണ്ട നേരത്ത്
അവളുമാരുടെ ഒരു പാട്ടും കൂത്തും.....”
അവരൊക്കെ കല്ല്യാണം കഴിഞ്ഞു പോകും വരെ ചലച്ചിത്ര ഗാനം എന്ന സംഗതി
അവിടത്തെ റേഡിയോയില്‍ അവര്‍ കേട്ടിട്ടില്ലത്രെ!!.
അച്ചനിതു പറഞപ്പോള്‍ ഞാനോര്‍ത്തത് ഇപ്പോള്‍ മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍
അവിടുത്തെ ടി. വി. യുടെ ഗതി എന്താവുമെന്നാണ്?!!
- വീണ.

Wednesday, November 01, 2006

വഴി തെറ്റിയ മന്ത്രി!

പുട്ടും പയറും പപ്പടവും ഇടിച്ചു യോജിപ്പിച്ചു ബസ് വരും മുന്‍പേ
എങ്ങനെയെങ്കിലും ഒന്നകത്താക്കി പോകാന്‍ ധൃതി വയ്ക്കുമ്പൊഴാണ് ചെറുക്കന്റെ
(എന്റെ അനിയന്‍ - അപ്പൂസ്) ഒരു ക്വസ്റ്റ്യന്‍ .
അപ്പഴേ വീണേച്ചി ആക് ച്വലി എന്താ സംഭവിച്ചെ?.
എന്തു സംഭവിക്കാന്‍ ? പുട്ടു പൊടിച്ചു, പപ്പടവും പയറും കൂട്ടി കുഴച്ചു. എന്തേ?.
ച്ചേയ് അതല്ല. ഇന്നലേയ് പ്രധാന മന്ത്രി വന്നപ്പം... ഞാന്‍ വാര്‍ത്ത മുഴുവന്‍
കേട്ടില്ല.
അതാണു കുഴപ്പം നീ കേള്‍ക്കേണ്ടതു നേരെ ചൊവ്വേ കേള്‍ക്കില്ല.. അതെങ്ങനെ
നിനക്കു പരസ്യം മതിയല്ലോ?. പോ...പോ‍.. പോയി പേപ്പര്‍ നോക്കി മനസ്സിലാക്ക്
(സത്യത്തില്‍ മുഴുവനായി ഞാനും കേട്ടില്ല. മാത്രവുമല്ല കേട്ടതു ചെറുക്കനോടു
പറയാനും കൊള്ളില്ല അതു കൊണ്ട് ചെറുക്കനെ വെരട്ടി!! എങനെയുണ്ടെന്റെ
പുത്തീ.....?).

‘പ്രധാനമന്ത്രിയെ വഴി തെറ്റിച്ചു’ എന്നു കേട്ടപ്പം ഞാനൊന്നു ഞെട്ടി!. മാനം
മര്യാദയ്ക്കു കഴിയുന്ന ആളാണ് നമ്മുടെ സര്‍ദാര്‍ജി. അദ്ദേഹത്തെ കേരളത്തില്‍
കൊണ്ടുവന്നു വഴി തെറ്റിച്ചൊ?. (ഒന്നാമതു കേരളത്തില്‍ പീഡ്ഡനത്തിന്റെയും
വാണിഭത്തിന്റെയും കാലം. വല്ല ക്ലിന്റനങ്കിളുമാണേല്‍ പോട്ടേന്നു വയ്ക്കാം.
അങ്ങേരു ആളത്ര ശരിയല്ലല്ലോ!.) എന്നാലും കേരളക്കരുടെ ഓരൊ പണിയേ..
പിന്നെയാണു മനസ്സിലാ‍യതു അദ്ദേഹത്തിനെ ‘വഴിതെറ്റിച്ചതല്ല‘ ഞങ്ങടെ
തിരോന്തരത്തെ ഡ്രൈവര്‍ ചേട്ടന് വഴി തെറ്റിയതാണെന്ന്. വെറുതെ മനുഷ്യന്
കണ്‍ഫ്യൂഷ്യനുണ്ടാക്കി.
ഞങ്ങള്‍ക്കും നല്ല കാലം വരാന്‍ പോണു. അറിഞ്ഞില്ലേ എയര്‍ പോര്‍ട്ടില്‍
പുതിയ ടെര്‍മിനല്‍ , വിമാനം നന്നാക്കാന്‍ ഹാങ്കര്‍ . ഹോ.. അങനെയിപ്പം
കൊച്ചി ക്കാരു മാത്രം സുഖിക്കേണ്ട. ഇനി ഞങടെ വിഴിഞ്ഞം പോര്‍ട്ട്
കൂടെയൊന്ന് ശരിയാക്കിത്തരണെ എന്റെ ആറ്റുകാലമ്മേ. എന്നിട്ടു വേണം
ഞങള്‍ക്കൊന്നു ഞെളിയാന്‍ ...!
- വീണ

പറയാമോ?
ഈ രണ്ടു ചിത്രങളും എന്താണെന്നു പറയാമോ?. (കഴിയുമെങ്കില്‍ നല്ല അടിക്കുറിപ്പുകള്‍ കൂടെ ഇടണേ!).
ഉത്തരങ്ങള്‍ ഞാന്‍ അടുത്ത് പോസ്റ്റിലിടാം.
- വീണ.